ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. രാജ്യം കോവിഡിനോട് പോരാടുമ്പോള്‍ സര്‍ക്കാര്‍ ട്വിറ്ററിന്റെ ബ്ലു ടിക്കിന് വേണ്ടി പോരാടുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മോദി സര്‍ക്കാര്‍ ബ്ലു ടിക്കിനായുള്ള പോരാട്ടത്തിലായതിനാല്‍ വാക്സിന് ആവശ്യമുള്ളവര്‍ ആത്മനിര്‍ഭര്‍ അഥവാ സ്വയം പര്യാപ്തരാവേണ്ടി വരും. അദ്ദേഹം പരിഹസിച്ചു.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് തുടങ്ങിയവരുടെ ട്വിറ്റര്‍ ഹാന്‍ഡിലിലെ വെരിഫിക്കേഷന് ബാഡ്ജ് കഴിഞ്ഞ ദിവസം ട്വിറ്റര്‍ എടുത്തുകളഞ്ഞിരുന്നു. ബ്ലു ടിക്ക് പോയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ സംഘപരിവാര്‍ അനുകൂലികളും നേതാക്കളുമടക്കം വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. പിന്നീട് നായിഡുവിന്റെ ബ്ലൂ ടിക്ക് ട്വിറ്റര്‍ പുനഃസ്ഥാപിച്ചു. ആക്ടിവല്ലാത്തതിനാലാണ് ബ്ലു ടിക്ക് ഒഴിവാക്കിയതെന്നായിരുന്നു ട്വിറ്ററിന്റ വിശദീകരണം.