ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളും കേന്ദ്രസര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ച സമവായമായില്ല. കാര്‍ഷിക നിയമം പൂര്‍ണമായും പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകരും പിന്‍വലിക്കാനാകില്ലെന്ന നിലപാടില്‍ കേന്ദ്ര സര്‍ക്കാരും ഉറച്ചുനിന്നു. നിയമം പിന്‍വലിക്കല്‍ ഒഴികെയുള്ള മറ്റും ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ കര്‍ഷക സംഘടനകളെ അറിയിച്ചു. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമറും പിയുഷ് ഗോയലുമാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളായി കര്‍ഷക സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തിയത്.
താങ്ങുവില പിന്‍വലിക്കില്ല എന്ന ഉറപ്പ് നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും നിയമം പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സംഘടനകള്‍ വ്യക്തമാക്കി. കാര്‍ഷിക നിയമങ്ങളെക്കുറിച്ച് കര്‍ഷകര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ഒരു സമിതിയെ രൂപീകരിക്കാമെന്നും സര്‍ക്കാര്‍ കര്‍ഷകരെ അറിയിച്ചു. സമരത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ചര്‍ച്ചയില്‍ കര്‍ഷകര്‍ ആവശ്യപ്പെട്ടു.
41 കര്‍ഷക സംഘടനകളുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഡിസംബര്‍ എട്ടിന് ശേഷം മുടങ്ങിയ ചര്‍ച്ച 22 ദിവസത്തിന് ശേഷമാണ് വീണ്ടും നടന്നത്. ഇത് ആറാം തവണയാണ് ചര്‍ച്ച നടന്നത്. നിയമം പിന്‍വലിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ കടുംപിടുത്തം തുടര്‍ന്നാല്‍ റിപബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ തടസ്സപ്പെടുത്തുന്ന സമരത്തിലേക്ക് വരെ നീങ്ങുമെന്ന മുന്നറിയിപ്പാണ് കര്‍ഷക സംഘടനകള്‍ നല്‍കുന്നത്.