ന്യൂഡെല്‍ഹി: കേരളത്തില്‍ പിണറായി സര്‍ക്കാരിന് തുടര്‍ഭരണം പ്രവചിച്ച് ടൈംസ് നൗ-സീ വോട്ടര്‍ സര്‍വേ ഫലം. ഇടതുപക്ഷം 77 സീറ്റ് നേടി അധികാരത്തിലേറുമെന്നാണ് സര്‍വെ പറയുന്നത്. കേരളത്തില്‍ ഇതുവരെ പുറത്തുവന്ന പ്രീപോള്‍ സര്‍വെ ഫലങ്ങള്‍ ശരിവെക്കുന്നതാണ് ടൈംസ് നൗ സര്‍വെയും. യു.ഡി.എഫ് 62 സീറ്റ് നേടും. ബി.ജെ.പിക്ക് ഒരു സീറ്റ് ലഭിക്കുമെന്നും സര്‍വേ സൂചന നല്കുന്നു.
സംസ്ഥാനത്ത് ഇടതുമുന്നണിക്ക് 42.4 ശതമാനം വോട്ട് ലഭിക്കും. 2016 ല്‍ 43.5 ശതമാനം വോട്ടാണ് മുന്നണിക്ക് ലഭിച്ചിരുന്നത്. യുഡിഎഫിന് 38.6 ശതമാനം വോട്ടാവും ലഭിക്കുക. ബിജെപിക്ക് 16.4 ശതമാനം വോട്ട് ലഭിക്കും. 2016 നെ അപേക്ഷിച്ച് വോട്ട് വിഹിതം ബിജെപിക്ക് ഉയര്‍ന്നതാവുമെന്നാണ് പ്രവചനം. ഇടതുമുന്നണിക്ക് 71 മുതല്‍ 83 വരെ സീറ്റ് നേടാം. യുഡിഎഫിന് 56 മുതല്‍ 68 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്.
അതേസമയം പശ്ചിമ ബംഗാളില്‍ വീണ്ടും മമത ബാനര്‍ജി അധികാരത്തില്‍ തിരിച്ചെത്തുമെന്നും സര്‍വേ പറയുന്നു. ബി.ജെ.പിയുമായി ശക്തമായ മത്സരം നടക്കുമെന്നും റിപോര്‍ട്ട് പറയുന്നു. ഇതോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടില്‍ ഡി.എം.കെ-കോണ്‍ഗ്രസ്-ഇടത് സഖ്യവും അസമിലും പുതുച്ചേരിയിലും എന്‍.ഡി.എയും അധികാരത്തിലെത്തും. ബംഗളില്‍ തൃണമൂലിന് 160 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് സര്‍വെ പറയുന്നത്. ബിജെപി 112 സീറ്റുകളിലും ഇടത് സഖ്യം 22 സീറ്റ് വരെയും നേടും. 294 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മമത ബാനര്‍ജിക്ക് നേരിയ മുന്‍തൂക്കമാണ് ഉണ്ടാവുകയെന്നും സര്‍വെ പറയുന്നുണ്ട്.
മലയാളത്തിലടക്കം ഇതുവരെ പുറത്തുവന്ന സര്‍വെകളെല്ലാം ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ച പ്രവചിക്കുന്നതാണ്. മലയാള മനോരമ, മീഡിയ വണ്‍, മാതൃഭൂമി തുടങ്ങിയവരാണ് ഇതുവരെ സര്‍വെ റിപോര്‍ട്ട് പുറത്തുവിട്ടത്. അതേസമയം സിഎന്‍എക്സ് അഭിപ്രായ സര്‍വെ അനുസരിച്ച് ബംഗാളില്‍ തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യത പറയുന്നത്. തൃണമൂല്‍ 141 സീറ്റുകളും ബിജെപി 135 സീറ്റുകളും ഇടത് സഖ്യം 16 സീറ്റുകളും നേടുമെന്നാണ് അവരുടെ പ്രവചനം.