കാഞ്ഞങ്ങാട്: പ്ലാസ്റ്റിക് ചരട് കാലുകളില്‍ കുടുങ്ങി മരത്തില്‍ തൂങ്ങി ജീവനു വേണ്ടി പിടഞ്ഞ മൈനയ്ക്ക് രക്ഷകരായി അഗ്നിശമനസേന. ഞായറാഴ്ച രാവിലെ കോട്ടച്ചേരിയിലെ പഴയ അരിമല ആസ്പത്രിക്ക് സമീപത്തെ മരക്കൊമ്പിലാണ് കാലില്‍ ചരട് കുടുങ്ങിയ മൈന തൂങ്ങിക്കിടന്നത്. സമീപത്തുനിന്ന് കാക്കകളും മറ്റു പക്ഷികളും കൂട്ടം കൂടി കരയുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു കൂട്ടം യുവാക്കളാണ് സംഭവം കണ്ടത്. ഉണങ്ങിയ മരചില്ലയില്‍ ഒരു മൈന തലകീഴായി ആടി ഉലയുന്നതാണ് അവര്‍ കണ്ടത്. രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. ഇതോടെ അഗ്നിരക്ഷാസേനയുടെ സഹായംതേടുകയായിരുന്നു.
നിമിഷങ്ങള്‍ക്കകം അഗ്നിശമന സേന സ്ഥലത്തെത്തി. ഏണി വെച്ച് ഇതിനെ രക്ഷപ്പെടുത്തിയപ്പോഴാണ് കാലില്‍ പ്ലാസ്റ്റിക്ക് കയര്‍ കുരുക്കായതായി മനസ്സിലായത്. അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്ക് ചരടാണ് കുടുങ്ങിയത്. ഇര തേടുന്നതിനിടെയിലാണ് ചരട് കുടുങ്ങിയതെന്ന് കരുതുന്നു. ഇതറിയാതെ ചരടുമായി മരച്ചില്ലയില്‍ പറന്നിരുന്നു.
പിന്നീട് പറന്നുയരാന്‍ നേരത്താണ് ചില്ലയില്‍ കാല് കുരുങ്ങി തലകീഴായി ജീവനു വേണ്ടി പിടഞ്ഞഞത്. രക്ഷപ്പെടുത്തിയ മൈനയുടെ കാലില്‍ നിന്നും ചരടുകള്‍ അറുത്തുമാറ്റിയ ശേഷം വൈദ്യസഹായം നല്കി. ഫയര്മാന് ഡ്രൈവര്‍ കെ.ടി ചന്ദ്രന്, ഫയര്മാന്മാരായ സണ്ണി ഇമ്മാനുവല്‍, കെ.കൃഷ്ണരാജ്, വിശാല്‍ എന്നിവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
Fireforce rescued trapped Common myna