മുംബൈ: ആദായ നികുതി വകുപ്പിന്റെ റെയ്ഡിനുപിന്നാലെ പ്രതികരണവുമായി ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ്. ചീത്ത വിളിച്ചവരോടെല്ലാം സ്നേഹം എന്ന അടിക്കുറിപ്പോടെ തപ്സി പന്നുവിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരത്തിന്റെ പ്രതികരണം. നടി തപ്സി പന്നു കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ സിനിമ ‘ദൊബാര’യുടെ ചിത്രീകരണം റെയ്ഡിന് ശേഷം പുനരാരംഭിച്ചു.
തപ്സിക്കൊപ്പം ലൊക്കേഷനില്‍ വെച്ച് പകര്‍ത്തിയ ചിത്രമാണ് പങ്കുവച്ചത്. അനുരാഗിന്റെയും തപ്സിയുടെയും സ്വത്തുവിവരങ്ങളെക്കുറിച്ച് അറിയാന്‍ ആദായനികുതി വകുപ്പ് റെയിഡ് നടത്തിയ സംഭവത്തിന് പിന്നാലെ ആദ്യമായാണ് അനുരാഗ് പ്രതികരിക്കുന്നത്. നേരത്തെ വീട്ടില്‍ നടന്ന ഇന്‍കം ടാക്സ് റെയ്ഡിനെക്കുറിച്ച് തപ്സിയും സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പരിഹസിച്ചുകൊണ്ടായിരുന്നു നടിയുടെ ട്വീറ്റ്. തന്റെ പേരില്‍ പാരീസില്‍ ബംഗ്ലാവില്ലെന്നും അഞ്ച് കോടി ലഭിച്ചിട്ടില്ലെന്നുമാണ് താരം വ്യക്തമാക്കിയത്.
പ്രധാനമായും മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു മൂന്ന് ദിവസത്തെ തിരച്ചില്‍.
1. എന്റെ പേരില്‍ പാരീസിലുണ്ടെന്ന് ആരോപിക്കുന്ന ബംഗ്ലാവിന്റെ താക്കോല്‍. കാരണം വേനല്‍ അവധി അടുത്തുവരികയാണ്.
2. എന്റെ കയ്യിലുണ്ടെന്ന് ആരോപിക്കുന്ന അഞ്ച് കോടിയുടെ റെസീപ്റ്റ്. ഫ്രെയിം ചെയ്ത് ഭാവിയിലേക്ക് സൂക്ഷിക്കാന്‍ വേണ്ടിയാണിത്. കാരണം ഈ പണം നേരത്തെ ഞാന്‍ വേണ്ടെന്നു വെച്ചിരുന്നു.
3. ബഹുമാനപ്പെട്ട ഫിനാന്‍സ് മിനിസ്റ്റര്‍ പറയുന്നതു പ്രകാരം 2013 ല്‍ നടന്ന റെയ്ഡിനെക്കുറിച്ചുള്ള എന്റെ ഓര്മ – തപ്സി ട്വീറ്റില്‍ കുറിച്ചു.
മൂന്നാം തിയതി മുതലാണ് സംവിധായകന് അനുരാഗ് കശ്യപിന്റേയും തപ്സി പന്നുവിന്റേയും ഉള്‍പ്പടെയുള്ള ബോളിവുഡ് സെലിബ്രിറ്റികളുടെ വീട്ടില്‍ തിരച്ചില്‍ നടന്നത്. അടച്ചുപൂട്ടിയ നിര്‍മാണ കമ്പനി ഫാന്റം ഫിലിംസിന്റെ നികുതി തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു തിരച്ചില്‍.
View this post on Instagram