updated on:2018-06-04 05:55 PM
കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ് കാസര്‍കോടിന്റെ മരുമകന്‍

www.utharadesam.com 2018-06-04 05:55 PM,
ബംഗളൂരു: കര്‍ണാടക ഹൈക്കോടതി ജഡ്ജിയായി കഴിഞ്ഞ ദിവസം ചുമതലയേറ്റ ജസ്റ്റിസ് മുഹമ്മദ് നവാസ് കാസര്‍കോടിന്റെ മരുമകന്‍. മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയും കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജിയുമായ ജസ്റ്റിസ് എ.എം ഫാറൂഖിന്റെയും മുന്‍ എം.എല്‍.എ ടി.എ ഇബ്രാഹിമിന്റെ പുത്രി ബീഫാത്തിമയുടെയും മകള്‍ ആയിഷ സുരയ്യയുടെ ഭര്‍ത്താവാണ് ജസ്റ്റിസ് മുഹമ്മദ് നവാസ്. പുത്തൂരിലെ പി. ഉസ്മാന്റെയും റുഖിയാബിയുടേയും മകനാണ്. പുത്തൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍സ് സ്‌കൂള്‍, സെന്റ് ഫിലോമിസ ഹൈസ്‌കൂള്‍, പുത്തൂര്‍ സെന്റ് ഫിലോമിന കോളേജ്, ബംഗളൂരു എസ്.ജെ.ആര്‍.സി ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
നേരത്തെ കര്‍ണാടക ഹൈക്കോടതി ഗവ. പ്ലീഡറായും അഡീ. സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറായും കര്‍ണാടക ലോകായുക്ത സ്‌പെഷ്യല്‍ കൗണ്‍സലായും സംസ്ഥാന പബ്ലിക് പ്രോസിക്യൂട്ടറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബംഗളൂരുവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ മുമ്പാകെ ജസ്റ്റിസ് മുഹമ്മദ് നവാസ് കര്‍ണാടക ഹൈക്കോടതി ജഡ്ജിയായി സ്ഥാനമേറ്റു.