തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍. പടക്കം പൊട്ടിക്കാന്‍ രണ്ട് മണിക്കൂറാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. രാത്രി എട്ട് മണി മുതല്‍ പത്ത് മണി വരെയാണ് പടക്കം പൊട്ടിക്കാന്‍ അനുമതി. പത്ത് മണിക്ക് ശേഷം പടക്കം പൊട്ടിച്ചാല്‍ നിയമനടപടി സ്വീകരിക്കും.
സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് സമയക്രമീകരണം ഏര്‍പ്പെടുത്തിയത്. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങള്‍ സൃഷ്ടിക്കാത്തതുമായ ‘ഹരിത പടക്കങ്ങള്‍’ (ഗ്രീന്‍ ക്രാക്കേഴ്സ്) മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.
ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളില്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടില്ലെന്നും നിര്‍ദേശത്തിലുണ്ട്.