തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നുവിടുന്നത് ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാടിന്റെ നടപടിയില്‍ ആശങ്കയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചു. മുന്നറിയിപ്പില്ലാതെ തുറന്നുവിടുന്നത് ശരിയല്ലെന്നും വേണ്ടത്ര മുന്നറിയിപ്പ് നല്‍കിയും കൂടിയാലോചനക്ക് ശേഷവും ഷട്ടറുകള്‍ തുറക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുന്നറിപ്പില്ലാതെയാണ് രാത്രിയിലും അതിരാവിലെയുമായി ഷട്ടറുകള്‍ തുറന്നത്. ഇത് നദീ തീരത്ത് താമസിക്കുന്ന ജനങ്ങളെ ദുരിത്തിലാക്കി. നേരത്തെ ഇത്തരം പ്രവൃത്തികള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നുവെങ്കിലും ഇന്ന് വീണ്ടും അര്‍ധരാത്രി ഷട്ടര്‍ തുറന്നുവിടുകയായിരുന്നു. ഇതേതുടര്‍ന്ന് നദീതീരത്ത് നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു.
പകല്‍ മാത്രമേ ഷട്ടറുകള്‍ തുറക്കാവൂ എന്നും കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളെ നേരിടാന്‍ അയല്‍ സംസ്ഥാനങ്ങളെന്ന നിലയില്‍ യോജിച്ചുള്ള പദ്ധതികള്‍ ആവശ്യമാണെന്നും കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.