updated on:2018-12-18 06:10 PM
ദിവസ വേതനക്കാരെ പിരിച്ചുവിടല്‍: ജില്ലയില്‍ 50 കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ മുടങ്ങി

www.utharadesam.com 2018-12-18 06:10 PM,
കാഞ്ഞങ്ങാട്: ദിവസ വേതനക്കാരെ പിരിച്ചുവിടാനുള്ള ഉത്തരവ് വന്നതോടെ ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് പ്രതിസന്ധിയിലായി. ഇതോടെ കാസര്‍കോട്, കാഞ്ഞങ്ങാട് ഡിപ്പോകളുടെ കീഴില്‍ 50 സര്‍വ്വീസ് ഇന്നലെ മുടങ്ങി. ഇന്നലെ ഉച്ചയോടെയാണ് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവ് ഡിപ്പോകളിലെത്തിയത്. കാസര്‍കോട് ഡിപ്പോയില്‍ 77 താല്‍ക്കാലിക ജീവനക്കാരെയാണ് കൂട്ടത്തോടെ ഒഴിവാക്കിയത്. ഇതേ തുടര്‍ന്ന് 30 സര്‍വ്വീസുകള്‍ ഇന്നലെത്തന്നെ മുടങ്ങിയതായി ഡിപ്പോ അധികൃതര്‍ പറഞ്ഞു. 90 ഷെഡ്യൂളുകളാണ് ജില്ലാ ആസ്ഥാനത്തുള്ളത്. ഇവയിലാണ് 30 സര്‍വ്വീസുകള്‍ മുടങ്ങിയത്. മുടങ്ങിയവയില്‍ ഏറെയും മലയോരത്തേക്കുള്ള സര്‍വ്വീസുകളാണ്. ഇവയില്‍ ഭൂരിഭാഗവും മലയോരത്ത് ഹാള്‍ട്ട് ചെയ്യുന്ന ബസ്സുകളാണ്.
കാഞ്ഞങ്ങാട് ഡിപ്പോയില്‍ 38 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. താല്‍ക്കാലിക ജീവനക്കാര്‍ ഒഴിവായതോടെ 20 സര്‍വ്വീസുകള്‍ മുടങ്ങിയിട്ടുണ്ട്. ഇവിടെയും മലയോരത്തേക്കുള്ള സര്‍വ്വീസുകളെയാണ് ബാധിച്ചത്. 37 സര്‍വ്വീസുകളാണ് മലയോരത്തേക്കുള്ളത്. ഇവയിലും മലയോരത്ത് ഹാള്‍ട്ട് ചെയ്യുന്ന ബസ്സുകളാണ് ഏറെയും.
ഉത്തരവ് വരുന്നതിന് മുമ്പ് ഡ്യൂട്ടിയില്‍ കയറിയ നിരവധി താല്‍ക്കാലിക ജീവനക്കാരുമുണ്ട്. ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ അവരും ജോലി അവസാനിപ്പിച്ച് പോകുന്നതോടെ കൂടുതല്‍ സര്‍വ്വീസുകളും മുടങ്ങാന്‍ സാധ്യതയുണ്ട്. താല്‍ക്കാലിക ജീവനക്കാര്‍ ഉണ്ടായിരുന്നപ്പോഴും രണ്ടുഡിപ്പോകളിലും ജീവനക്കാരുടെ എണ്ണം കുറവാണെന്ന കാരണത്താല്‍ ബസ് സര്‍വ്വീസുകള്‍ മുടങ്ങുന്നത് പതിവായിരുന്നു. ഈ സാഹചര്യത്തില്‍ ഇനിയും കൂടുതല്‍ സര്‍വ്വീസുകള്‍ മുടങ്ങുമെന്നാണ് മലയോര വാസികള്‍ ചൂണ്ടിക്കാട്ടുന്നത്. കാഞ്ഞങ്ങാട് നിന്നും മലയോരം വഴി കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ബസ് സര്‍വ്വീസ് അനുവദിച്ചിരുന്നെങ്കിലും ബസും മതിയായ ജീവനക്കാരും ഇല്ലാത്തതിനാല്‍ ഓടാന്‍ തുടങ്ങിയിട്ടില്ല. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതോടെ ഈ സര്‍വ്വീസ് അടുത്ത കാലത്തൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
പിരിച്ചു വിട്ട ജീവനക്കാര്‍ക്ക് പകരം പി.എസ്. സി വഴി ജീവനക്കാരെ നിയമിച്ചാല്‍ തന്നെ പരിശീലനം കഴിഞ്ഞ് ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നതിനാല്‍ സര്‍വ്വീസ് നടത്തിക്കൊണ്ടുപോകുന്നത് ഡിപ്പോകള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും.Recent News
  എ.എസ്.ഐയെ അക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസുകാര്‍ക്കിടയില്‍ മുറുമുറുപ്പ്

  വിപ്ലവ വീര്യത്തിന്റെ മണ്ണിന് ലെനിന്‍ രാജേന്ദ്രനെ മറക്കാനാവില്ല

  പണവുമായി കരാറുകാരന്‍ സ്ഥലംവിട്ടു; ഭക്ഷണവും വെള്ളവുമില്ലാതെ തൊഴിലാളി അലഞ്ഞത് അഞ്ചുദിവസം

  ബദിയടുക്കയില്‍ അഗ്നിശമന യൂണിറ്റിന് നീക്കിവെച്ച സ്ഥലം അങ്ങനെത്തന്നെയുണ്ട്

  പ്രതി നയിച്ചിരുന്നത് ആര്‍ഭാട ജീവിതം

  ശുചിത്വ ബോധവല്‍ക്കരണവുമായി മാട്ടവയല്‍ കലാനിലയത്തിന്റെ യക്ഷഗാനം

  നഗരത്തിലെ ഓവുചാലുകളുടെ സ്ലാബുകള്‍ തകര്‍ന്നു; കാല്‍ നടയാത്രക്കാര്‍ക്ക് ഭീഷണി

  ഓര്‍മ്മകളില്‍ എം.എല്‍.എ; അവര്‍ക്കിനി സ്‌കൂള്‍ ബസില്‍ യാത്ര

  ഒരു കാല്‍ നഷ്ടമായ അബ്ദുല്‍റഹ്മാന്‍ ഉദാരമതികളുടെ കനിവ് തേടുന്നു

  കുമ്പളയില്‍ ആരോഗ്യ വകുപ്പ് അധികൃതരുടെ വക കൊതുക് വളര്‍ത്തല്‍ കേന്ദ്രം

  പാലങ്ങള്‍ അപകടാവസ്ഥയില്‍; യാത്ര ഭീതിയോടെ

  നിരാലംബരായ അമ്മമാരുടെ കണ്ണീരൊപ്പാന്‍ കനിവിന്റെ ദാഹജലവുമായി പൊലീസ്

  ചെര്‍ക്കളയിലെ പുതിയ ട്രാഫിക് സര്‍ക്കിള്‍ നിര്‍മ്മാണം അനിശ്ചിതത്വത്തില്‍

  വീട്ടില്‍ നിന്ന് കൃഷിയിടത്തിലേക്കുള്ള യാത്ര തുരങ്കത്തിലൂടെ; നാരായണ ഭട്ട് കൗതുകമാവുന്നു

  ഗവേഷണ ഫലങ്ങള്‍ അവതരിപ്പിക്കാന്‍ നാസയിലേക്ക് ക്ഷണം; നാടിന്റെ യശസ് വാനോളമുയര്‍ത്തി ഖലീല്‍