കോഴിക്കോട്: നിലവിലെ കമ്മിറ്റിയ പിരിച്ചുവിട്ട് ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ച ലീഗ് നിലപാടിനെ എതിര്‍ത്ത് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയും ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്നിയും രംഗത്ത്. പുതിയ കമ്മിറ്റി പ്രഖ്യാപിച്ച രീതിയില്‍ അതൃപ്തിയുണ്ടെന്ന് ഫാത്തിമ തഹ്ലിയ പറഞ്ഞു. ഏകപക്ഷീയമായാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചതെന്നും ഇന്നുവരെ കേള്‍ക്കാത്തവരാണ് ഇപ്പോള്‍ നേതൃത്വത്തില്‍ വന്നിരിക്കുന്നതെന്നും മുഫീദ പറഞ്ഞു. ലീഗ് നേതൃത്വം പിരിച്ചുവിട്ട സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു മുഫീദ തസ്നി.
നിലവിലെ കമ്മിറ്റി പിരിച്ചുവിട്ടതിലും വ്യത്യസ്ത അഭിപ്രായമുണ്ട്. പുതിയ കമ്മിറ്റിയിലെ ഭാരവാഹികളോടല്ല എതിര്‍പ്പുള്ളത്. കമ്മിറ്റിയെ പ്രഖ്യാപിച്ച രീതിയോടാണെന്നും ഇത് പാര്‍ട്ടി വേദിയില്‍ പറയുമെന്നും തഹ്ലിയ പറഞ്ഞു. അതേസമയം പുതിയ കമ്മിറ്റി പ്രഖ്യാപിച്ചത് മുസ്ലിം ലീഗ് നേതൃത്വമാണെന്നും ആലോചിക്കേണ്ടവരോടെല്ലാം ആലോചിച്ചാണ് കമ്മിറ്റി പ്രഖ്യാപിച്ചതെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റിയോട് ആലോചിക്കണമോ എന്നറിയില്ലെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് പറഞ്ഞു.
വൈകിട്ടോടെയാണ് ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റിയെ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഖ്യാപിച്ചത്. പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്ന ആയിശ ബാനുവാണ് പുതിയ പ്രസിഡന്റ്. റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമാണ്. പിരിച്ചുവിട്ട കമ്മിറ്റിയില്‍ പരാതിക്കാരോടൊപ്പം നില്‍ക്കാത്തവരാണ് പുതിയ കമ്മിറ്റിയിലെ പ്രസിഡന്റും സെക്രട്ടറിയും.