കാസര്‍കോട്: കൊലപാതകങ്ങള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ഗള്‍ഫില്‍ ഒളിവില്‍ കഴിയുന്ന കയ്യാര്‍ അട്ടഗോളി കോളഞ്ച ഹൗസിലെ മുഹമ്മദ് റഫീഖ് എന്ന നപ്പട്ട റഫീഖി(32)നെതിരെ ഇന്റര്പ്പോള് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഇതുപ്രകാരം പ്രതിയെ ഏത് രാജ്യത്തെ പൊലീസിനും എവിടെ വെച്ചും അറസ്റ്റ് ചെയ്യാം. കാസര്‍കോട് പൊലീസിന്റെ അപേക്ഷ പ്രകാരം റഫീഖിനെതിരെ ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, മോഷണം, പിടിച്ചുപറി അടക്കം കേരളത്തിലും കര്‍ണാടകത്തിലും നിരവധി കേസുകളില്‍ പ്രതിയായ റഫീഖ് ഈയിടെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായ സിയയുടെ കൂട്ടാളിയാണെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടത്തി വിദേശത്തേക്ക് രക്ഷപ്പെട്ട വിവിധ കേസുകളില്‍ പെട്ട മറ്റു പ്രതികള്‍ക്കെതിരേയും റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണെന്ന് കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന് നായര്‍ അറിയിച്ചു.