updated on:2018-07-12 01:37 PM
രാജധാനിക്ക് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണം-സി.പി.ഐ

www.utharadesam.com 2018-07-12 01:37 PM,
കാസര്‍കോട്: തിരുവനന്തപുരം നിസാമുദീന്‍ രാജധാനി എക്‌സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണമെന്ന് സി.പി.ഐ ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. രാജധാനി എക്‌സ്പ്രസ് ഉള്‍പ്പെടെ ആറു ട്രെയിനുകള്‍ കാസര്‍കോട് നിര്‍ത്താതെ ഓടുകയാണ്. പുതുതായി അനുവദിച്ച് ഈ മാസം അഞ്ചിന് സര്‍വ്വീസ് ആരംഭിച്ച ഗാന്ധിധാം തിരുനെല്‍വേലി ഹംസഫര്‍ എക്‌സ്പ്രസിനും കാസര്‍കോട് സ്റ്റോപ്പില്ല. കേരളത്തിലൂടെ ഓടുന്ന രാജധാനി എക്‌സ്പ്രസിന് കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും സ്റ്റോപ്പുണ്ട്. കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിക്കണെന്ന ദീര്‍ഘകാലമായുള്ള ഈ പ്രദേശത്തുകാരുടെ ആവശ്യം അംഗീകരിക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല. മറ്റ് ജില്ലകളിലെല്ലാം സ്റ്റോപ്പ് അനുവദിച്ചിട്ടും കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കാത്തത് ജില്ലയോടുള്ള വലിയ അവഗണനയാണ്. സംസ്ഥാന തലസ്ഥാനത്ത് നിന്നും രാജ്യ തലസ്ഥാനത്തേക്കുള്ള ട്രെയിന്‍ ഓടുന്നത് നോക്കി നില്‍ക്കാനെ കാസര്‍കോട്ടുകാര്‍ക്ക് കഴിയുന്നുള്ളു.
പുതുതായി ആരംഭിച്ച ഹംസഫര്‍ എക്പ്രസിന് കാസര്‍കോടും കണ്ണൂരും സ്റ്റോപ്പില്ല. വടക്കേ മലബാറിനോട് റെയില്‍വേ കാണിക്കുന്ന അവഗണനക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ സി.പി.ഐ ജില്ലാ കൗണ്‍സില്‍ തീരുമാനിച്ചു. യോഗത്തില്‍ കെ.വി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.