കണ്ണൂര്‍: ടി.പി കേസ് പ്രതികളായ മുഹമ്മദ് ഷാഫിയുടെയും കൊടി സുനിയുടെയും വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അര്ജുന് ആയങ്കിയെ കൂട്ടിയാണ് കസ്റ്റംസ് റെയ്ഡിനെത്തിയത്. സ്വര്‍ണക്കടത്തിന് പിന്നില്‍ ടി പി കേസ് പ്രതികളായ കൊടി സുനിയും ഷാഫിയും ആണെന്ന് അര്ജുന് ആയങ്കി പറഞ്ഞതായി ഷെഫീഖ് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ്.
മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ നിന്ന് പോലീസ് യൂണിഫോമിന്റെ ഭാഗമായ സ്റ്റാര്‍ കണ്ടെത്തി. പോലീസ് വേഷത്തില്‍ ഷാഫി അടക്കമുള്ളവര്‍ സ്വര്‍ണക്കടത്തില്‍ ഇടപെട്ടിരുന്നു എന്നാണ് സംശയം. ലാപ്ടോപും വിലപ്പെട്ട മറ്റുരേഖകളും ഷാഫിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഏഴാം തിയതി ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഷാഫിക്ക് നോട്ടീസ് നല്കി.
സ്വര്‍ണം കവര്‍ച്ച ചെയ്തിട്ടുണ്ടെന്ന് കസ്റ്റംസിനോട് അര്ജുന് സമ്മതിച്ചു. ഇതാദ്യമായാണ് സ്വര്‍ണക്കടത്തിലെ ബന്ധം സമ്മതിച്ചുകൊണ്ട് അര്ജുന് മൊഴി നല്‍കുന്നത്. അതിനിടെ രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ പ്രതി അര്ജുന് ആയങ്കിയുടെ ഭാര്യ അമലക്ക് കസ്റ്റംസ് നോട്ടീസ് നല്കി. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയാന്‍ തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.