കാസര്‍കോട്: അടുത്ത കാലത്തായി ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നേരെ അക്രമങ്ങള്‍ അതികരിച്ച് വരുന്ന സാഹചര്യത്തില്‍ ഐ.എം.എ ദേശീയ വ്യാപകമായി നാളെ നടത്തുന്ന പ്രതിഷേധ ദിനം വിജയിപ്പിക്കുമെന്ന് ഐ.എം.എ ജില്ലാ ചെയര്മാന് ഡോ. സുരേഷ് ബാബു, കണ്‍വീനര്‍ ഡോ. ദീപിക കിഷോര്‍, കാസര്‍കോട് ബ്രാഞ്ച് പ്രസിഡണ്ട് ഡോ. നാരായണ നായക്, കാഞ്ഞങ്ങാട് ബ്രാഞ്ച് പ്രസിഡണ്ട് ഡോ. മണികണ്ഠന് നമ്പ്യാര്‍, ഉപ്പള ഘടകം സെക്രട്ടറി ഡോ. മഹേഷ് എന്നിവര്‍ അറിയിച്ചു. കോവിഡ് മഹാമാരിക്കിടെ രോഗി പരിചരണത്തില്‍ വ്യാപൃതരായ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന തരത്തിലാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്. അസാമിലും കര്‍ണ്ണാടകയിലും തമിഴ്നാട്ടിലുമൊക്കെ ഡോക്ടര്‍മാരെ തല്ലിച്ചതക്കുന്ന കാഴ്ചയാണ്. സമീപകാലത്ത് കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. മാവേലിക്കര ആസ്പത്രിയില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടറുടെ കരണത്തടിച്ച നീതിപാലകനെ അറസ്റ്റ് ചെയ്യാന്‍ പോലും മടി കാണിക്കുന്ന അവസ്ഥയാണുള്ളതെന്നും ഈ സാഹചര്യത്തിലാണ് ആസ്പത്രികള്‍ സുരക്ഷിത മേഖലകളാവണമെന്ന മുദ്രാവാക്യത്തോടെ പ്രതിഷേധത്തിന് ഇറങ്ങുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി നാളെ ജില്ലയില്‍ ഡോക്ടര്‍മാരും ജീവനക്കാരും പ്രതിഷേധ ദിനം ആചരിക്കുമെന്നും കോവിഡ് കാലഘട്ടമായതിനാല്‍ ആസ്പത്രികളുടെ പ്രവര്‍ത്തനം സാധാരണ പോലെ നടക്കുമെന്നും ഐ.എം.എ ഭാരവാഹികള്‍ അറിയിച്ചു.