സുഡാനിലേക്കും സഹായഹസ്തം നീളണം

ലോകം ഉടന്‍ തന്നെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. രാജ്യങ്ങളും ദാതാക്കളും ആവശ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കണം. സഹായ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായ പ്രവേശനവും സാധനസൗകര്യവും നല്‍കണം. ആക്രമണങ്ങള്‍ നിര്‍ത്താന്‍ സമ്മര്‍ദ്ദപ്പെടുത്തണം.

ഒരു അമ്മ, തന്റെ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തുകൊണ്ട് രാത്രിയുടെ ഇരുട്ടിലൂടെ ഓടുന്നു. പിന്നില്‍ തോക്കിന്‍ ശബ്ദം, മുകളില്‍ ഡ്രോണ്‍ ആക്രമണം. മുന്നില്‍ അറിയാത്ത മരുഭൂമി. വെള്ളമില്ല, ഭക്ഷണമില്ല, അഭയമില്ല. ഇത് വെറും സങ്കല്‍പ്പമല്ല. ഇന്ന് സുഡാനിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ദൈനംദിന ജീവിത യാഥാര്‍ത്ഥ്യമാണ്.

മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന സുഡാനിലെ ഈ രക്തയുദ്ധം മനുഷ്യരാശിയുടെ മനുഷ്യത്വത്തോടുള്ള വെല്ലുവിളിയായി മാറിയിരിക്കുകയാണ്. എല്‍-ഫാഷര്‍ ഉള്‍പ്പെടെ ദാര്‍ഫറിലെ അനേകം പട്ടണങ്ങള്‍ സംഘര്‍ഷങ്ങളാല്‍ വളഞ്ഞിരിക്കുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ ആക്രമിക്കുന്നു. അവിടെ കഴിയുന്നവരെ ആക്രമണവും പട്ടിണിയും പകര്‍ച്ചവ്യാധികളും കൊന്ന് തീര്‍ക്കുന്നു. മനുഷ്യ ജീവനുകള്‍ നാമമാത്രായി ചുരുങ്ങുന്നു.

ഈ യുദ്ധത്തിന്റെ ഏറ്റവും ക്രൂരമുഖം സ്ത്രീകളും കുട്ടികളുമാണ് അനുഭവിക്കുന്നത്. ലൈംഗികപീഡനം, അപമാനം, ബലാത്സംഗം തുടങ്ങി ക്രൂരതയുടെ എല്ലാം ഭാവവും അവരെ വികൃതമാക്കി കൊണ്ടിരിക്കുന്നു. പെണ്‍കുട്ടികളെ പകല്‍ ബലമായി വേല ചെയ്യിക്കുകയും രാത്രിയില്‍ അതിക്രമിക്കപ്പെടുകയും ചെയ്യുന്നു. ചിലര്‍ ബലാത്സംഗത്തിലൂടെ ഗര്‍ഭിണികളാകുകയും അവരില്‍ പലരും തങ്ങളുടെ കുഞ്ഞുങ്ങളെ പരിപാലിക്കാനാവാതെ നിസ്സഹായരാവുന്നു. ഉത്തര ദാര്‍ഫറിലെ ടാവിലയില്‍ സ്ഥിതി ചെയ്യുന്ന ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് നടത്തുന്ന ചെറിയ ഒരു ക്ലിനിക്കാണ് ലൈംഗികപീഡനത്തില്‍ നിന്ന് രക്ഷപ്പെട്ട അനേകം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ലഭ്യമായ ഏക ആശ്രയം. പക്ഷെ, ഈ ക്ലിനിക്കിലേക്ക് എത്താന്‍ ജീവന്‍ പണയപ്പെടുത്തേണ്ട അവസ്ഥയിലാണ്. വഴിയൊരുക്കുന്ന പ്രദേശങ്ങള്‍ മുഴുവനും ആയുധധാരികളായ അക്രമസംഘങ്ങളുടെ നിയന്ത്രണത്തിലാണ്. മുമ്പ് കുറ്റങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമമെങ്കിലും അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ ചെയ്യുന്ന പീഡനങ്ങള്‍ മറച്ചുവെക്കാനുള്ള ഭയം പോലും അക്രമികള്‍ക്കില്ലാതായി. അവര്‍ പരസ്യമായി തന്നെ കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടത്തുന്നു.

അത്തരം സാഹചര്യത്തില്‍, ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീകള്‍ക്ക് ചികിത്സ തേടാനും അവരുടെ വേദന പങ്കുവെക്കാനും സുരക്ഷിതമായ ഇടമില്ലാതായി. ടാവിലയിലെ ആ ഒറ്റ ക്ലിനിക്ക് അവരുടെ അവസാന പ്രതീക്ഷയായിരിക്കുമ്പോഴും അതിലേക്ക് എത്താനുളള യാത്ര തന്നെ പലര്‍ക്കും ജീവന്‍ നഷ്ടപ്പെടുത്തുന്ന ദൗത്യമായി മാറിയിരിക്കുന്നു.

ആണ്‍കുട്ടികളും ഈ സംഘര്‍ഷത്തില്‍ ഇരകളായിത്തീരുകയാണ്. അക്രമസംഘങ്ങള്‍ ബാല്യത്തിന്റെ സ്വപ്‌നങ്ങള്‍ തകര്‍ത്ത് അവരെ യുദ്ധത്തിന്റെ ഭാഗങ്ങളാക്കി മാറ്റുകയാണ്. പലരെയും ബലമായി സൈന്യത്തിലേക്ക് ചേര്‍ക്കുകയും ആയുധം എടുക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു. അവരെ ക്രൂരമായി തങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി യുദ്ധത്തിന്റെ ഉപകരണങ്ങളായി ഉപയോഗിക്കപ്പെടുത്തുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ പത്ത് ദിവസത്തിനിടെ മൂന്നു ട്രക്കുകള്‍ നിറയെ കുട്ടികളെ ദക്ഷിണ ദാര്‍ഫറിലെ ന്യാലയിലേക്കു കൊണ്ടുപോകുന്നത് കണ്ടതായി പറയുന്നു. ഈ കുട്ടികള്‍ ആരാണ്, എവിടേക്ക് കൊണ്ടുപോകപ്പെടുന്നത്, എന്താണ് അവരുടെ ഭാവി ഇതെല്ലാം അനിശ്ചിതത്വത്തിലാണ്. അക്രമസംഘങ്ങള്‍ അവരുടെ ബാല്യം, വിദ്യാഭ്യാസം, സ്വാതന്ത്ര്യം എല്ലാം കവര്‍ന്നുകൊണ്ട് അവരെ യുദ്ധത്തിന്റെ യന്ത്രങ്ങളാക്കി മാറ്റുകയാണ്. അതോടൊപ്പം തന്നെ കൂട്ടത്തോടെ അനേകം കുടുംബങ്ങളും അപ്രത്യക്ഷമാകുന്നു. വീടുകളില്‍ നിന്ന് രക്ഷപ്പെടാനായി ഓടിപ്പോകുന്നവരില്‍ പലരും തിരികെ എത്തുന്നില്ല. ചിലര്‍ തട്ടിക്കൊണ്ടുപോകപ്പെടുകയും ചിലര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യങ്ങള്‍ ദാര്‍ഫറിലും സുഡാനിലുമുള്ള മനുഷ്യാവസ്ഥയുടെ ഭീകരതയെ വെളിവാക്കുന്നു.

ഇപ്പോള്‍ ഈ അക്രമത്തിന് വര്‍ഗീയതയുടെ നിറവും ചേര്‍ന്നിരിക്കുന്നു. 'എന്റെ ചര്‍മ്മനിറം കണ്ടാല്‍ ഞാന്‍ ഏത് ഗോത്രത്തില്‍ നിന്നാണെന്ന് അവര്‍ തിരിച്ചറിയും; പിന്നെ അവര്‍ എന്നെ കൊല്ലും,' എന്നതാണ് ഒരു അഭയാര്‍ത്ഥിയുടെ വാക്കുകള്‍.

സുഡാന്‍ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കല്‍ ദുരന്തത്തിന്റെ കേന്ദ്രമാണ്. 3 കോടിയിലേറെ ആളുകള്‍ക്ക് അടിയന്തര സഹായം ആവശ്യമായിരുന്നു. 1.5 കോടി പേര്‍ വീടും നാടും വിട്ട് അഭയാര്‍ത്ഥികളായി. പട്ടിണിയും കോളറയും അതിവേഗം പടരുന്നു. ആസ്പത്രികള്‍ തകര്‍ന്നു. സ്‌കൂളുകള്‍ അടഞ്ഞു. 13 ദശലക്ഷം കുട്ടികള്‍ക്ക് വിദ്യാഭ്യാസാവകാശം നിഷേധിക്കപ്പെട്ടു. അവരുടെ ഭാവി ഓരോ ദിവസവും ഇരുട്ടിലേക്കാണ് നീങ്ങുന്നത്.

എന്നിരുന്നാലും ഈ കുഴപ്പത്തിനിടയിലും പ്രതീക്ഷ പൂര്‍ണ്ണമായും അണഞ്ഞിട്ടില്ല. സുഡാനിലെ സ്ത്രീസംഘടനകള്‍ മുന്നണിയില്‍ നിന്നുകൊണ്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. അവര്‍ അഭയകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു. അതിക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ സംരക്ഷിക്കുന്നു. കുട്ടികള്‍ക്ക് വിദ്യാഭ്യാസം തുടരാന്‍ സഹായിക്കുന്നു. ഈ സ്ത്രീകള്‍ മനുഷ്യരാശിയുടെ അവസാന കരുത്താണ്. അവരുടെ ധൈര്യം ലോകം കാണേണ്ടതും പിന്തുണക്കേണ്ടതുമാണ്. എന്നാല്‍ ദുരിതാശ്വാസ പദ്ധതികള്‍ക്ക് വേണ്ട ധനസഹായം അത്യന്തം കുറവാണ്. ആവശ്യമായി വരുന്ന പണത്തിന്റെ നാലിലൊന്ന് മാത്രമേ ലഭിക്കുന്നുള്ളൂ. ഈ അവസ്ഥ തുടരുകയാണെങ്കില്‍ ലക്ഷകണക്കിന് ആളുകള്‍ പട്ടിണിയിലും രോഗത്തിലുമായി മരിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ട സംരക്ഷണവും മാനസികസഹായവും നല്‍കല്‍ ലോകജനതയുടെ ഉത്തരവാദിത്തമാണ്. ലോകം മിണ്ടാതിരിക്കുമ്പോള്‍ ഓരോ ദിവസവും നൂറുകണക്കിന് ജീവിതങ്ങള്‍ ഇല്ലാതാകുന്നു. യുദ്ധക്കുറ്റങ്ങള്‍, വര്‍ഗീയ കൊലപാതകങ്ങള്‍, ലൈംഗിക അതിക്രമങ്ങള്‍ എന്നിവക്കെതിരെ അന്താരാഷ്ട്ര അന്വേഷണം അനിവാര്യമാണ്. മൗനം നിഷ്പക്ഷതയല്ല മൗനം കുറ്റക്കാരന് സമ്മാനിക്കുന്ന അനുമതിപത്രമാണ്.

ലോകം ഉടന്‍ തന്നെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. രാജ്യങ്ങളും ദാതാക്കളും ആവശ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കണം. സഹായപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായ പ്രവേശനവും സാധനസൗകര്യവും നല്‍കണം. ആക്രമണങ്ങള്‍ നിര്‍ത്താന്‍ സമ്മര്‍ദ്ദപ്പെടുത്തണം.

സുഡാനില്‍ ജീവന്‍ രക്ഷിക്കാന്‍ മനുഷ്യര്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തുന്നു. അവരുടെ ധൈര്യത്തോട് പൊരുത്തപ്പെടുന്ന വിധത്തില്‍ ലോകവും പ്രതികരിക്കണം. വാക്കുകള്‍ കൊണ്ടല്ല പ്രവൃത്തികളിലൂടെ. എല്ലാം സഹിച്ചിട്ടും അവിടെ ഇപ്പോഴും ചില സ്ത്രീകള്‍ കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ച് മുന്നോട്ട് നടക്കുന്നു. അവര്‍ തന്നെയാണ് സുഡാനിന്റെ പ്രതീക്ഷയും ഭാവിയും. അവരുടെ കൈകളില്‍ നിന്നാണ് സമാധാനത്തിന്റെ വിത്തുകള്‍ വീണ്ടും മുളപ്പാന്‍ പോകുന്നതും.

Related Articles
Next Story
Share it