കേരളത്തില്‍ വാഹനാപകടങ്ങള്‍ക്ക് കോവിഡ് കാലത്തും കുറവൊന്നുമില്ല. ഒരോ ദിവസവും നിരവധി വാഹനാപകടങ്ങളും മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇത്രയും വാഹനാപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ ഇതു സംബന്ധിച്ച കേസുകളും അനന്തമായി നീണ്ടുപോവുന്നു. ഇതിന് ഒരു പരിഹാരമുണ്ടാക്കാനാണ് കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പ് ലക്ഷ്യമിടുന്നത്. വാഹനാപകട നഷ്ടപരിഹാരം വൈകുന്നത് ഒഴിവാക്കാന്‍ പ്രാഥമിക, ഇടക്കാല, അന്തിമ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ക്ലെയിം ട്രിബ്യൂണലില്‍ സമര്‍പ്പിക്കാന്‍ സമയ പരിധി നിശ്ചയിക്കുന്നു. അപകട വിവരമറിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ പൊലീസ് ആദ്യ അപകട റിപ്പോര്‍ട്ട് (എഫ്.ഐ.ആര്.) തയ്യാറാക്കണം. ഇന്‍ഷ്വറന്‍സ് കമ്പനിക്കും ട്രിബ്യൂണലിനും വിവരം കൈമാറണം. എഫ്.ഐ.ആറിന് പുറമെയാണിത്. 50 ദിവസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും (ഐ.എ.ആര്.), 90 ദിവസത്തിനുള്ളില്‍ വിശദ റിപ്പോര്‍ട്ടും (ഡി.എ.ആര്) നിശ്ചിത ഫോമില്‍ മോട്ടോര്‍ വാഹന നഷ്ടപരിഹാര ട്രിബ്യൂണലില്‍ സമര്‍പ്പിക്കണം.
അപകടവുമായി ബന്ധപ്പെട്ട ക്രൈം കേസിലെ അന്വേഷണം 60 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച് കുറ്റപത്രം നല്‍കണം. വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കണം. വാഹനാപകട അന്വേഷണ രീതിയില്‍ കാതലായ മാറ്റമാണ് കേന്ദ്രമോട്ടോര്‍ വാഹനചട്ട ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. ഡ്രൈവര്‍, വാഹന ഉടമ എന്നിവരുടെ വിശദ വിവരങ്ങള്‍ പ്രത്യേക ഫോമില്‍ ശേഖരിച്ച് 30 ദിവസത്തിനുള്ളില്‍ ഫയല്‍ ചെയ്യണം. ഇതിന്റെ പകര്‍പ്പിനൊപ്പം ട്രിബ്യൂണലില്‍ സമര്‍പ്പിക്കുന്ന മൂന്ന് അപകട റിപ്പോര്‍ട്ടുകളും വാഹനാപകടത്തില്‍പ്പെട്ടവര്‍ക്ക് കൈമാറണം. ഇരയായവരുടെ വിവരങ്ങള്‍ 60 ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ട്രിബ്യൂണലിനും ഇന്‍ഷ്വറന്‍സ് കമ്പനിക്കും കൈമാറണം. അപകട സ്ഥലം ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് സൈറ്റ് പ്ലാന്‍, അപകടത്തിന്റെ സ്കെച്ച്, വാഹനങ്ങളുടെ അവസ്ഥ, പരിക്കേറ്റവരുടെ വിവരങ്ങള്‍ എന്നിവ എഫ്.ഐ.ആറില്‍ ഉള്‍ക്കൊള്ളിക്കണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, ചികിത്സാ രേഖകള്‍ എന്നിവ 15 ദിവസത്തിനുള്ളില്‍ ആസ്പത്രികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം. ഇന്‍ഷ്വറന്‍സ് കമ്പനികളുടെ നടപടി ക്രമം വേഗത്തിലാക്കാന്‍ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണം. എഫ്.ഐ.ആര്. നല്കുന്ന കേസുകളില്‍ തുടര്‍ നടപടികള്‍ ചുമതലപ്പെടുത്തി ഇന്‍ഷ്വറന്‍സ് കമ്പനി പ്രതിനിധിയെ അറിയിക്കണം. വാഹനാപകട അന്വേഷണം 90 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്. ആയിരക്കണക്കിന് വാഹനാപകടകേസുകളാണ് നൂലാമാലയില്‍ കുടുങ്ങി വര്‍ഷങ്ങളോളം നീണ്ടുപോകുന്നത്. വാഹനങ്ങളുടെ എണ്ണം ഓരോ ദിവസവും പെരുകി വരികയാണ്. അപകടമുണ്ടാക്കുന്ന വാഹനാപകട കേസുകള്‍ നീണ്ടുപോകുന്നത് തീര്‍ത്തും ഒഴിവാക്കേണ്ടതാണ്. അന്വേഷണ റിപ്പോര്‍ട്ടുകള്‍ ക്ലെയിം ട്രിബ്യൂണലില്‍ പെട്ടെന്ന് സമര്‍പ്പിച്ചാല്‍ മാത്രമേ ഇത് സംബന്ധിച്ച കേസും പെട്ടെന്ന് അവസാനിപ്പിക്കാനാവൂ.