ന്യൂഡല്‍ഹി: പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര പ്ലാറ്റ്ഫോമായ ആമസോണിനെതിരെ രാജ്യത്തെ മൊബൈല്‍ റീടെയ്ലര്മാര് രംഗത്ത്. ആമസോണിന്റെ കച്ചവട രീതികളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടാണ് മൊബൈല്‍ റീടെയ്ലര്മാര് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് മൊബൈല്‍ റീടെയ്ലേഴ്സ് അസോസിയേഷന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു. ഓണ്‍ലൈന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണനത്തില്‍ പ്രതിദിന നിയന്ത്രണം വേണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ആമസോണിന്റെ രാജ്യത്തെ മുഴുവന്‍ പ്രവര്‍ത്തനവും അന്വേഷണത്തിന്റെ ഭാഗമായി വിലക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
അതേസമയം തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഏതെങ്കിലും സെല്ലറിന് പ്രത്യേക പരിഗണന നല്‍കുന്നില്ലെന്നാണ് ആമസോണിന്റെ നിലപാട്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല. ഓണ്‍ലൈന്‍ വഴി ഒരു സെല്ലര്‍ക്ക് പ്രതിദിനം നടത്താവുന്ന വില്‍പ്പന പരമാവധി അഞ്ചു ലക്ഷം രൂപയാക്കി നിജപ്പെടുത്തണമെന്നാണ് റീടെയ്ല്‍ കടയുടമകള്‍ ആവശ്യപ്പെടുന്നത്.