updated on:2018-06-19 08:11 PM
കാണാതായ പെണ്‍കുട്ടിയെ കോഴിക്കോട്ട് കണ്ടെത്തി; യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസ്

www.utharadesam.com 2018-06-19 08:11 PM,
ബദിയടുക്ക: ബദിയടുക്കയില്‍ നിന്ന് കാണാതായ 16 കാരിയെ കോഴിക്കോട്ട് കണ്ടെത്തി. അതേസമയം പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.
ബദിയടുക്ക സ്റ്റേഷന്‍ പരിധിയിലെ 16 കാരിയെ മൂന്ന് ദിവസം മുമ്പാണ് കാണാതായത്. ബന്ധു നല്‍കിയ പരാതിയില്‍ ബദിയടുക്ക പൊലീസ് അന്വേഷിച്ചുവരികായിരുന്നു. ടവര്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി കോഴിക്കോട്ടുള്ളതായി കണ്ടെത്തി. അതിനിടെ റെയില്‍വേ സ്റ്റേഷനില്‍ സംശയസാഹചര്യത്തില്‍ കണ്ട പെണ്‍കുട്ടിയെ കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്ത് മഹിളാ മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ബദിയടുക്കയില്‍ നിന്ന് വനിതാ പൊലീസ് എത്തി പെണ്‍കുട്ടിയെ നാട്ടിലേക്ക് കൊണ്ടുവന്നു. ചോദ്യം ചെയ്യലില്‍ രണ്ട് വര്‍ഷത്തോളമായി ഒരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് മൊഴി നല്‍കി. യുവാവ് അസുഖം ബാധിച്ച് എറണാകുളത്ത് ചികിത്സയിലാണെന്ന് അറിഞ്ഞതോടെ അങ്ങോട്ടേക്ക് പോവുകയായിരുന്നു. എന്നാല്‍ യുവാവിന്റെ ഫോണ്‍ പ്രതികരിക്കാത്തതിനാല്‍ കോഴിക്കോട്ട് ഇറങ്ങുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്.