കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പ്രധാന പ്രവിശ്യകളിലൊന്നായ ഗസ്നിയും താലിബാന് പിടിച്ചടക്കി. ഏത് നിമിഷവും തലസ്ഥാനമായ കാബൂള്‍ പിടിച്ചടക്കിയേക്കുമെന്ന അമേരിക്കന്‍ ഇന്റലിജന്‍സ് മുന്നറിയിപ്പിന് പിന്നാലെയാണ് കാബൂളിന് 150 കിലോ മീറ്റര്‍ മാത്രം അകലെയുള്ള ഗസ്നി കീഴടക്കിയത്. മൂന്ന് മാസത്തിനുള്ളില്‍ കാബൂള്‍ താലിബാന് പിടിച്ചടക്കുമെന്നാണ് അമേരിക്കന്‍ ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്.
തന്ത്രപ്രധാന നഗരമായ ഗസ്നിയുടെ നിയന്ത്രണം നഷ്ടമാകുന്നത് അഫ്ഗാന് സൈന്യത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ഇവിടെ സേനയും ഭീകരരും തമ്മിലുള്ള പോരാട്ടം തുടരുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒരാഴ്ചക്കിടെ സൈന്യത്തിന് നിയന്ത്രണം നഷ്ടമാകുന്ന പത്താമത്തെ പ്രവിശ്യാ തലസ്ഥാനമാണ് ഗസ്നി. ഗവര്‍ണറുടെ ഓഫീസ്, പോലീസ് ആസ്ഥാനം, ജയില്‍ തുടങ്ങി നഗരത്തിലെ പ്രധാന ഓഫീസുകളുടെ നിയന്ത്രണം ഭീകരര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനിടെ കാണ്ഡഹാര്‍ ജയില്‍ പിടിച്ചെടുത്ത ഭീകരര്‍ മുഴുവന്‍ കുറ്റവാളികളെയും മോചിപ്പിച്ചിരുന്നു. ജയിലുകളിലുള്ള ഭീകരരായ തടവുകാരെ മോചിപ്പിച്ച് താലിബാന്റെ ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കുന്നതായി വര്‍ത്തകള്‍ വന്നിരുന്നു. ജയില്‍ അധികൃതര്‍ താലിബാന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച ബദാക്ഷന്‍, ബഘ്ലാന് പ്രവിശ്യാ തലസ്ഥാനങ്ങള്‍ കൂടി പിടിച്ചെടുത്തിരുന്നു. കാബൂളിന് വടക്കുള്ള ബഗ്രാം വ്യോമതാവളത്തിലേക്ക് താലിബാന് റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഇവിടെ നൂറുകണക്കിന് സൈനികരാണ് താലിബാന് കീഴടങ്ങിയത്. ബദാക്ഷന്‍ പ്രവിശ്യാ തലസ്ഥാനം ഫൈസാബാദ് കൂടി കീഴ്പ്പെടുത്തിയതോടെ അഫ്ഗാന്റെ വടക്കുകിഴക്കന്‍ മേഖല പൂര്‍ണമായും താലിബാന് അധീനതയിലായി. 1996 മുതല്‍ 2001 വരെ രാജ്യം താലിബാന്റെ നിയന്ത്രണത്തിലായിരുന്നെങ്കിലും വടക്കന്‍ മേഖലയെ വരുതിയിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. തജികിസ്ഥാന്‍, പാകിസ്ഥാന്, ചൈന എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യയാണ് ബദാക്ഷന്‍. ഉസ്ബെക്കിസ്ഥാന്, ഇറാന് എന്നിവയുടെ അതിര്‍ത്തിയിലുള്ള പ്രദേശങ്ങളും താലിബാന് കൈയടക്കിയതോടെ ഈ രാജ്യങ്ങളിലും ആശങ്ക ശക്തമാണ്.
പ്രസിഡന്റ് അഷ്റഫ് ഗനി താലിബാന് കീഴടക്കിയ മസാരി ഷരീഫില്‍ ബുധനാഴ്ച വ്യോമസന്ദര്‍ശനം നടത്തിയിരുന്നു. സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫിനെ മാറ്റി. ജനറല്‍ ഹൈബത്തുള്ള അലിയാസിയായിരിക്കും ഇനി ചീഫ് ഓഫ് സ്റ്റാഫ്. ധനമന്ത്രിയുടെ ചുമതലയുള്ള ഖാലിദ് നേരത്തെ രാജിവെച്ച് രാജ്യം വിട്ടതായും റിപ്പോര്‍ട്ടുണ്ട്. രാജ്യത്ത് സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ പാലായനം തുടരുകയാണ്. അഫ്ഗാനിസ്ഥാനിലെ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതിനൊപ്പം കൗമാരക്കാരായ പെണ്‍കുട്ടികളെയും യുവതികളെയും തട്ടിക്കൊണ്ടുപോകുകയും നിര്‍ബന്ധിച്ച് ഭീകരര്‍ക്ക് വിവാഹം ചെയ്തുകൊടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം താലിബാന് അധികാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് അഫ്ഗാന് സര്‍ക്കാര്‍ രംഗത്തെത്തി. രാജ്യത്ത് അധികരിച്ചു കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഇങ്ങനെ ഒരു വാഗ്ദാനം മുന്നോട്ടു വെച്ചതെന്നാണ് റിപ്പോര്‍ട്ട്. താലിബാനുമായി ഭരണം പങ്കിടാന്‍ സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഗസ്നി പ്രവിശ്യാ തലസ്ഥാനം കൂടി താലിബാന് നിയന്ത്രണത്തിലാക്കിയതോടെയാണ് പരിഹാര ഫോര്‍മുലയുമായി ഭരണകൂടം രംഗത്തെത്തിയത്.
സര്‍ക്കാര്‍ നീക്കത്തിന്റെ വാര്‍ത്തകള്‍ പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഖത്തര്‍ മുഖേനെയാണ് ഭരണം പങ്കിടാനുള്ള സന്നദ്ധത അഫ്ഗാന് ഭരണകൂടം താലിബാനെ അറിയിച്ചതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഇതേക്കുറിച്ച് തലസ്ഥാനമായ കാബൂളിലുള്ള പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, അഫ്ഗാനിസ്താനിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനായി ഖത്തറിന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.