updated on:2018-03-15 08:41 PM
ഗൗരി നമ്മോടൊപ്പമുണ്ട്; നമ്മളും ഗൗരിയാണ് -നടന്‍ പ്രകാശ് രാജ്

www.utharadesam.com 2018-03-15 08:41 PM,
കാസര്‍കോട്: ചില ശബ്ദങ്ങള്‍ ഉയരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എത്ര ആഴത്തില്‍ അമര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചാലും അവ ഉയര്‍ന്നുകേള്‍ക്കുമെന്നും പ്രമുഖ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര താരവും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് പറഞ്ഞു. ഭാഷകളുടെയും മതത്തിന്റെയും ചിന്താഗതിയുടെയും നിലപാടുകളുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചുനിര്‍ത്താമെന്നത് ജനാധിപത്യത്തിലധിഷ്ഠിതമായ സമൂഹത്തിന് ആശ്യാസകരമല്ല. ആരോഗ്യകരമായ സമൂഹത്തില്‍ ജനങ്ങള്‍ക്ക് ചോദ്യം ചോദിക്കാനുള്ള അവകാശമുണ്ടായിരിക്കണം. വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ അത് നിഷേധിക്കപ്പെടുകയാണ്. ആരെങ്കിലും ചോദ്യം ഉന്നയിക്കുകയാണെങ്കില്‍ മറുപടിക്ക് പകരം അവര്‍ക്ക് നിറങ്ങള്‍ ചാര്‍ത്തിക്കൊടുക്കാനാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ വ്യാഴാഴ്ച രാവിലെ 'മീറ്റ് ദ പ്രസി'ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുപ്പത്തില്‍ വായിച്ച പുസ്തകങ്ങളും വളര്‍ന്ന സാഹചര്യങ്ങളും അഭിനയിച്ച കഥാപാത്രങ്ങളുമാണ് കാര്യങ്ങളെ യഥാര്‍ത്ഥ കണ്ണുകള്‍ കൊണ്ട് കാണാന്‍ എന്നെ പഠിപ്പിച്ചത്. സിനിമാ തിരക്കുകള്‍ വിട്ട് സാമൂഹ്യപരമായ തന്റെ ദൗത്യം നിറവേറ്റുന്നതും അതുകൊണ്ടുതന്നെയാണ്. തന്റെ ഇടപെടലുകളുടെ പിന്നില്‍ രാഷ്ട്രീയപരമായ ലക്ഷ്യങ്ങളോ മറ്റ് പ്രലോഭനങ്ങളോ ഇല്ല. മറിച്ച് ചോദ്യം ചോദിക്കാനുള്ള ജനങ്ങളുടെ അവകാശത്തിന് വേണ്ടി പോരാടാനും അതിനുള്ള ആര്‍ജ്ജവം മറ്റുള്ളവരിലേക്ക് പകര്‍ന്നുനല്‍കാനുമാണ്.
ഗൗരീ ലങ്കേഷ് എന്ന ധീരയായ പോരാളിയെ ഫാസിസ്റ്റ് ശക്തികള്‍ ഇല്ലാതാക്കിയ സംഭവം ജനാധിപത്യ വിശ്വാസികളില്‍ നടുക്കമുളവാക്കുന്നതാണ്. ലങ്കേഷ് കുടുംബവുമായി തനിക്കുണ്ടായിരുന്ന വ്യക്തിബന്ധവും നിലപാടുകളിലെ ഐക്യപ്പെടലും ആ വേര്‍പാട് മനസിലെ വലിയ മുറിപ്പാടായി ബാക്കിനിര്‍ത്തുന്നു. ഇനിയൊരു ഗൗരി ലങ്കേഷ് ഉണ്ടാവാതിരിക്കാനാണ് നാം ശ്രമിക്കേണ്ടത്.
പ്രസ്‌ക്ലബ്ബില്‍ ഗൗരിയുടെ ചിത്രം അനാഛാദനം ചെയ്തത് മാതൃകാപരമാണ്. ഹാളിലേക്ക് കടന്നുവരുമ്പോള്‍ കണ്ണുകളുടക്കിയത് ആ ചിത്രത്തിലേക്കാണ്. ഗൗരി നമ്മോടൊപ്പമുണ്ട്. അല്ലെങ്കില്‍ നമ്മളും ഗൗരിയാണ് എന്ന ഓര്‍മ്മപ്പെടുത്തലാണ് ആ ചിത്രം നല്‍കുന്നത്.
കുട്ടികളുടെ മനസില്‍ പോലും വിഷം കുത്തിവെക്കപ്പെടുന്ന സാഹചര്യമാണ് മുന്നിലുള്ളത്. സിനിമയുടെയും കലയുടെയും മൗലികമായ സ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുകയാണ്. തങ്ങള്‍ക്ക് നേരെ ഉയരുന്ന കൈകള്‍ വെട്ടിയെറിയുകയെന്ന ഫാസിസ്റ്റ് തന്ത്രം സിനിമകള്‍ക്ക് നേരെയും ഉയരുകയാണ്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യമുള്ള ആളല്ല താന്‍. പക്ഷെ, രാജ്യത്തിന്റെ മതേതര സ്വഭാവം തകര്‍ക്കാനുള്ള കുത്സിത ശ്രമങ്ങളെ താന്‍ എതിര്‍ക്കുന്നു. വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന ബി.ജെ.പിയുടെ ശ്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല.
സത്യസന്ധനായിരിക്കാന്‍ തനിക്ക് അവകാശമുണ്ട്. അതുപോലെ ധീരനായിരിക്കാനും. താന്‍ ഭീരുവായാല്‍ സമൂഹവും ഭീരുക്കളാകുമെന്ന ചിന്താഗതി ഓരോരുത്തരിലും ഉണ്ടാകണം. ജനങ്ങളാണ് ഭൂരിപക്ഷം. ഭരണാധികാരികള്‍ ന്യൂനപക്ഷവും. അപ്പോള്‍ മുഴങ്ങിക്കേള്‍ക്കേണ്ടത് ഭൂരിപക്ഷത്തിന്റെ ശബ്ദമാണ്. അതിനെയാണ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. ഒരു ചെടിയില്‍ നിന്ന് എത്ര പൂവുകള്‍ പറിച്ചാലും ശരത്കാലം വരാതിരിക്കുമോയെന്ന് ചെറുചിരിയോടെ പ്രകാശ് രാജ് പറഞ്ഞു.
ചില ബി.ജെ.പി. നേതാക്കളുടെ ഭാഷ സഭ്യതയില്ലാത്തതാണ്. ഒരു ഹിന്ദു പെണ്‍കുട്ടി മുസ്ലിമിനൊപ്പം പോയാല്‍ നൂറ് മുസ്ലിം പെണ്‍കുട്ടികളെ ഇങ്ങോട്ട് കൊണ്ടുവരുമെന്ന് പറഞ്ഞ് വിഷവിത്തുകള്‍ പാകുന്നത് ഈ രാജ്യത്തെ ഒരു മുഖ്യമന്ത്രിയാണ്. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരാമര്‍ശിച്ച് പ്രകാശ് രാജ് പറഞ്ഞു.
താനൊരു ചോദ്യം ചോദിച്ചാല്‍ കൃത്യമായ മറുപടി ലഭിക്കുന്നില്ല. മറിച്ച് തനിക്ക് ഒരു സ്ഥലം ലഭിച്ച കാര്യമാണ് തിരിച്ചുചോദിക്കുന്നത്. ഒരു സ്‌കൂളിന് വേണ്ടി ആറ് ഏക്കര്‍ സ്ഥലം സംഭാവന ചെയ്ത തനിക്ക് വീട് പണിയാന്‍ സ്ഥലം ലഭിച്ചതാണോ ചിലരെ ആശങ്കപ്പെടുത്തുന്ന കാര്യം.
ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കും ഭരണാധികാരികള്‍ക്കുമിടയിലുള്ള പാലമായി നില്‍ക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണം. ചോദ്യങ്ങള്‍ ചോദിക്കാനും മറുപടി ലഭിക്കാനുമുള്ള പാലം. മീറ്റ് ദ പ്രസില്‍ താനുമിരിക്കുന്നത് ചോദ്യങ്ങള്‍ ചോദിക്കപ്പെടാനാണ്.
ആളുകളുടെ പശ്ചാത്തലമറിയാതെ പൊതുജനമധ്യത്തില്‍ പുകഴ്ത്തി സംസാരിക്കുന്നത് ഇനി കരുതലോടെയായിരിക്കുമെന്ന് പ്രകാശ് രാജ് പറഞ്ഞു. താന്‍ തന്നെയാണ് ശരിയെന്ന ബോധ്യം ഒരിക്കലുമില്ല. തെറ്റുപറ്റിയാല്‍ ഏറ്റുപറയാനുള്ള ത്രാണിയുണ്ട്. ബംഗളൂരുവില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ അറസ്റ്റിലായ മുഹമ്മദ് നാലപ്പാടിനെ നേരത്തെ ഒരു ചടങ്ങില്‍ പുകഴ്ത്തി സംസാരിച്ചതില്‍ വിമര്‍ശനമേറ്റുവാങ്ങിയ പ്രകാശ് രാജ് വ്യക്തമാക്കി.
പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫി അധ്യക്ഷത വഹിച്ചു. കെ.വി. പത്മേഷ് സ്വാഗതവും ഷഫീഖ് നസ്‌റുള്ള നന്ദിയും പറഞ്ഞു.Recent News
  എന്‍.എം.സി.സിയുടെ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

  ജനറല്‍ ആസ്പത്രിയില്‍ മുഹിമ്മാത്ത് നവീകരിച്ച പ്രസവ വാര്‍ഡ് കാന്തപുരം ഉദ്ഘാടനം ചെയ്തു

  രഞ്ജിന മേരി വര്‍ഗീസിനെ എന്‍.എം.സി.സി അനുമോദിച്ചു

  ഡോ. എം.കെ. കുമ്പളയുടെ പുസ്തകം പ്രകാശനം ചെയ്തു

  എന്‍.എം.സി.സി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

  എന്‍.എ. അബ്ദുല്‍ ഖാദര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട്

  ആലിയ ഇന്റര്‍നാഷണല്‍ അക്കാദമി മിനി കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു

  ചന്ദ്രന്‍ മുട്ടത്തിന് ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്

  ഡോ. ഇസ്മയില്‍ ശിഹാബുദ്ദീന് അന്തര്‍ദേശീയ കോണ്‍ഫറന്‍സിലേക്ക് ക്ഷണം

  എല്‍.സുലൈഖ ഹജ്ജ് കമ്മിറ്റിയിലെ പ്രഥമവനിത

  ദേശീയ കാര്‍ റാലി-2018: മൂസ ഷരീഫ് കുതിപ്പ് തുടരുന്നു

  നിഷ്‌കളങ്ക സൗഹൃദത്തിന്റെ വീണ്ടെടുപ്പിനായി അവര്‍ ഒത്തുകൂടി; 'റെമിനൈസ് 18' പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നവ്യാനുഭവമായി

  സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍: ശക്തിധരന്‍ പ്രസി., അഷ്‌റഫ് ജന.സെക്ര.

  സി.ബി.എസ്.ഇ പത്താംതരം: ജില്ലയിലെ ആദ്യ പത്ത് റാങ്കുകളില്‍ അഞ്ചും ചിന്മയ വിദ്യാര്‍ത്ഥികള്‍ക്ക്

  സാറാ സിറാജ് ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍