മയക്ക് മരുന്ന് മാഫിയകള്‍ ലോകം കീഴടക്കിക്കൊണ്ടിരിക്കുകയാണ്. പുതിയ തലമുറയിലെ യുവാക്കള്‍ മയക്കുമരുന്നിന് അടിമപ്പെട്ടുകൊണ്ടിരിക്കുകയാണെന്നതിന് ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ഷാരൂഖ്ഖാന്റെ മകന് ആര്യന് ഖാന് മയക്കുമരുന്ന് കേസില്‍ കുടുങ്ങിയത്. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോയ ആഡംബരകപ്പലില്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ നടത്തിയ റെയ്ഡിലാണ് ബോളിവുഡ് താരം ഷാരൂഖ്ഖാന്റെ മകന് അറസ്റ്റിലായത്. കപ്പലില്‍ നടന്ന ആഘോഷത്തിനിടയിലാണ് റെയ്ഡ് നടത്തി മയക്ക് മരുന്ന് പിടിച്ചെടുത്തത്. കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടക്കുമെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ വേഷം മാറി കപ്പലില്‍ എത്തിയത്. അര്‍ധരാത്രിയോടെ ആഘോഷം തുടങ്ങിയതിനു ശേഷമാണ് റെയ്ഡ് നടത്തി ആര്യന് ഖാന് അടക്കം എട്ടുപേരെയും പിടികൂടിയത്. ലഹരിപാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഒരു ലക്ഷം രൂപയായിരുന്നുവത്രെ ടിക്കറ്റ്. ഫോണിലെ വാട്സ്ആപ്പ് സന്ദേശങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് ആര്യന്ഖാന് മയക്കുമരുന്ന് ലോബിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. ലഹരി മരുന്ന് വാങ്ങുന്നതും പണം കൈമാറുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം രഹസ്യ ഭാഷയില്‍ വാട്സ്ആപ്പില്‍ ഉണ്ടായിരുന്നു. രഹസ്യ ഭാഷയിലാണ് സന്ദേശങ്ങള്‍ കൈമാറിയിരുന്നത്. ലഹരി മരുന്ന് എത്തിച്ചത് ശ്രേയസ് നായര്‍ എന്ന മലയാളിയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമാവുന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗോവ ബന്ധമുള്ള മലയാളി യുവാവാണിയാള്‍. മയക്ക് മരുന്ന് വിതരണം ചെയ്യുന്നതില്‍ പ്രധാനിയാണത്രെ ഇയാള്‍. ആര്യന് ഖാന് അന്താരാഷ്ട്ര ലഹരി മരുന്ന് ശൃംഖലയുമായി ബന്ധമുണ്ടെന്നാണ് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ സംശയിക്കുന്നത്. നാലു വര്‍ഷമായി ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് ആര്യന്‍ഖാന്റെ കുറ്റസമ്മതം. ബ്രിട്ടനിലും ദുബായിലും താമസിച്ചിരുന്ന സമയത്ത് ലഹരി മരുന്ന് ഉപയോഗിച്ചതായി ഇയാള്‍ വ്യക്തമാക്കുന്നുണ്ട്. ആഡംബര പാര്‍ട്ടികളില്‍ ഇപ്പോള്‍ മയക്ക് മരുന്ന് അഭിവാജ്യ ഘടകമായി മാറിയിരിക്കയാണ്. സിനിമാ മേഖലയില്‍ ഉള്ളവരിലാണ് കൂടുതലായും മയക്ക് മരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. പതിനായിരമോ ലക്ഷങ്ങളോ ഇതിനായി വലിച്ചെറിയാന്‍ കെല്പ്പുള്ളവരാണിവര്. അതുകൊണ്ട് തന്നെ പണം ഒരു പ്രശ്നമാവുന്നില്ല. മദ്യപാനവും മയക്ക് മരുന്ന് ഉപയോഗവുമാണ് പുതിയ തലമുറയെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നത്. മദ്യപാനത്തേക്കാള്‍ വിപത്ത് കൂടുതലുള്ളതാണ് മയക്ക് മരുന്ന്. ലഹരിമരുന്നുകളുടെ ആവശ്യം ദിനംപ്രതി വര്‍ധിച്ചു വരികയാണ്. സ്ത്രീകളെക്കാള്‍ കൂടുതലായി പുരുഷന്മാരാണ് മയക്കുമരുന്നിന് അടിമകളായി മാറിക്കൊണ്ടിരിക്കുന്നത്. കുത്തിവെയ്പ്പ് രൂപത്തിലെടുക്കുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിക്കുന്നത് എയ്ഡ് പോലുള്ള രോഗങ്ങളുടെ വ്യാപനത്തിനും മരുന്നുകള്‍ കൂടിയ അളവില്‍ ശരീരത്തിലെത്തുന്നത് ചിലപ്പോള്‍ മരണത്തിന് തന്നെയും കാരണമാവാം. വിവിധ രീതിയിലുള്ള ലഹരിവസ്തുക്കള്‍ ഒന്നിച്ച് ഉപയോഗിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുന്നുണ്ട്. ഇതും അപകടത്തിലേക്കുള്ള പോക്കാണ്. നഗര-ഗ്രാമീണ മേഖലയുടെ വ്യത്യാസമില്ലാതെ ഇപ്പോള്‍ ഈ പ്രവണത ഏറിവരിയാണ്. മയക്ക് മരുന്ന് ഉപയോഗവും വിതരണവും തടയുന്നതിന് കര്‍ശന നിയമങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും ഇവ നിയന്ത്രിക്കാന്‍ പര്യാപ്തമാവുന്നില്ല. മദ്യവും മയക്കുമരുന്നും സാമൂഹിക ജീവിതത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. വരും തലമുറയെയാണ് ഇത് കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നത്. മയക്ക് മരുന്ന് വിതരണവും ഉപയോഗവും തടയുന്നതിന് പ്രത്യേക അന്വേഷണ സംഘം തന്നെ നിലവിലുണ്ട്. കര്‍ശനമായ നടപടിയാണ് വേണ്ടത്. മുഖം നോക്കാതെ ഇവരെ പിടികൂടാനും നിയമത്തിനുമുമ്പില്‍ കൊണ്ടുവരാനും കഴിയണം.