updated on:2018-04-03 01:53 PM
ഒരു യുവതാരം കൂടി വിവാഹിതനായി

www.utharadesam.com 2018-04-03 01:53 PM,
മലയാള സിനിമയിലെ ഒരു യുവതാരം കൂടി വിവാഹിതനായി. വിവാഹിതനാവാന്‍ പോവുകയാണെന്നുള്ള കാര്യത്തെക്കുറിച്ച് നീരജ് മാധവ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയായ ദീപ്തിയാണ് താരത്തിന്റെ വധു. തിങ്കളാഴ്ചയായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന്റ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നീരജ് തന്നെയാണ് ഫേസ്ബുക്കിലൂടെ വിവാഹ ചിത്രങ്ങള്‍ പുറത്തുവിട്ടത്. നീരജിന് ആശംസ നേരാനായി നിരവധി സിനിമാപ്രവര്‍ത്തകര്‍ എത്തിയിരുന്നു. സുരേഷ് കൃഷ്ണ, വിജയ് ബാബു, കോഴിക്കോട് നാരായണന്‍ നായര്‍, സണ്ണി വെയിന്‍, ടൊവിനോ തോമസ് തുടങ്ങി വന്‍താരനിരയാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. ആശാ ശരത്തും അനൂപ് മേനോനും ഭൂമികയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ബഡ്ഡി എന്ന സിനിമയിലൂടെ 2013ലാണ് നീരജ് മാധവ് സിനിമയില്‍ തുടക്കം കുറിച്ചത്. മോഹന്‍ലാലിന്‍റെ ദൃശ്യമാണ് താരത്തിന്‍റെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രം. പിന്നീടങ്ങോട്ട് നിരവധി പ്രഗത്ഭരോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ഈ താരത്തിന് ലഭിച്ചത്. യുവതാരനിരയില്‍ ശ്രദ്ധേയനായ താരമായി നീരജ് മാറുകയും ചെയ്തു. അഭിനയത്തില്‍ മാത്രമല്ല എഴുത്തിലും ആലാപനത്തിലും കൂടി മികവ് തെളിയിച്ചിട്ടുണ്ട് നീരജ് മാധവ്.