വീട്ടില്‍ വച്ച് അബോധാവസ്ഥയിലായി; ബോളിവുഡ് താരം ഗോവിന്ദ ആസ്പത്രിയില്‍
നടന്റെ നിലവിലെ ആരോഗ്യനില തൃപ്തികരമാണ്;
മുംബൈ: വീട്ടില്‍ വച്ച് അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് ബോളിവുഡ് താരം ഗോവിന്ദയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാത്രി വൈകിയാണ് വീട്ടില്‍ വച്ച് താരം അബോധാവസ്ഥയിലായത്. തുടര്‍ന്ന് അടിയന്തര വൈദ്യസഹായം ആവശ്യമായി വന്നതോടെ താരത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. അദ്ദേഹത്തിന്റെ അഭിഭാഷകനും സുഹൃത്തുമായ ലളിത് ബിന്‍ഡാല്‍ പറയുന്നതനുസരിച്ച്, അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് നടന് തുടര്‍ച്ചയായ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു.
'അദ്ദേഹത്തിന് ദിശാബോധം നഷ്ടപ്പെട്ടു. എല്ലാ പരിശോധനകളും പൂര്‍ത്തിയായി, ന്യൂറോ കണ്‍സള്‍ട്ടേഷന്റെ റിപ്പോര്‍ട്ടുകളും അഭിപ്രായവും അറിയാനായി ഞങ്ങള്‍ ഇപ്പോള്‍ കാത്തിരിക്കുകയാണ്. ഇപ്പോള്‍ താരം ആരോഗ്യവാനാണ്'- എന്നാണ് ബിന്‍ഡാലിനെ ഉദ്ധരിച്ച ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്.
മെഡിക്കല്‍ സ്റ്റാഫ് പൂര്‍ണ്ണമായ ആരോഗ്യ പരിശോധന നടത്തി, നടന്റെ നിലവിലെ ആരോഗ്യനില തൃപ്തികരമാണ്. കൂടുതല്‍ പരിചരണം നല്‍കുന്നതിനായി ഡോക്ടര്‍മാര്‍ ഇപ്പോള്‍ ന്യൂറോളജിക്കല്‍ കണ്‍സള്‍ട്ടേഷനുകളുടെ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം കൂടുതല്‍ സങ്കീര്‍ണതകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഗോവിന്ദയുടെ കാലിന് വെടിയേറ്റ സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്‍ തന്റെ ലൈസന്‍സുള്ള റിവോള്‍വര്‍ കൈകാര്യം ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ശസ്ത്രക്രിയയിലൂടെ പിന്നീട് വെടിയുണ്ട പുറത്തെടുത്തു. കൊല്‍ക്കത്തയില്‍ ഒരു ഷോയില്‍ പങ്കെടുക്കാനായി അതിരാവിലെ പോകാനിറങ്ങുന്നതിനിടെയാണ് അപകടം.