updated on:2018-07-07 07:08 PM
പി.എ. എഞ്ചിനീയറിംഗ് കോളേജിന് മികച്ച ഗവേഷണ സൗകര്യങ്ങള്‍ക്കുള്ള അംഗീകാരം

www.utharadesam.com 2018-07-07 07:08 PM,
മംഗളൂരു: കര്‍ണാടകയിലെ വിശ്വേശ്വരയ്യ സാങ്കേതിക സര്‍വ്വകലാശാലക്ക് (വി.ടി.യു.) കീഴിലെ എഞ്ചിനീയറിംഗ് കോളേജുകളില്‍ മികച്ച ഗവേഷണ സൗകര്യങ്ങള്‍ക്ക് മംഗലാപുരം പി.എ. കോളേജ് ഓഫ് എഞ്ചിനീയറിംഗിന് അംഗീകാരം. 20 പ്രമുഖ കോളേജുകളെ അടിസ്ഥാനമാക്കി നടത്തിയ സര്‍വ്വേയില്‍ പി.എ. എഞ്ചിനീയറിംഗ് കോളേജിന് നാലാം റാങ്ക് ലഭിച്ചു. പൂര്‍ത്തീകരിക്കപ്പെട്ട ഗവേഷണ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ പി.എ. കോളേജിന് ഒന്നാം റാങ്കും ലഭിച്ചു. വെബ് ഓഫ് സയന്‍സ് (ഡബ്‌ള്യു.ഒ.എസ്.) റിസര്‍ച്ച് പബ്ലിക്കേഷന്റെ ആഭിമുഖ്യത്തില്‍ 1989 മുതല്‍ 2015 വര്‍ഷത്തെ കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് റാങ്കിംഗ് ഏര്‍പ്പെടുത്തിയത്. മംഗലാപുരം റീജ്യണില്‍ മികച്ച ഗവേഷണ സൗകര്യമുള്ള സാങ്കേതിക സ്ഥാപനങ്ങളില്‍ ടോപ്പ് ട്വന്റിയില്‍ പി.എ. എഞ്ചിനീയറിംഗ് കോളേജ് മാത്രമാണ് ഉള്‍പ്പെട്ടത്. ആദ്യത്തെ അഞ്ച് റാങ്കുകളില്‍ പി.എ. കോളേജ് ഒഴിച്ച് നാല് കോളേജുകളും അരനൂറ്റാണ്ട് മുമ്പ് സ്ഥാപിക്കപ്പെട്ടതും നിരവധി ശാഖകളുള്ളതുമാണെന്നതിനാല്‍ 4-ാം റാങ്ക് നേട്ടം ഏറെ അഭിമാനകരമാണ്. 2000 ത്തില്‍ സ്ഥാപിക്കപ്പെട്ട പി.എ. എഞ്ചിനീയറിംഗ് കോളേജില്‍ 2015 വരെ 198 ഗവേഷണ പ്രബന്ധങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കൂടാതെ 2016 മുതല്‍ ഇത് വരെ 180 ഗവേഷണ പ്രബന്ധങ്ങളും 4 പുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടതും മറ്റൊരു നേട്ടമാണെന്ന് കോളേജ് വൃത്തങ്ങള്‍ അറിയിച്ചു. ഇതോടൊപ്പം 3 പേറ്റന്റുകളും അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ എം.എസ്.എം.ഇ. ടെക്‌നോളജി ഇന്‍കുബേഷന്‍ സെന്ററും പി.എ. കോളേജില്‍ പ്രവര്‍ത്തിച്ചുവരുന്നു. മംഗലാപുരം റീജിയണിലെ ഏക ഇന്‍ക്യുബേഷന്‍ സെന്റര്‍ കൂടിയാണിതെന്ന് പത്രകുറിപ്പില്‍ അറിയിച്ചു.