സീതാംഗോളിയില്‍ മത്സ്യ വില്‍പനക്കാരനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; 7ാം പ്രതി അറസ്റ്റില്‍
ബദിയഡുക്കയിലെ അനില്‍ കുമാറിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മധൂര്‍ പട് ളയിലെ കെ രാമചന്ദ്രനാണ് അറസ്റ്റിലായത്;
കുമ്പള: ബദിയഡുക്കയിലെ മത്സ്യ വില്‍പനക്കാരനെ സീതാംഗോളിയില്‍ വച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഏഴാം പ്രതി അറസ്റ്റില്‍. ബദിയഡുക്കയിലെ അനില്‍ കുമാറിനെ(40) കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഏഴാം പ്രതി മധൂര്‍ പട് ളയിലെ കെ രാമചന്ദ്രനാണ്(55) അറസ്റ്റിലായത്.
കുമ്പള പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടികെ മുകുന്ദനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കുമ്പള പൊലീസ് 13 പേര്‍ക്കെതിരെ നേരത്തെ വധശ്രമത്തിന് കേസെടുത്തിരുന്നു. ഇതില്‍ മുഖ്യപ്രതി ബേളയിലെ അക്ഷയ് അടക്കം ആറുപേര്‍ നേരത്തെ പിടിയിലായിരുന്നു. കുതിരപ്പാടി സ്വദേശികളായ മഹേഷ്, രജീഷ്, ഹരികൃഷ്ണന്‍, അജിത് കുമാര്‍, എന്നിവരാണ് മറ്റ് പ്രതികള്‍. ഇനി ആറുപേരാണ് പിടിയിലാകാനുള്ളതെന്ന് പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് രാത്രി സീതാംഗോളി ടൗണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. അക്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ അനില്‍ കുമാറിനെ കഴുത്തില്‍ തറച്ച കത്തിയുമായി മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു.