തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കയാണ്. ഇനി അവരുടെ പ്രവര്‍ത്തനം തുടങ്ങുകയാണ്. ഗ്രാമങ്ങളുടെയും നഗരപ്രദേശങ്ങളുടെയും വികസനത്തിലൂന്നിക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് ഉണ്ടാവേണ്ടിയിരിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള വികസന പദ്ധതികള്‍ക്കായി കേന്ദ്രത്തില്‍ നിന്ന് ഒരു ലക്ഷം കോടി രൂപ കിട്ടുമെന്ന സൂചന കൂടി വരുന്നുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ഉള്‍പ്പെടെയുള്ള തുകയാണിത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതം ശുപാര്‍ശ ചെയ്യുന്ന സംസ്ഥാന ധനകാര്യ കമ്മീഷന് വരുന്ന അഞ്ചു വര്‍ഷത്തേക്ക് വിഹിതം വര്‍ഷം തോറും വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ധന നിലവില്‍ വരുമ്പോള്‍ സംസ്ഥാന സര്‍ക്കാറിന്റെ വിഹിതമായി മാത്രം അഞ്ചുവര്‍ഷത്തേക്ക് 80,000 കോടി രൂപ വരെ കിട്ടും. തനത് വരുമാനം 20,000 കോടിയെന്നാണ് കണക്കാക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന അഞ്ചുവര്‍ഷകാലയളവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രാവിഷ്കൃത പദ്ധതിയില്‍ ഉള്‍പ്പെടെ നീക്കി വെച്ചത് 80,000 കോടിയാണ്. ഈ വര്‍ഷം മാത്രം ഏകദേശം 18,000 കോടി രൂപ പലയിനങ്ങളിലായി നീക്കി വെച്ചിട്ടുണ്ട്. സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 25 ശതമാനമാണ് നിലവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിഹിതമായി നല്‍കുന്നത്. തനത് വരുമാനത്തിന്റെ ആറ് ശതമാനം മെയിന്റനന്‍സ് ഗ്രാന്റായും മൂന്ന് ശതമാനം പര്‍പ്പസ് ഫണ്ടായും ലഭിക്കും. ഈ വിഹിതം വര്‍ഷം തോറും കൂട്ടാനാണ് കമ്മീഷന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കോവിഡാനന്തരം സര്‍ക്കാരുകളുടെ വരുമാനം പച്ചപിടിക്കുകയും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ വിഹിതം കിട്ടുകയും ചെയ്യുന്നതോടെ ഇത്തവണ അധികാരത്തിലേറുന്ന ജനപ്രതിനിധികളെ കാത്തിരിക്കുന്നത് വന്‍ സാധ്യതകളാണ്. അത് അവര്‍ ശരിയായ മുന്‍ഗണനയോടെ പ്രയോജനപ്പെടുത്തിയാല്‍ വികേന്ദ്രീകൃത ആസൂത്രണത്തിന്റെ ചിറകിലേറി കേരളം സുസ്ഥിര വികസനത്തിലൂടെ കുതിക്കുമെന്നതില്‍ സംശയമില്ല. ഓരോ വര്‍ഷവും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന പണം നാടിനുവേണ്ടി പ്രയോജനപ്പെടുത്തുന്നതിന്റെ ഉത്തരവാദിത്വം അംഗങ്ങള്‍ക്കാണ്. സംസ്ഥാനത്ത് ഇരുപതിനായിരത്തിലേറെ അംഗങ്ങളാണ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. പദ്ധതികള്‍ മുകളില്‍ നിന്ന് നിര്‍ദ്ദേശിക്കുകയല്ല, പകരം താഴെത്തട്ടില്‍ ഗ്രാമസഭകളും അയല്‍സഭകളും ചേര്‍ന്ന് തീരുമാനിക്കുകയാണ്. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരില്‍ മുക്കാല്‍ ഭാഗവും ആദ്യമായി ഈ രംഗത്ത് എത്തുന്നവരാണ്. ഇതില്‍ നല്ലൊരുഭാഗവും യുവാക്കളാണ്. കില പോലുള്ള സ്ഥാപനങ്ങളില്‍ നിന്ന് ഇവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കിയതിന് ശേഷം വേണം അവരെ ജനങ്ങളിലേക്ക് അയക്കാന്‍. പരിചയ സമ്പന്നരും നവാഗതരും ഒന്നിച്ചു നിന്ന് പ്രവര്‍ത്തിച്ചാല്‍ വിജയം സുനിശ്ചിതമെന്നതില്‍ തര്‍ക്കമില്ല. ജല സംരക്ഷണം, ശുദ്ധജലം ഉറപ്പാക്കല്‍, മാലിന്യ സംസ്കരണം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളില്‍ മുന്തൂക്കമുണ്ടായിരിക്കണം. അംഗങ്ങള്‍ക്ക് കൂടുതല്‍ അധികാരം കൈവന്നതോടെ അവരുടെ പ്രവര്‍ത്തന മേഖലയും വലുതായിരിക്കയാണ്. ഗ്രാമസഭകളും അയല്‍സഭകളും വിളിച്ചു എന്തൊക്കെ വികസന പദ്ധതികളാണ് തയ്യാറാക്കേണ്ടതെന്ന് തുടക്കത്തില്‍ തന്നെ തീരുമാനിക്കണം. അതില്‍ രാഷ്ട്രീയമോ വ്യക്തികളുടെ സ്വാധീനമോ ഒന്നും ഉണ്ടാവരുത്. എന്തായാലും പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും മുഖച്ഛായ തന്നെ മാറ്റാനുള്ള ശ്രമം ഉണ്ടാവണം.