ഒരു സ്വാഗതപ്രസംഗത്തിന്റെ 45 വര്‍ഷങ്ങള്‍...
കഴിഞ്ഞ ദിവസം വീട്ടില്‍ കാണാന്‍ ചെന്നപ്പോള്‍ കാസര്‍കോട് നഗരസഭാ മുന്‍ ചെയര്‍മാനും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടുമായ ടി.ഇ അബ്ദുല്ല മുന്നില്‍ തുറന്നുവെച്ച പെട്ടിയില്‍ കാസര്‍കോടന്‍ ചരിത്രങ്ങളുടെ സൂക്ഷിപ്പുണ്ട്. ഏറെയും അദ്ദേഹത്തിന്റെ പിതാവ്, മുന്‍ എം.എല്‍.എ കൂടിയായ പരേതനായ ടി.എ ഇബ്രാഹിം സാഹിബിന്റെ പ്രവര്‍ത്തനമേഖലയുമായി ബന്ധപ്പെട്ട കുറേ രേഖകള്‍. പത്തമ്പത് വര്‍ഷം പഴക്കമുള്ളവയാണ് അവയിലേറെയും. നിയമസഭാ പ്രസംഗങ്ങളും വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ സമരങ്ങളുടെ രേഖകളും ഗവര്‍ണര്‍ക്ക് അയച്ച മെമ്മോറാണ്ടവും പലര്‍ക്കും അയച്ച കത്തുകളും മറുപടിയുമൊക്കെയുണ്ട് ആ പെട്ടിയില്‍ […]
കഴിഞ്ഞ ദിവസം വീട്ടില്‍ കാണാന്‍ ചെന്നപ്പോള്‍ കാസര്‍കോട് നഗരസഭാ മുന്‍ ചെയര്‍മാനും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടുമായ ടി.ഇ അബ്ദുല്ല മുന്നില്‍ തുറന്നുവെച്ച പെട്ടിയില്‍ കാസര്‍കോടന്‍ ചരിത്രങ്ങളുടെ സൂക്ഷിപ്പുണ്ട്. ഏറെയും അദ്ദേഹത്തിന്റെ പിതാവ്, മുന്‍ എം.എല്‍.എ കൂടിയായ പരേതനായ ടി.എ ഇബ്രാഹിം സാഹിബിന്റെ പ്രവര്‍ത്തനമേഖലയുമായി ബന്ധപ്പെട്ട കുറേ രേഖകള്‍. പത്തമ്പത് വര്‍ഷം പഴക്കമുള്ളവയാണ് അവയിലേറെയും. നിയമസഭാ പ്രസംഗങ്ങളും വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ സമരങ്ങളുടെ രേഖകളും ഗവര്‍ണര്‍ക്ക് അയച്ച മെമ്മോറാണ്ടവും പലര്‍ക്കും അയച്ച കത്തുകളും മറുപടിയുമൊക്കെയുണ്ട് ആ പെട്ടിയില്‍ […]

കഴിഞ്ഞ ദിവസം വീട്ടില്‍ കാണാന്‍ ചെന്നപ്പോള്‍ കാസര്‍കോട് നഗരസഭാ മുന്‍ ചെയര്‍മാനും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടുമായ ടി.ഇ അബ്ദുല്ല മുന്നില്‍ തുറന്നുവെച്ച പെട്ടിയില്‍ കാസര്‍കോടന്‍ ചരിത്രങ്ങളുടെ സൂക്ഷിപ്പുണ്ട്. ഏറെയും അദ്ദേഹത്തിന്റെ പിതാവ്, മുന്‍ എം.എല്‍.എ കൂടിയായ പരേതനായ ടി.എ ഇബ്രാഹിം സാഹിബിന്റെ പ്രവര്‍ത്തനമേഖലയുമായി ബന്ധപ്പെട്ട കുറേ രേഖകള്‍. പത്തമ്പത് വര്‍ഷം പഴക്കമുള്ളവയാണ് അവയിലേറെയും. നിയമസഭാ പ്രസംഗങ്ങളും വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ സമരങ്ങളുടെ രേഖകളും ഗവര്‍ണര്‍ക്ക് അയച്ച മെമ്മോറാണ്ടവും പലര്‍ക്കും അയച്ച കത്തുകളും മറുപടിയുമൊക്കെയുണ്ട് ആ പെട്ടിയില്‍ കൂട്ടത്തില്‍, 1978 ജനുവരി 19ന് കാസര്‍കോട് 'പാണക്കാട് പൂക്കോയ തങ്ങള്‍ നഗറി'ല്‍ ചേര്‍ന്ന താലൂക്ക് മുസ്ലിം ലീഗ് സമ്മേളനത്തില്‍ സ്വാഗതസംഘം പ്രസിഡണ്ടായിരുന്ന ടി.എ ഇബ്രാഹിം എം.എല്‍.എ നടത്തിയ സ്വാഗതപ്രസംഗത്തിന്റെ പ്രിന്റ് ചെയ്ത കോപ്പിയുമുണ്ട്. 45 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ആ സ്വാഗതപ്രസംഗം ഇവിടെ പ്രസിദ്ധീകരിക്കുന്നു...
***
"ബഹുമാന്യരെ,
അസ്സലാമു അലൈക്കും...
പതിനാലു നൂറ്റാണ്ടു കാലത്തെ ഇസ്ലാമിക ചരിത്രത്തിന്റെ രോമാഞ്ചഭരിതമായ തുടിപ്പുകളുറങ്ങുന്ന കാസര്‍കോട് ഇന്ന് മുസ്ലിംലീഗിന്റെ അത്യുജ്ജലമായ ഒരു സമ്മേളനത്തിന് സാക്ഷ്യം വഹിക്കുകയാണ്. മുസ്ലിം ലീഗിന്റെ ആവിര്‍ഭാവത്തോളം തന്നെ പഴക്കമുള്ള കാസര്‍കോട്ടെ ലീഗിന്റെ ചരിത്രത്തില്‍ ഉദാത്തമായ ഒരദ്ധ്യായം കൂടി എഴുതിച്ചേര്‍ക്കാന്‍ അനുഗ്രഹം നല്‍കിയ സര്‍വ്വശക്തനായ അല്ലാഹുവെ ഈ അവസരത്തില്‍ സ്തുതിക്കുന്നു-അവനത്രെ സര്‍വ്വസ്തുതിയും.
പരിപാവനമായ ഇസ്ലാമിന്റെ വിശുദ്ധ സന്ദേശവുമായി ഹസ്രത്ത് മാലിക് ദീനാര്‍ (റ:അ)യുടെ നേതൃത്വത്തില്‍ ഇവിടെ എത്തിചേര്‍ന്ന ദൗത്യസംഘം, ജനഹൃദയങ്ങളില്‍ പരത്തിയ പ്രകാശത്തിന്റെ പശ്ചാത്തലത്തില്‍ ഉരുത്തിരിഞ്ഞ സാംസ്‌കാരികവും മതപരവുമായ ഉത്തേജനം കാസര്‍കോട്ടെ സാംസ്‌കാരിക ചരിത്രത്തിന്റെ പ്രധാന നാഴികക്കല്ലാണ്.
അതുകൊണ്ടുതന്നെ കേരള ചരിത്രത്തില്‍ മറ്റധികം പ്രദേശങ്ങള്‍ക്കില്ലാത്ത പ്രാധാന്യം കാസര്‍കോടിനുണ്ട്. 1906ല്‍ മുസ്ലിം ലീഗ് സ്ഥാപിതമായതിനുശേഷം ഒരു ദശാബ്ദകാലത്തിനുള്ളില്‍ മദ്രാസ് പ്രസിഡന്‍സി മുസ്ലിംലീഗ് രൂപീകൃതമായപ്പോള്‍ തന്നെ കാസര്‍കോടിന്റെ വീരസന്താനമായ മര്‍ഹൂം മഹമ്മൂദ് ഷംനാട് സാഹിബ് അതിലൊരംഗമായിരുന്നു. 1937ല്‍ സത്താര്‍ സേട്ടുവിന്റെയും സീതിസാഹിബിന്റെയും പരിശ്രമഫലമായി മലബാര്‍ ജില്ലാ മുസ്ലിം ലീഗ് സ്ഥാപിതമായപ്പോള്‍ തന്നെ സീതി സാഹിബിന്റെ അധ്യക്ഷതയില്‍ കാസര്‍കോടും ചേര്‍ന്ന് മുസ്ലിംലീഗിന്റെ നിര്‍ണ്ണായകമായ പ്രചരണയോഗം ഇവിടുത്തെ ലീഗ് പ്രവര്‍ത്തനങ്ങള്‍ക്കു നാന്ദികുറിച്ചു. അന്നത്തെ തെക്കന്‍ കര്‍ണ്ണാടകയില്‍ ആദ്യമായി മുസ്ലിംലീഗിന്റെ സന്ദേശം ആഞ്ഞടിച്ചത് കാസര്‍കോടുവെച്ചായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. 1940ല്‍ അവിഭക്ത ബംഗാളിലെ മുഖ്യമന്ത്രിയായിരുന്ന ഫസലുല്‍ ഹഖിന്റെ അധ്യക്ഷതയില്‍ കോഴിക്കോടു ചേര്‍ന്ന ജില്ലാ ലീഗ് സമ്മേളനത്തിലും 1941ല്‍ ജിന്നാസാഹിബിന്റെ അധ്യക്ഷതയില്‍ മദ്രാസ്സില്‍ ചേര്‍ന്ന അഖിലേന്ത്യാ മുസ്ലിംലീഗ് സമ്മേളനത്തിലും കാസര്‍കോടുനിന്നും ഒട്ടേറെ പേര്‍ പങ്കെടുക്കുകയുണ്ടായി. 1945ല്‍ മുസ്ലിം ലീഗ് നേതാവ് ഖാസി ഈസാ സാഹിബും 1946ല്‍ നവാബ്‌സാദാലിയാഖത്തലിഖാനും ഇവിടെ സന്ദര്‍ശിച്ചപ്പോള്‍ നല്‍കപ്പെട്ട അത്യുജ്ജ്വലവും നഗരത്തെ രോമാഞ്ചഭരിതവുമാക്കിയ സ്വീകരണങ്ങള്‍ പഴയ തലമുറയുടെ മനസില്‍ മായാതെ ഇപ്പോഴും പച്ചപിടിച്ചു കിടക്കുന്നു.
1946ല്‍ തന്നെ മദ്രാസ് പ്രസിഡന്‍സിയിലേക്കു നടന്ന പൊതുതെരഞ്ഞെടുപ്പില്‍ മലബാറിലെ മറ്റു നിയോജക മണ്ഡലങ്ങളില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കും ഇതരപാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നേരിടേണ്ടി വന്നപ്പോള്‍, കാസര്‍കോട് മുസ്ലിം നിയോജക മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന മര്‍ഹും മാഹിന്‍ ശംനാട് സാഹിബ് എതിരില്ലാതെയാണ് തിരഞ്ഞടുക്കപ്പെട്ടത് എന്ന വസ്തുത കാസര്‍കോട്ടെ മുസ്ലിംകള്‍ ഒന്നടങ്കം മുസ്ലിംലീഗില്‍ അണിനിരന്നിരുന്നുവെന്നതിനുള്ള ഏറ്റവും മികച്ച തെളിവാണ്. ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇന്ത്യയിലെ മുസല്‍മാന്‍മാര്‍ക്കെതിരെ കൈക്കൊണ്ട നയങ്ങളില്‍ പ്രതിഷധിച്ച സ്ഥാനമാനങ്ങള്‍ വലിച്ചെറിയാന്‍ മുസ്ലിംലീഗ് ആഹ്വാനം ചെയ്തപ്പോള്‍ ഇതരകേന്ദ്രങ്ങളിലെ ചില നേതാക്കള്‍ അറച്ചു നിന്ന് കാലു പിന്നോട്ടുവെച്ചപ്പോള്‍, കാസര്‍കോട്ടെ ലീഗ് നേതാക്കളായ ഖാന്‍ ബഹദൂര്‍ മഹ്മൂദ് ഷംനാട് സാഹിബും സഹോദരന്‍ ഖാന്‍ സാഹിബ് മാഹിന്‍ ഷംനാടും താന്താങ്ങളുടെ ബിരുദങ്ങള്‍ വലിച്ചെറിയുക വഴി സംഘടനയോടുള്ള കൂറും അനുസരണയും കാണിച്ച ചരിത്രമാണ് കാസര്‍കോടിനുള്ളത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യയിലെ മുസ്ലിംകളുടേയും മറ്റ് ന്യൂന പക്ഷങ്ങളുടെയും അവകാശ സംരക്ഷണത്തിന് വേണ്ടി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സ്ഥാപിച്ചു. അവകാശ സംരക്ഷണത്തിന് സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അധികാരി വര്‍ഗ്ഗത്തിന്റെ ഭീഷണി മുസ്ലിം ലീഗിന് മുകളില്‍ കഴുകന്മാരെപ്പോലെ പറന്നു കളിച്ചപ്പോള്‍ ലീഗുകാരെ, പൂമാലകള്‍ക്കു പകരം കയ്യാമങ്ങളും കല്‍ത്തുറുങ്കുകളും സ്വീകരിക്കാനൊരുങ്ങിയപ്പോള്‍ ഭീതിയുടെ കരിനിഴല്‍ പരന്ന അന്തരീക്ഷത്തില്‍ ഭീഷണികള്‍ക്ക് നേരെ നെഞ്ചുയര്‍ത്തി നിന്ന കാസര്‍ക്കോടിന്റെ വീരസന്താനങ്ങളായ ഒട്ടേറെ പേരെ ഞങ്ങളിവിടെ സ്മരിക്കട്ടെ. മുസ്ലിം ലീഗ് കമ്മിറ്റികള്‍ എവിടെയെങ്കിലും പിറന്നുവെന്നറിഞ്ഞാല്‍ കയ്യാമങ്ങളുമായി അധികാരികള്‍ പാഞ്ഞുനടന്നിരുന്ന നാല്‍പത്തെട്ടുകളില്‍ കാസര്‍കോട് മുസ്ലിം ലീഗിന്റെ നേതൃത്വം സ്വീകരിക്കാനും പ്രസിഡണ്ട് പദവി അലങ്കരിക്കാനും സധീരം മുന്നോട്ടുവന്നു ജയിലില്‍ പോകാന്‍ തയ്യാറായ മര്‍ഹൂം നെച്ചിപ്പടപ്പില്‍ മമ്മൂഞ്ഞി മൗലവി, യുവജന ചൈതന്യത്തിന്റെ വാഗ്ജ്വാലയായി അറിയപ്പെട്ടിരുന്ന മാപ്പിള മഹാകവി ടി. ഉബൈദ് സാഹിബ്, ജീവിതം തന്നെ ലീഗിന് വേണ്ടി സമര്‍പ്പിച്ച എ.ആര്‍. കരിപ്പൊടി സാഹിബ് എന്നിവര്‍ അവരില്‍ ചിലരാണ്.
മുസ്ലിം ലീഗിന്റെ വളര്‍ച്ചയിലെ ത്യാഗപൂര്‍ണവും വേദനാജനകവുമായ പടവുകള്‍ പിന്നിട്ട് ഇന്ന് ഇതൊരു നിര്‍ണ്ണായക ശക്തിയായി ഇവിടെ വളര്‍ന്നുകഴിഞ്ഞു. അടുത്തകാലത്ത് മുസ്ലിംലീഗിലുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവവികാസങ്ങള്‍ ഇവിടത്തെ മുസ്ലിം ബഹുജനങ്ങളെ ദുഃഖിപ്പിച്ചുവെങ്കിലും മുസ്ലിം ലീഗിന്റെ ശക്തി ഇവിടെ അനുദിനം ഉത്തരോത്തരം വളര്‍ന്നു വരികയാണെന്നും ഇവിടെ ചേര്‍ന്ന ഈ മഹാസമ്മേളനം ഒരിക്കല്‍കൂടി തെളിയിക്കുന്നു.
ഈ അവസരത്തില്‍ ഇവിടെ എത്തിച്ചേര്‍ന്ന മുസ്ലിംലീഗിന്റെ സമുന്നതരായ നേതാക്കളേയും, ഇവിടെ മഹാസമുദ്രം പോലെ തിങ്ങിക്കൂടിയ ബഹുജനങ്ങളേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു."
-ടി.എ.എസ്