updated on:2018-07-11 03:09 PM
എയിംസ്: പ്രഥമ പരിഗണന നല്‍കേണ്ടത് കാസര്‍കോടിന്- ഹക്കീം കുന്നില്‍

www.utharadesam.com 2018-07-11 03:09 PM,
കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനനുവദിച്ച ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ് (എയിംസ്) സ്ഥാപിക്കാന്‍ ഏറ്റവും അര്‍ഹതയും അനിവാര്യവുമായ ജില്ല കാസര്‍കോടാണെന്ന് ഡി.സി.സി പ്രസിഡണ്ട് ് ഹക്കീം കുന്നില്‍ പറഞ്ഞു.
കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ മേഖല പിന്നോക്കമായതിനാല്‍ കേന്ദ്ര സര്‍വ്വകലാശാല അനുവദിച്ചു. സമാന സാഹചര്യമാണ് കാസര്‍കോട് ജില്ലയിലെ ആരോഗ്യ മേഖല നേരിടുന്നത്. കാസര്‍കോട് ജില്ലയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച മെഡിക്കല്‍ കോളേജും എങ്ങുമെത്തിയില്ല.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രയാസത്തിലാണ്.
എന്‍ഡോസള്‍ഫാന്‍ രോഗികള്‍ ചികിത്സ കിട്ടാതെ മരിച്ചു കൊണ്ടിരിക്കുന്നത് നിത്യസംഭവമാണ്. കാസര്‍കോട്ടെ രോഗികള്‍ ആശ്രയിക്കേണ്ടി വരുന്നത് കേരള അതിര്‍ത്തിയും കടന്ന് മംഗലാപുരത്തേയാണ്.
ആരോഗ്യരംഗത്തെ കാസര്‍കോടിന്റെ പരിതാപകരമായ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാന്‍ എയിംസ് ഏറ്റവും അര്‍ഹതപ്പെട്ട ഒരേയൊരു ജില്ല കാസര്‍കോടാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ഭൂമി വെറുതെ കിടക്കുന്ന ജില്ലയും കൂടിയാണ് കാസര്‍കോട്.
സ്വന്തമായി മെഡിക്കല്‍ കോളേജ് ഇല്ലാത്ത ജില്ല, എന്‍ഡോസള്‍ഫാന്‍ രോഗികള്‍ ഉള്‍പ്പെടെ നിരവതി രോഗികള്‍ ഉള്ള ജില്ല തുടങ്ങിയ അവസ്ഥാവിശേഷമുള്ള കാസര്‍കോട്.
കേരളത്തിനനുവദിച്ച ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സ് (എയിംസ്) കാസര്‍കോടിനു തന്നെ പ്രഥമ പരിഗണന നല്‍കണമെന്നും ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ആവശ്യപ്പെട്ടു.