ഉദുമ: ജില്ലയില്‍ പ്രധാനപ്പെട്ട സംസ്ഥാന പാതയായ ചെര്‍ക്കള-ജാല്‍സൂര്‍ പാത അഭിവൃദ്ധിപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നൂറു കോടി അനുവദിച്ചതായി സി എച്ച് കുഞ്ഞമ്പു എംഎല്‍എ അറിയിച്ചു. ദേശീയപാത ചെര്‍ക്കള ജങ്ഷനില്‍ നിന്ന് ആരംഭിച്ച് കര്‍ണ്ണാടക ജാല്‍സൂരില്‍ അവസാനിക്കുന്ന ഈ അന്തര്‍ സംസ്ഥാന റോഡിന് 39.138 കിലോ മീറ്റര്‍ നീളമുണ്ട്. ജില്ലയില്‍ ബിഎം ആന്‍ഡ് ബിസി ചെയ്ത ആദ്യ റോഡാണിത്.
2012 ല്‍ കെഎസ്ടിപിയാണ് ഈ പ്രവൃത്തി ഏറ്റെടുത്തത്. 2015ല്‍ ഉപരിതലം പൂര്‍ണ്ണമായി പുതുക്കേണ്ട ഈ റോഡ് കുഴികള്‍ രൂപപ്പെട്ട സ്ഥലത്ത് അറ്റകുറ്റ പണികള്‍ ചെയ്തതല്ലാതെ മേജര്‍ പ്രവര്‍ത്തികള്‍ ഒന്നും തന്നെ 10 വര്‍ഷമായിട്ട് ചെയ്തില്ല. അതിനാല്‍ ജില്ലയിലെ മറ്റ് റോഡുകളെ അപേക്ഷിച്ച് ഏറെ പരിതാപകരമായ സ്ഥിതിയിലാണ് ഈ റോഡുള്ളത്.
ഏറെ ഗതാഗതത്തിരക്കുള്ള ഈ റോഡില്‍ വളവുകളും, തിരിവുകളും മൂലം അപകടങ്ങള്‍ നിത്യ സംഭവങ്ങളാണ്. നിരവധി പേര് അപകടത്തില്‍ മരിച്ചു. കോട്ടൂര്‍ വളവിലാണ് കൂടുതലും അപകടവും മരണവും. തിരക്കേറിയ ഈ റോഡില്‍ ശബരിമല സീസണാകുന്നതോടെ ഗതാഗതം ഇരട്ടിയാകുന്നു.
നിലവില്‍ 5.50 മീറ്റര്‍ വീതിയാണ് ടാറിങ്ങുള്ളത്. ഇത് അപകടം കൂടാന്‍ കാരണമാകുന്നു. പത്തുമുതല്‍ 12 മീറ്റര്‍ വരെ സ്ഥല ലഭ്യതയുള്ള ഈ റോഡ് ഭൂമി അക്വയര്‍ ചെയ്യാതെ തന്നെ അഭിവൃദ്ധിപ്പെടുത്താന്‍ സാധിക്കും. ഈ വിഷയങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത ഉടന്‍ എംഎല്‍എ ആദ്യ നിവേദനത്തില്‍ പിഡബ്ല്യുഡി മന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയില്‍ പെടുത്തിയിരുന്നു. റോഡ് കെഎസ്ടിപി തന്നെ ഏറ്റെടുത്ത് അഭിവൃദ്ധിപ്പെടുത്തും. ഇതിന്റെ ഭാഗമായി റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ജര്‍മ്മന്‍ സാമ്പത്തിക സഹായത്തോടെ ചെയ്യുന്ന പ്രൊജക്ടില്‍ ചെര്‍ക്കള-ജാല്‍സൂര്‍ റോഡും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നുറുകോടി രൂപയാണ് കെഎസ്ടിപി ഈ റോഡിനായി ചെലവിടുന്നത്. ഔട്ട്പുട്ട് ആന്‍ഡ് പെര്‍ഫോമന്‍സ് ബേയ്സ്ഡ് റോഡ് കോണ്ട്രാക്റ്റ് വ്യവസ്ഥ പ്രകാരം പ്രവൃത്തി ഉടന്‍ ടെന്‍ണ്ടര്‍ ചെയ്യുമെന്നും എംഎല്‍എ അറിയിച്ചു. ഈ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന് ഏഴു കൊല്ലത്തോളം റോഡ് പൂര്‍ണ്ണമായി സംരക്ഷിക്കേണ്ടതിന്റെ ചുമതല ഏറ്റെടുക്കുന്ന വ്യവസ്ഥയാണ് ഒപിബിആര്‍സി.