ബീജിങ്: വാതക പൈപ്പ് പൊട്ടിത്തെറിച്ച് 12 പേര് കൊല്ലപ്പെട്ടു. മധ്യ ചൈനയില്‍ ഹുബെ പ്രവിശ്യയിലെ ഷിയാന്‍ നഗരത്തിലാണ് വന്‍ സ്ഫോടനത്തോടെ പൈപ്പ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ 138 പേര്‍ക്ക് പരിക്കേറ്റതായും ദേശീയ മാധ്യമമായ സി.സി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരില്‍ 37 പേരുടെ നില ഗുരുതരമാണ്.
ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 6.30 മണിയോടെയാണ് അപകടം. സ്ഫോടനത്തില്‍ ഇവിടത്തെ മാര്‍ക്കറ്റ് കെട്ടിടം തകര്‍ന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തെത്തുടര്‍ന്ന് 150ലധികം പേരെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു. സംഭവസമയം ഇവിടെ പ്രഭാതഭക്ഷണവും പലചരക്ക് സാധനങ്ങളും വാങ്ങുകയായിരുന്ന ആളുകളാണ് ദുരന്തത്തില്‍ പെട്ടത്.
നിരവധി പേര് കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് മുനിസിപ്പല്‍ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇവരെയെല്ലാം രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. പലരുടെയും നില ഗുരുതരമായതിനാല്‍ പ്രദേശത്തുള്ളവരോട് അടിയന്തരമായി രക്തം ദാനം ചെയ്യാന്‍ ഷിയാനിലെ ആശുപത്രികള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. അപകട കാരണം അന്വേഷിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.