ബദിയടുക്ക: ടവറിന് മുകളില്‍ കയറി മൗവ്വാര്‍ സ്വദേശി ആത്മഹത്യാഭീഷണി മുഴക്കി. മൗവ്വാര്‍ നെല്ലിയടുക്കം അഭയത്തിലെ പി.കെ മോഹന്‍ദാസ് ആണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ഇന്ന് രാവിലെയാണ് ആറുമണിയോടെയാണ് മോഹന്‍ദാസ് ബദിയടുക്ക ടൗണിലെ ടവറിന് മുകളില്‍ കയറിയത്. പെട്രോള്‍ നിറച്ച കന്നാസും നൈലോണ്‍ കയറും കുറച്ച് വസ്ത്രങ്ങളും മോഹന്‍ദാസ് കൈവശം വെച്ചിരുന്നു. നീര്ച്ചാല് വില്ലേജിലെ മൂക്കംപാറയില്‍ മോഹന്‍ദാസിന് ഒരു ഏക്കര്‍ 14 സെന്റ് സ്ഥലം തനിക്കുണ്ടെന്നും ഇതില്‍ 18 സെന്റ് സ്ഥലത്തിന് മാത്രമാണ് പട്ടയം അനുവദിച്ചതെന്നും ബാക്കി സ്ഥലത്തിന് പട്ടയം അനുവദിക്കണമെന്നുമാണ് മോഹന്‍ദാസിന്റെ ആവശ്യം. ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്ന് മോഹന്‍ദാസ് പറയുന്നു. മൂന്ന് വര്‍ഷം മുമ്പ് മോഹന്‍ദാസ് കലക്ടറേറ്റ് കോമ്പൗണ്ടിനകത്തെ ടവറില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. ഇതേ ടവറില്‍ തന്നെ 2020ലും മോഹന്‍ദാസ് കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. അന്ന് ആര്.ഡി.ഒ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മോഹന്‍ദാസ് ടവറില്‍ നിന്ന് താഴെയിറങ്ങിയത്. എന്നാല്‍ പ്രശ്നത്തിന് ഇനിയും പരിഹാരമുണ്ടായിട്ടില്ല. ഇത് മൂന്നാംതവണയാണ് ആത്മഹത്യാഭീഷണി മുഴക്കുന്നത്. വിവരമറിഞ്ഞ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സ്ഥലത്തെത്തി. ബദിയടുക്ക എസ്.ഐ കെ.പി വിനോദ്കുമാറും ഡെപ്യൂട്ടി തഹസില്‍ദാര്‍ നാരായണനും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ശ്രമം നടത്തിയിട്ടും മോഹന്‍ദാസ് താഴെയിറങ്ങാന്‍ കൂട്ടാക്കിയില്ല. ചായ വേണമെന്നാവശ്യപ്പെട്ടതോടെ നാട്ടുകാരില്‍ ചിലര്‍ ചായയുമായി ടവറിന് മുകളില്‍ കയറുകയും മോഹന്‍ദാസ് ചായ കുടിച്ച ഉടനെ സൂത്രത്തില്‍ താഴേക്ക് ഇറക്കുകയുമായിരുന്നു.