updated on:2019-04-09 06:01 PM
വേനല്‍മഴ ആശ്വാസത്തിനൊപ്പം ആശങ്കയും വിതച്ചു; ശക്തമായ കാറ്റില്‍ പരക്കെ നഷ്ടം

കാലിയടുക്കത്തെചാര്‍ത്തന്റെ വാഴകൃഷി നശിച്ചനിലയില്‍
www.utharadesam.com 2019-04-09 06:01 PM,
കാസര്‍കോട്: ജില്ലയില്‍ ഇന്നലെ വൈകിട്ടുമുതലുണ്ടായ വേനല്‍മഴ ആശ്വാസത്തിനൊപ്പം ആശങ്കയ്ക്കും കാരണമായി. മലയോരപ്രദേശങ്ങള്‍ അടക്കമുള്ള ഭാഗങ്ങളില്‍ വീശിയടിച്ച ശക്തമായ കാറ്റില്‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. വിവിധ സ്ഥലങ്ങളില്‍ മരങ്ങള്‍ ഒടിഞ്ഞുവീണത് വൈദ്യുതിബന്ധം തടസപ്പെടാന്‍ കാരണമായി. മാവുങ്കാല്‍, പെരിയ, രാജപുരം, പാണത്തൂര്‍, ഇരിയ ഫീഡറുകളിലെല്ലാം പൂര്‍ണമായും വൈദ്യുതി മുടങ്ങി. കാറ്റില്‍മരം പൊട്ടിവീണത് ഇരിയയില്‍ ഗതാഗതം തടസ്സപ്പെടാന്‍ കാരണമായി. തായന്നൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ ശാഖ പ്രവര്‍ത്തിക്കുന്ന ഏഴാം മൈലിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര കാറ്റില്‍ നിലംപതിച്ചു. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രം റോഡിലെ ഭാസ്‌കരന്റെ വീട്ടുമുറ്റത്തെ തെങ്ങ് കടപുഴകിവീണു. നഗരത്തിലെ സ്ഥാപനങ്ങളുടെ ബോര്‍ഡുകളും മറ്റും തകര്‍ന്നുവീണു.
ബന്തടുക്കയില്‍ മിക്കയിടങ്ങളിലും മരങ്ങള്‍ ഒടിഞ്ഞുവീഴുകയും കൃഷിനാശം സംഭവിക്കുകയും ചെയ്തു. അതിഞ്ഞാലില്‍ കോയ പള്ളിക്ക് സമീപത്തെ കെട്ടിടത്തിന്റെ ഷട്ടറുകള്‍ തകര്‍ന്നു. നിരവധി പേരുടെ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയവ വ്യാപകമായി നശിച്ചു. പച്ചക്കറി കൃഷിക്കും നാശം സംഭവിച്ചിട്ടുണ്ട്.
ബന്തടുക്ക കാംപ്‌കോ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ജിന്‍ ഫ്രീ സ്ഥാപനത്തിന്റെ മുന്‍വശത്തെ ഷീറ്റ് തകര്‍ന്നു. വൈദ്യുതി ലൈന്‍ പൊട്ടിവീണതിനാല്‍ പ്രദേശത്ത് വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. ബന്തടുക്ക മാണിമൂല റോഡരികിലാണ് കാംപ്‌കോ കെട്ടിടം പ്രവര്‍ത്തിക്കുന്നത്.
ആനക്കല്ലില്‍ നവീകരണം നടക്കുന്ന തെക്കില്‍-ആലട്ടി റോഡിലെ ഇളകിയ മണ്ണ് മഴയില്‍ കുതിര്‍ന്ന് ചെളിയായതോടെ ഇതുവഴി വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഉള്‍പ്രദേശങ്ങളിലേക്കുള്ള റോഡില്‍ മരച്ചില്ലകള്‍ ഒടിഞ്ഞുവീണതിനാല്‍ ഗതാഗത തടസ്സവും നിലനില്‍ക്കുന്നുണ്ട്.
ഗ്രാമങ്ങളിലെ നിരവധി വീടുകളുടെ ഓടുകളും ആസ്ബറ്റോസ് ഷീറ്റുകളും തകര്‍ന്നിട്ടുണ്ട്. ഇന്നലെ വൈകിട്ട് ആരംഭിച്ച മഴ രണ്ടുമണിക്കൂറോളമാണ് നീണ്ടുനിന്നത്. ചിലയിടങ്ങളില്‍ കനത്ത മഴ പെയ്തപ്പോള്‍ മറ്റിടങ്ങളില്‍ നേരിയ തോതിലായിരുന്നു. കൊടുംചൂടില്‍ ദുരിതമനുഭവിക്കുകയായിരുന്ന ജനങ്ങള്‍ക്ക് വേനല്‍മഴ കുളിര്‍മ പകര്‍ന്നിട്ടുണ്ട്. കാറ്റും മഴയും വരുംദിവസങ്ങളിലും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. പഴകിയതും സുരക്ഷിതത്വമില്ലാത്തതുമായ വീടുകളില്‍ കഴിയുന്നവരെ കാറ്റും മഴയും ആശങ്കാകുലരാക്കുന്നുണ്ട്.
കാറ്റില്‍ പെരിയയില്‍ വ്യാപക കൃഷിനാശം. പെരിയ കാലിയടുക്കത്തെ ചാര്‍ത്തന്റെ കുലയ്ക്കാറായ അമ്പതോളം വാഴകളാണ് കാറ്റില്‍ നശിച്ചത്.
സ്വന്തമായി കൃഷി ഭൂമിയില്ലാത്ത ഇദ്ദേഹം കൃഷിയോടുള്ള സ്‌നേഹം കൊണ്ട് അയല്‍വാസിയായ സി. ബാലന്റെ സ്ഥലത്താണ് മൂന്ന് വര്‍ഷത്തിലധികമായി വാഴകൃഷി നടത്തുന്നത്.
കഴിഞ്ഞ വര്‍ഷം പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ മികച്ച എസ്.ടി കര്‍ഷകനുള്ള പഞ്ചായത്തിന്റെ അവാര്‍ഡിന് ചാര്‍ത്തനെ തിരഞ്ഞെടുത്തിരുന്നു. കൃഷിക്കായി വായ്പയെടുത്ത ഈ കര്‍ഷകന്‍ ഇനി എങ്ങനെ തിരിച്ചടക്കുമെന്ന സങ്കടത്തിലാണ്.
തായന്നൂരില്‍ കെട്ടിടത്തിന്റെ ആസ്ബറ്റോസ് ഷീറ്റ് തകര്‍ന്ന നിലയില്‍



Recent News
  ജനറല്‍ ആസ്പത്രിയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി

  മഴവെള്ള സംഭരണികള്‍ നോക്കുകുത്തികളാകുന്നു

  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം

  കുഴല്‍ കിണറായി; ജനറല്‍ ആസ്പത്രിയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നു