കണ്ണൂര്‍: തന്റെ വീട്ടില്‍ നടന്ന വിജിലന്‍സ് റെയ്ഡില്‍ പ്രതികരണവുമായി എ പി അബ്ദുല്ലക്കുട്ടി. അഴിമതി നടത്തിയത് അന്നത്തെ ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ ആണെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നുമാണ് അബ്ദുല്ലക്കുട്ടിയുടെ വിശദീകരണം. വീട്ടില്‍ വിജിലന്‍സ് സംഘം എത്തിയപ്പോഴാണ് കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും താന്‍ അറിയുന്നതെന്നും ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടി പറഞ്ഞു.
അന്നത്തെ ടൂറിസം മന്ത്രി എ പി അനില്‍കുമാറും ഡി ടി പി സിയിലെ ഉദ്യോഗസ്ഥരും നടത്തിയ വലിയ കൊള്ളയാണിത്. തന്റെ കൈകള്‍ ശുദ്ധമാണ്. തന്റെ പേരില്‍ കുറ്റമുണ്ടെങ്കില്‍ താനും ശിക്ഷിക്കപ്പെടണം. വീട്ടില്‍ നടന്നത് റെയ്ഡല്ലെന്നും സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം നടക്കണമെന്നും അബ്ദുല്ലക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
മമ്മൂട്ടിയുടേയും കാവ്യമാധവന്റെയുമൊക്കെ ശബ്ദം ഉപയോഗിച്ച് മനോഹരമായി നടത്തിയ പരിപാടിയായിരുന്നു അത്. ഉമ്മന്‍ ചാണ്ടി വന്നായിരുന്നു ഉദ്ഘാടനം ചെയ്തത്. വിജിലന്‍സ് സംഘം ചോദിച്ചതിനെല്ലാം ഉത്തരം നല്‍കിയിട്ടുണ്ട്. പരിപാടി സംഘടിപ്പിച്ച ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ പേര് തനിക്ക് ഓര്‍മ്മയില്ല. അതൊരു തട്ടിക്കൂട്ട് കമ്പനിയായിരുന്നു. അദ്ദേഹം പറഞ്ഞു.