തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ രണ്ട് മാസത്തേക്ക് കെ.എസ്.ഇ.ബിയും വാട്ടര്‍ അതോറിറ്റിയും കുടിശ്ശിക പിരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബാങ്കുകള്‍ റിക്കവറി നടപടികള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സിഎഫ്എല്‍ടിസികള്‍ നിലവില്‍ ആവശ്യത്തിനുണ്ട്. സംസ്ഥാനത്തെ രോഗവ്യാപനസ്ഥിതി വെച്ച് കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ വേണ്ടി വരും. ഓക്സിജന്‍ വിതരണത്തില്‍ നിലവില്‍ വലിയ തോതില്‍ ക്ഷാമമില്ല. സ്വകാര്യ ആശുപത്രികളില്‍ ആവശ്യമായ ഓക്സിജന്‍ എത്തിക്കും. ആലപ്പുഴയില്‍ രോഗികള്‍ കൂടുന്നുണ്ട്. അവിടെ പ്രത്യേകം പരിശോധന നടത്തും. സംഭരിക്കുന്ന ഓക്സിജന്റെ അളവ് ജില്ലാതല സമിതി സൂക്ഷിക്കണം. ആവശ്യമായത്ര ഓക്സിജന്‍ ലഭ്യത ഉറപ്പാക്കണം. എന്നാല്‍ ആവശ്യത്തിലധികം ഓക്സിജന്‍ സംഭരിച്ച് വയ്ക്കരുത്. മതിയായ ഓക്സിജന്‍ സംഭരിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.