ശ്മശാന ഭൂമിയിലെ മരം മുറിച്ച് കടത്തിയ സംഭവം; പഞ്ചായത്തംഗം കസ്റ്റഡിയില്‍
കളത്തൂര്‍ കിദൂര്‍ കുണ്ടങ്കാറടുക്ക ശ്മശാനത്തിന്റെ സ്ഥലത്ത് നിന്നാണ് 25,000 രൂപ വില മതിക്കുന്ന അക്വേഷ്യ മരങ്ങള്‍ മുറിച്ച് കടത്തി കൊണ്ടുപോയത്;
കുമ്പള: കിദൂര്‍ ശ്മശാന ഭൂമിയിലെ മരം മുറിച്ച് കടത്തിയ സംഭവത്തില്‍ കുമ്പള പഞ്ചായത്തംഗം കസ്റ്റഡിയില്‍. പതിനഞ്ച് ദിവസം മുമ്പ് കളത്തൂര്‍ കിദൂര്‍ കുണ്ടങ്കാറടുക്ക ശ്മശാനത്തിന്റെ സ്ഥലത്ത് നിന്നാണ് 25,000 രൂപ വില മതിക്കുന്ന അക്വേഷ്യ മരങ്ങള്‍ മുറിച്ച് കടത്തി കൊണ്ടുപോയത്. പിന്നീട് ഇത് വിവാദമാകുകയും ചിലര്‍ മരം മുറിക്കടത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുമ്പള പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
തുടര്‍ന്ന് കുമ്പള അഡിഷണല്‍ എസ്.ഐ എം. അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കുമ്പള പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രതിനിധിയായ അംഗത്തെ ബുധനാഴ്ച രാവിലെ കസ്റ്റഡിയിലെടുത്തത്. മരം 25,000 രൂപക്ക് മരമില്ലിലേക്ക് വിറ്റതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്. മരം കടത്തിയ വാഹനവും മരവും കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് പറഞ്ഞു.