തദ്ദേശ തിരഞ്ഞെടുപ്പ്; മാതൃകാ പെരുമാറ്റ ചട്ടം സര്‍ക്കാര്‍ ഓഫീസുകളില്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍

സര്‍ക്കാര്‍ ഓഫീസുകളിലും കോമ്പൗണ്ടിലും പരിസരത്തും ചുവര്‍ എഴുതാനോ പോസ്റ്റര്‍ ഒട്ടിക്കാനോ ബാനര്‍ കട്ടൗട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടുള്ളതല്ല;

Update: 2025-11-14 12:12 GMT

കാസര്‍കോട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബര്‍ 11ന് നടത്തുന്ന പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നവംബര്‍ 10 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഈ സാഹചര്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളിലും അവയുടെ കോമ്പൗണ്ടിലും പരിസരത്തും ചുവര്‍ എഴുതാനോ പോസ്റ്റര്‍ ഒട്ടിക്കാനോ ബാനര്‍ കട്ടൗട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടുള്ളതല്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ അറിയിച്ചു.

സര്‍ക്കാര്‍ ഓഫീസുകളിലും കോമ്പൗണ്ടുകളിലും ഇലക്ഷന്‍ പ്രചാരണം സംബന്ധിച്ച് സാമഗ്രികള്‍ ഉപയോഗിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഓഫീസ് മേധാവികള്‍ ഉറപ്പുവരുത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. പൊതുജനങ്ങള്‍ക്ക് അസൗകര്യമോ ശല്യമോ ഉണ്ടാക്കുന്ന വിധത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം സാമഗ്രികള്‍ സ്ഥാപിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതും ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതും ഓഫീസ് മേധാവികള്‍ ആണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കോ യോഗങ്ങള്‍ക്കോ ഉപയോഗിക്കാന്‍ പാടില്ല. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച മാതൃകാ പെരുമാറ്റ സംഹിത 2025ലെ നിര്‍ദ്ദേശങ്ങള്‍ ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൃത്യമായി പാലിക്കേണ്ടതാണ്. മേല്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

പെരുമാറ്റച്ചട്ടം പാലിക്കാത്തവര്‍ക്കെതിരെ 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട്, 1995ലെ കണ്ടക്ട് ഓഫ് ഇലക്ഷന്‍ റൂള്‍സ് എന്നിവ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും. പെരുമാറ്റ ചട്ടം തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കുന്നത് വരെ തുടരുമെന്നും കലക്ടര്‍ അറിയിച്ചു.

Similar News