ബ്രസ്സല്‍സ്: തന്റെ പറമ്പിലെ ഒരു കല്ല് എടുത്തുമാറ്റിയതിലൂടെ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തന്നെ മാറിമറിഞ്ഞെങ്കിലോ? എങ്കില്‍ അങ്ങനെ ഒരു സംഭവം നടന്നിരിക്കുകയാണ് ഫ്രാന്‍സ്-ബെല്‍ജിയം അതിര്‍ത്തിയില്‍. തന്റെ കൃഷിയിടത്തില്‍ നിലം ഉഴുതുകൊണ്ടിരിക്കെയാണ് കര്ഷകന് കല്ല് കണ്ടത്. കല്ല് മാറ്റിയാല്‍ ട്രാക്ടറിന് എളുപ്പത്തില്‍ തിരിഞ്ഞുപോകാനാവുമെന്ന് കണ്ട അദ്ദേഹം ആ കല്ല് കുറച്ച് മീറ്റര്‍ പിന്നിലേക്ക് മാറ്റിയിട്ടു. തുടര്‍ന്ന് കര്ഷകന് പണി തുടരുകയും ചെയ്തു.
കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ഫ്രാന്‍സ്-ബല്‍ജിയം അതിര്‍ത്തി കാണാനായി ഒരുകൂട്ടം വിദ്യാര്‍ഥികളും അവരുടെ ചരിത്ര അധ്യാപകരും അവിടെയെത്തി. അവരുടെ അടുത്ത് പഴയ മാപ്പുകളും മറ്റും ഉണ്ടായിരുന്നു. ചിരിത്രപ്രസിദ്ധമായ ആ അതിര്‍ത്തിക്കല്ല് തിരഞ്ഞുനടന്ന അവര്‍ക്ക് എളുപ്പമത് കണ്ടെത്താനായില്ല. നേരത്തേ അവിടെ വന്നിട്ടുള്ളവരും കൂട്ടത്തില്‍ ഉണ്ടായിരുന്നു. അവസാനം സ്ഥിരമായി ഉണ്ടാകുന്ന സ്ഥലത്തുനിന്നുമാറി കല്ല് അവര്‍ കണ്ടെത്തി. അപ്പോഴാണ് ഞെട്ടിക്കുന്ന ആ വിവരം അവര്‍ തിരിച്ചറിഞ്ഞത്. കല്ല് മാറ്റിയ സാഹചര്യത്തില്‍ കുറേക്കാലമായി ഫ്രാന്‍സ് എന്ന രാജ്യം പഴയതിനേക്കാള്‍ ചുരുങ്ങിയിരുന്നു. ബെല്‍ജിയമാകട്ടെ കുറേക്കൂടി വികസിക്കുകയും ചെയ്തു.
‘ആദ്യം കണ്ടപ്പോള്‍ തന്നെ അതിര്‍ത്തിയുടെ അവസാനഭാഗത്തായി സ്ഥിതിചെയ്യുന്ന കല്ല് നീങ്ങിയിട്ടുണ്ടെന്ന ധാരണ എനിക്ക് ലഭിച്ചു’-ചരിത്രകാരന്മാരില് ഒരാളായ ജീന്‍ പിയറി ചോപിന്‍ പറഞ്ഞു. ഇവര്‍ വിവരം അറിയിച്ചതനുസരിച്ച് ഫ്രാന്‍സ്-ബെല്‍ജിയം അധികൃതര്‍ എത്തി അതിര്‍ത്തി പുനഃസ്ഥാപിക്കുകയായിരുന്നു.
നമ്മുടെ കര്ഷകന് എടുത്തുമാറ്റിയ കല്ലിന് 200 വര്‍ഷത്തിലധികം പഴക്കമുണ്ട്. 1820 മാര്‍ച്ച് 28നാണ് ഫ്രാന്‍സും ബെല്‍ജിയവും തമ്മില്‍ അതിര്‍ത്തി നിര്ണയിച്ചുകൊണ്ട് ട്രീറ്റി ഓഫ് കോര്‍ട്ടിക് ഒപ്പിട്ടത്. അതിനുശേഷം ഏതാണ്ട് ഒരുവര്‍ഷത്തിനുശേഷം കല്ലുകള്‍ സ്ഥാപിക്കുകയും ചെയ്തു.’അദ്ദേഹം ബെല്‍ജിയത്തെ വലുതാക്കുകയും ഫ്രാന്‍സിനെ ചെറുതാക്കുകയും ചെയ്തു, ഇത് നല്ല ആശയമല്ല. എനിക്ക് സന്തോഷമുണ്ട്. എന്റെ നഗരം വലുതാണ്. എന്നാല്‍ ഫ്രഞ്ച് മേയര്‍ അത് സമ്മതിച്ചുതരാന്‍ ഇടയില്ല’-ബെല്‍ജിയന്‍ അതിര്‍ത്തി ഗ്രാമമായ എര്ക്യുലിനസിന്റെ മേയര്‍ ഡേവിഡ് ലാവോക്സ് തമാശയായി പറഞ്ഞു.