updated on:2018-07-11 06:22 PM
ജില്ലയില്‍ കുട്ടികളുടെ കേസുകളുടെ ചുമതല ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ടിന്; പ്രത്യേക ന്യായാധിപനില്ലാത്തത് ജോലി ഭാരം കൂട്ടുന്നു

www.utharadesam.com 2018-07-11 06:22 PM,
കാസര്‍കോട്: ജില്ലയില്‍ കുട്ടികളുടെ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ന്യായാധിപനില്ലാത്തത് ഇത്തരം കേസുകളിലെ നിയമവ്യവഹാരങ്ങളെ പ്രതിസന്ധിയിലാഴ്ത്തുന്നു.
പ്രായപൂര്‍ത്തിയാകാത്തവര്‍ പ്രതികളായ കേസുകള്‍ പരിഗണനക്കെടുക്കുന്നത് ജുവനൈല്‍ കോടതിയാണ്. കാസര്‍കോട് ജില്ലയില്‍ പരവനടുക്കത്താണ് ജുവനൈല്‍ കോടതിയുള്ളത്. ശിക്ഷിക്കപ്പെടുന്ന കുട്ടിക്കുറ്റവാളികളെ ജുവനൈല്‍ ഹോമില്‍ പാര്‍പ്പിക്കുന്നു. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ജുവനൈല്‍ കോടതികള്‍ക്ക് വേണ്ടിമാത്രം ന്യായാധിപന്‍മാരുണ്ട്.
കുട്ടികളുമായി ബന്ധപ്പെട്ട കേസുകളില്‍ വിചാരണയും മറ്റ് നടപടിക്രമങ്ങളും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് ഇത് ഏറെ പ്രയോജനപ്പെടുകയും ചെയ്യുന്നു.
എന്നാല്‍ കാസര്‍കോട് ജില്ലയില്‍ ജുവനൈല്‍ കോടതിക്ക് മാത്രമായി ഒരു ന്യായാധിപനില്ല.
കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതിക്കാണ് ഇപ്പോള്‍ ജുവനൈല്‍ കോടതിയിലെ കേസുകളുടെയും ചുമതലയുള്ളത്. മുമ്പ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനായിരുന്നു ചുമതല. അടുത്തിടെയാണ് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടിനെ ഉത്തരവാദിത്വം ഏല്‍പ്പിച്ചത്.
ചെറുതും വലുതുമായ ആയിരക്കണക്കിന് കേസുകള്‍ പരിഗണിക്കുന്നതുകൊണ്ട് ജില്ലയില്‍ ഏറ്റവുമധികം തിരക്കുള്ള കോടതിയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതി.
അക്രമം, വാഹനാപകടം, പൊതുസ്ഥലത്തെ മദ്യപാനം, പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വാഹനമോടിക്കാന്‍ നല്‍കുന്ന സംഭവങ്ങള്‍ തുടങ്ങി സമൂഹത്തില്‍ നടക്കുന്ന ഗൗരവമേറിയതും അല്ലാത്തതുമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ദിവസവും കേസുകളുടെ കൂമ്പാരം തന്നെ ഈ കോടതിയിലുണ്ട്. അക്കാരണത്താല്‍ തന്നെ ജോലിഭാരം കാരണം ഏറ്റവുമധികം ബുദ്ധിമുട്ടനുഭവിക്കുന്ന ജീവനക്കാരുള്ളതും ഒന്നാം ക്ലാസ് കോടതിയിലാണ്. കേസ് ഫയലുകളുടെ പെരുപ്പം കാരണം മജിസ്‌ട്രേട്ടിനും നിന്നു തിരിയാന്‍ സമയമില്ലാത്ത അവസ്ഥയാണ്. ഇതിനിടയിലാണ് ജുവനൈല്‍ കോടതിയുടെ ഉത്തരവാദിത്വവും നിറവേറ്റേണ്ടത്.
ജില്ലയില്‍ സമുദായിക സംഘര്‍ഷം, വാഹനമോഷണം, മറ്റ് കവര്‍ച്ചകള്‍, അക്രമങ്ങള്‍, മണല്‍ക്കടത്ത് തുടങ്ങി വിവിധ കേസുകളില്‍ പ്രതികളാകുന്ന കുട്ടികളുടെ എണ്ണം സമീപകാലത്തായി വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരം കേസുകളിലെല്ലാം വേഗത്തില്‍ തീര്‍പ്പുണ്ടാക്കുന്നതിന് ജുവനൈല്‍ കോടതിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകണമെന്നും ഇതിനായി മറ്റ് ചുമതലകളില്ലാത്ത മജിസ്‌ട്രേട്ടിന്റെയും ജീവനക്കാരുടെയും സേവനങ്ങള്‍ അനിവാര്യമാണെന്നും നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.Recent News
  സൈക്കിളില്‍ ഐസ് വില്‍പനയുമായി സൂര്യ അരനൂറ്റാണ്ടിലേക്ക്

  നീര്‍ച്ചാലിലും പരിസരങ്ങളിലും കവര്‍ച്ച പതിവായി; പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല

  സ്ഥിരമായൊരു നടപ്പാലം വേണം; മിന്‍ചിനടുക്ക കാത്തിരിക്കുന്നു

  മനം നിറക്കാന്‍ ബെള്ളച്ചാല്‍ വെള്ളച്ചാട്ടം

  ലഹരിക്കെതിരെ ആറ് വയസുകാരന്റെ സൈക്കിള്‍ സവാരി

  ഗതാഗതനിയന്ത്രണമില്ല; ബദിയടുക്ക ടൗണില്‍ അപകടം പതിയിരിക്കുന്നു

  ഭവന നിര്‍മ്മാണത്തിനുള്ള അപേക്ഷ സമര്‍പ്പിച്ച് വര്‍ഷങ്ങളായി; കനിവ് തേടി കുടുംബം

  കാരുണ്യം തേടി രോഗിയായ റിയാനയും കുടുംബവും

  ജന്മനാ മലദ്വാരമില്ല; ദുരിതം പേറി നാലു വയസുകാരി

  ജപ്പാനിലെ ജയിലില്‍ കഴിയുന്ന മകനെയോര്‍ത്ത് മനസ്സ് നീറിയ കുമാരേട്ടന്‍ മരണത്തിന് കീഴടങ്ങി

  എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയിലെ പി.എച്ച്.സിക്ക് പറയാനുള്ളത് അവഗണനയുടെ കഥ

  മൂന്നുവര്‍ഷം മുമ്പ് തുടങ്ങിയ കെ.എസ്.ടി.പിറോഡ് നിര്‍മ്മാണം എന്ന് പൂര്‍ത്തിയാകുമെന്നറിയാതെ അധികൃതര്‍; അനധികൃതപാര്‍ക്കിംഗ് ജോലിക്ക് തടസമാകുന്നു

  അധികാരികള്‍ കനിയുന്നില്ല; ജപ്പാന്‍ ജയിലില്‍ കഴിയുന്ന മകന്റെ മോചനത്തിന് വഴിയില്ലാതെ മാതാപിതാക്കള്‍

  അവഗണനയുടെ മഴനനഞ്ഞ് മുളിയാര്‍ വില്ലേജ് ഓഫീസ്

  സര്‍ക്കാറിന്റെ പകപോക്കല്‍ നയം വികസന സ്തംഭനത്തിന് കാരണമാകുന്നു-നഗരസഭാ ചെയര്‍പേഴ്‌സണ്‍