എം.ഡി.എം.എയില്‍ മയങ്ങുന്ന കേരളം

കേരളം ഇപ്പോള്‍ എം.ഡി.എം.എക്ക് അടിമപ്പെടുകയാണ്. ഇന്ത്യയിലെ ശാന്തിയും സാക്ഷരതയും നിറഞ്ഞ പറുദീസയായി പണ്ടേ ആഘോഷിക്കപ്പെട്ടിരുന്ന കേരളം ഇപ്പോള്‍ മയക്കുമരുന്ന് വിപണനം വര്‍ധിച്ചതിനാല്‍ അക്രമങ്ങളും അരക്ഷിതാവസ്ഥയും നിറഞ്ഞ സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്നു. ഒരിക്കല്‍ ഇന്ത്യയുടെ മയക്കുമരുന്ന് പ്രഭവകേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന പഞ്ചാബിനെ പോലും കേരളം മറികടന്നിരിക്കുന്നു.
2024ല്‍, നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോ ട്രോപിക് സബ്സ്റ്റന്‍സസ് (എന്‍.ഡി.പി.എസ്) നിയമപ്രകാരം കേരളത്തില്‍ 27,701 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2025ല്‍ സംഖ്യ പിന്നെയും കൂടിയിരിക്കുകയാണ്.
പഞ്ചാബിലെ 9,025 കേസുകളേക്കാള്‍ മൂന്നിരട്ടിയിലധികം. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കേരളത്തില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട 87,101 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തെ കാലയളവിലെ 37,228 കേസുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 130% ത്തിലധികം വര്‍ധനവാണ് ഇതെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. ഈ കണക്കുകള്‍ കേരളത്തിലെ ശക്തമാക്കിയ നിയമപാലനത്തെയും ജാഗ്രതയുള്ള പൊലീസ് സംവിധാനത്തെയും ഭാഗികമായി പ്രതിഫലിപ്പിക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ ചെറു പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും നിശബ്ദമായി പടര്‍ന്നുപിടിക്കുന്ന വളര്‍ന്നുവരുന്ന മയക്കുമരുന്ന് പ്രതിസന്ധിയെയും അവ എടുത്തുകാണിക്കുന്നു.
ഈ വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങളില്‍ സംസ്ഥാനത്ത് നടന്ന എല്ലാ കൊലപാതകങ്ങളിലും പകുതിയോളം 63ല്‍ 30 എണ്ണവും മയക്കുമരുന്നുമായി ബന്ധപ്പെട്ടതായിരുന്നുവെന്ന് പൊലീസ് പഠനത്തില്‍ പറയുന്നു. 14 ഉം 16 ഉം വയസുള്ള രണ്ട് കൗമാരക്കാര്‍, പുതുവത്സരാഘോഷത്തില്‍ തൃശൂരില്‍ 30 വയസുള്ള ഒരാളെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിച്ചതിനെത്തുടര്‍ന്ന് കൊലപ്പെടുത്തിയ സംഭവമുണ്ടായത് സമീപകാലത്താണ്.
കോഴിക്കോട്ടെ 25 വയസുള്ള പി. ആഷിഖ് അഷ്‌റഫ്, ഒരു ലഹരിവിമുക്ത കേന്ദ്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ ശേഷം മാതാവിനെ കൊലപ്പെടുത്തിയ സംഭവം നടന്നു. കോഴിക്കോട്ട് പൊലീസില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ 28 വയസുള്ള ഒരാള്‍ രണ്ട് പാക്കറ്റ് എം.ഡി.എം.എ. വിഴുങ്ങിയതിനെ തുടര്‍ന്ന് മരണം സംഭവിച്ചു. മയക്കുമരുന്നിന് അടിമയായ യുവ അഭിഭാഷകന്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തുകയും അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ലഹരിക്കടിമയായ യുവാവ് കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്ത സംഭവം നടന്നിട്ട് അധികനാളായില്ല. മയക്കുമരുന്നില്‍ ഏറ്റവും മാരകമായ എം.ഡി.എം.എയുടെ ഉപയോഗമാണ് സംസ്ഥാനത്ത് കൂടുതലുള്ളത്. നിയമനടപടികള്‍ക്ക് പുറമെ മയക്കുമരുന്ന് വില്‍പ്പനക്കെതിരെ ശക്തമായ പോരാട്ടവും ബോധവല്‍ക്കരണവും തുടരുക തന്നെ വേണം.

