ചെങ്കോട്ട സ്‌ഫോടനം; പ്രതികള്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന ആ 'ചുവന്ന കാറിനെ'ചുറ്റപ്പറ്റി അന്വേഷണം ആരംഭിച്ച് പൊലീസ്

DL 10 CK 0458 ആണ് കാറിന്റെ നമ്പറെന്ന് പൊലീസ് അറിയിച്ചു;

Update: 2025-11-12 15:16 GMT

ഡല്‍ഹി: ചെങ്കോട്ട സ്‌ഫോടന കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു ചുവന്ന ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടിനെ കണ്ടെത്താന്‍ ഡല്‍ഹി പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചു. DL 10 CK 0458 ആണ് കാറിന്റെ നമ്പറെന്ന് പൊലീസ് അറിയിച്ചു. എല്ലാ പൊലീസ് സ്റ്റേഷനുകളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും നഗരവ്യാപകമായി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

സ്‌ഫോടനത്തില്‍ ഉപയോഗിച്ച ഹ്യുണ്ടായ് ഐ20 കാറുമായി ബന്ധമുള്ള മറ്റൊരു ചുവന്ന വാഹനവും പ്രതികളുടെ കൈവശം ഉണ്ടായിരുന്നുവെന്ന സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

പ്രസ്തുത കാര്‍ കണ്ടെത്തുന്നതിനായി കുറഞ്ഞത് അഞ്ച് ഡല്‍ഹി പൊലീസ് സംഘങ്ങളെയെങ്കിലും നിയോഗിച്ചിട്ടുണ്ട്. അതേസമയം അയല്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും പൊലീസിനോട് അതീവ ജാഗ്രത പാലിക്കാനും തിരച്ചില്‍ പ്രവര്‍ത്തനത്തില്‍ സഹകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഡല്‍ഹി സ്‌ഫോടന കേസിലെ പ്രധാന പ്രതിയായ ഡോ. ഉമര്‍ ഉന്‍ നബിയുടെ പേരിലാണ് ചുവന്ന ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

കാറിന്റെ രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍ എല്ലാ അതിര്‍ത്തി യൂണിറ്റുകളിലേക്കും അയച്ചിട്ടുണ്ട്, കൂടാതെ തിരച്ചില്‍ ശക്തമാക്കുന്നതിനായി യുപി, ഹരിയാന പൊലീസുമായി വിവരങ്ങള്‍ പങ്കിട്ടിട്ടുണ്ട്. ഈ വാഹനം ഉമര്‍ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായും സ്രോതസ്സ് പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സ്‌ഫോടനം നടന്നത്. രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റിനും ജുമാ മസ്ജിദിനും സമീപത്തായിരുന്നു സ്‌ഫോടനം. ലാല്‍ ക്വില (റെഡ് ഫോര്‍ട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകള്‍ക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്‌ട്രേഷനുള്ള കാര്‍ പൊട്ടിത്തെറിച്ചത്. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാര്‍ ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയതിനു പിന്നാലെയായിരുന്നു സ്‌ഫോടനമെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിരുന്നു. സ്‌ഫോടനം എങ്ങനെയുണ്ടായെന്നു ഇതുവരെ കണ്ടെത്താനായിട്ടില്ല.

സ്‌ഫോടനത്തില്‍ 12 പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. സമീപത്തുണ്ടായിരുന്ന കാറുകളും സ്‌ഫോടനത്തില്‍ കത്തിച്ചാമ്പലായി. ദൂരെ മാറിക്കിടന്ന വാഹനങ്ങളുടെ ജനല്‍ച്ചില്ലുകള്‍ വരെ സ്‌ഫോടനത്തിന്റെ ശക്തിയില്‍ പൊട്ടിച്ചിതറി. രണ്ടര കിലോമീറ്റര്‍ അകലെവരെ സ്‌ഫോടനശബ്ദം കേട്ടുവെന്നു പ്രദേശവാസികള്‍ പറഞ്ഞു.

കഴിഞ്ഞദിവസം ഫരീദാബാദില്‍ നിന്നടക്കം അറസ്റ്റിലായ ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കശ്മീര്‍ പുല്‍വാമ സ്വദേശി ഡോ.ഉമര്‍ ആണ് സ്‌ഫോടനം നടന്ന കാര്‍ ഓടിച്ചിരുന്നതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇതു പരിശോധിക്കാന്‍ ഉമറിന്റെ അമ്മയുടെ ഡിഎന്‍എ സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. കാറിലുണ്ടായിരുന്ന ആളിന്റേതെന്ന് തോന്നുന്ന സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത 10,0000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ഗുരുതര അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 5,00000 രൂപയും പരിക്കേറ്റവര്‍ക്ക് 2,00000 രൂപയും പ്രഖ്യാപിച്ചു.

Similar News