ന്യൂഡല്‍ഹി: വിദേശങ്ങളില്‍ പടരുന്ന ഒമിക്രോണ്‍ വകഭേദങ്ങള്‍ രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയോടെ കേന്ദ്രം. സംസ്ഥാനങ്ങള്‍ക്ക് കര്‍ശന ജാഗ്രത തുടരാന്‍ കേന്ദ്ര ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി. എന്നാല്‍ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ തല്ക്കാലം മാറ്റമില്ല.
ഒരിടവേളത്ത് ശേഷം വീണ്ടും കോവിഡ് രോഗബാധ പടരുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ വിശകലനം ചെയ്യുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. ഇന്ന് ചേരുന്ന യോഗത്തില്‍ നടപടിക്രമങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തും.
പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ റാന്‍ഡം പരിശോധന തുടങ്ങി. എന്നാല്‍ രാജ്യാന്തര യാത്രയ്ക്കുള്ള എയര്‍ സുവിധ ഫോം തല്ക്കാലം തിരിച്ചു കൊണ്ടുവരില്ല. വിമാനത്താവളങ്ങളിലെ പരിശോധന ഫലം ആദ്യം വിലയിരുത്തും. ഉത്സവസമയങ്ങളില്‍ ജാഗ്രതയ്ക്ക് വീണ്ടും നിര്‍ദേശം നല്‍കും. അതേസമയം ദില്ലിയിലെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇന്ന് യോഗം വിളിച്ചു.
ചൈനയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ വ്യാപിക്കുന്ന ഒമിക്രോണിന്റെ ബിഎഫ് 7, ബിഎഫ് 12 എന്നീ ഉപവകഭേദങ്ങള്‍ രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.