കോഴിക്കോട്: ഓണ്‍ലൈന്‍ ക്ലാസിനായി ഫോണ്‍ വാങ്ങാന്‍ പലിശരഹിത വായ്പാ പദ്ധതിയുമായി സഹകരണ വകുപ്പ്. ഒരാള്‍ക്ക് 10,000 രൂപ വരെയാണ് പലിശരിഹത വായ്പ അനുവദിക്കുക. സഹകരണ സംഘം രജിസ്ട്രാര്‍ ആയ പി ബി നൂഹ് ഐ.എ.എസ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കി.
രണ്ട് വര്‍ഷമാണ് തിരിച്ചടവിന്റെ കാലാവധി. 24 മാസത്തെ തുല്യ ഗഡുക്കളായി തുക തിരിച്ചടക്കണം. ഒരു സഹകരണ സ്ഥാപനത്തിന് ഇത്തരത്തില്‍ അഞ്ച് ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കാം. ജൂണ്‍ 25 മുതല്‍ ജൂലൈ 31 വരെയാണ് വായ്പ അനുവദിക്കുക. സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ അധികാരികളുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് വായ്പ നല്‍കുക.
വായ്പ ലഭിച്ചവര്‍ വിദ്യാര്‍ഥിയോ രക്ഷിതാവോ വാങ്ങിയ മൊബൈല്‍ ഫോണിന്റെ ബില്ല് ഹാജരാക്കണം. വായ്പാ കാലാവധിയായ 24 മാസത്തിനകം തിരിച്ചടക്കാത്തവര്‍ അവശേഷിച്ച തുകയുടെ എട്ട് ശതമാനം പലിശ അടക്കേണ്ടിവരും. സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സംവിധാനമില്ലാതെ നിരവധി വിദ്യാര്‍ത്ഥികള്‍ ക്ലാസിന് പുറത്തിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി അവതരിപ്പിക്കുന്നത്.