സ്വയം നിറം കെടുത്തി നാട്ടിലെ കുടുംബങ്ങള്‍ക്ക് നിറം നല്‍കുന്നവര്‍
ചെറിയ പെരുന്നാള്‍ നിസ്‌കാരത്തിന് ശേഷം സേഫ്റ്റി ഷൂസും ക്യാപ്പും അണിയുകയായിരുന്ന കോഴിക്കോട്ടുകാരന്‍ റഹ്മാന്‍ക്കയുടെ കണ്ണില്‍ നിന്ന് ധാരയായി ചുടുനീര്‍ ഇറ്റിവീണപ്പോള്‍ അറേബ്യന്‍ മണല്‍ തരികള്‍ പോലും മൂകതയിലാണ്ടു പോയോ എന്ന് തോന്നിപ്പോയി. നാല്‍പ്പത്തെട്ടുകാരനായ റഹ്മാന്‍ക്ക രണ്ടര ദശാബ്ദത്തിലേറെയായി പ്രവാസ ജീവിതം തുടങ്ങിയിട്ട്. ഇന്നും പ്രാരാബ്ധ കയത്തില്‍ നിന്ന് കരകയറിയിട്ടില്ലാത്ത ആറ് മക്കളുടെ പിതാവായ ഈ പരോപകാരി പെരുന്നാള്‍ ദിനത്തില്‍ പോലും കണ്‍സ്ട്രക്ഷന്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതനാക്കപ്പെട്ടത് ദാരിദ്ര്യം ഒന്ന് കൊണ്ട് മാത്രം. മൂന്ന് പെണ്‍മക്കളെ കെട്ടിച്ചയച്ചപ്പോഴേക്കും കടം കണ്‍മുന്നില്‍ പര്‍വ്വതം കണക്കെ ഉയര്‍ന്നുപൊങ്ങി. ബാധ്യതകള്‍ ഓരോന്നായി കൊടുത്തുവീട്ടി, ഒടുവില്‍ നാട്ടിലെ പള്ളിക്കാട്ടിലെങ്കിലും വിശ്രമിക്കാന്‍ വിധിയേകണേയെന്നാണ് ഇദ്ദേഹത്തിന്റെ പ്രാര്‍ത്ഥന.
ഇങ്ങനെ എത്രയോ പേര്‍ നാട്ടില്‍ കുടുംബത്തോടൊപ്പമുള്ള ആഘോഷ ദിനങ്ങള്‍ നിഷേധിക്കപ്പെട്ട് അറേബ്യന്‍ മണലാരണ്യത്തില്‍ മാസങ്ങളും വര്‍ഷങ്ങളും തള്ളിനീക്കുന്നുവെന്ന സത്യം ഏറെ ദയനീയമാണ്. വര്‍ഷത്തിലെ രണ്ട് പെരുന്നാളെങ്കിലും കുടുംബത്തോടൊപ്പം, കുട്ടികളോടൊപ്പം ആഘോഷിക്കാന്‍ കഴിയാത്തതിലുള്ള മനോവ്യഥ. അത് അനുഭവിച്ചവര്‍ക്ക് മാത്രമെ അറിയു. ഈ പ്രവാസം കൊണ്ട് എന്ത് നേടി എന്നൊരു പുനര്‍വിചിന്തനം നടത്താന്‍ വിധിക്കപ്പെടുന്ന ദിനങ്ങളായി മാറുന്നു പ്രവാസിയുടെ ആഘോഷ ദിനങ്ങള്‍. മനസ്സ് വിങ്ങിപ്പൊട്ടുന്ന നിമിഷങ്ങളിലും നാട്ടില്‍ കഴിയുന്ന തന്റെ കുടുംബം സന്തോഷത്തോടെ ആഘോഷ ദിനങ്ങളെ വരവേല്‍ക്കട്ടേയെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് ഓരോ പ്രവാസിയും. വിധിയെ പഴിക്കാനോ പരാതി പറയാനോ പ്രവാസി ഒരുക്കമല്ല.
പണ്ടാരോ പറഞ്ഞത് പോലെ വിയര്‍പ്പു തുള്ളികളെ ദിര്‍ഹമും ദീനാറുമാക്കി മാറ്റാനും കണ്ണുനീരുകളെ സന്തോഷാശ്രുപൂക്കളാക്കി കഴുത്തിലണിയാനും പ്രവാസി പഠിച്ചിരിക്കുന്നു. സ്വപ്ന സാക്ഷാത്കാരത്തിനായുള്ള പാച്ചിലിനിടയില്‍ പ്രതിബന്ധങ്ങളെക്കുറിച്ച് പ്രവാസി ആലോചിക്കുന്നില്ല. കുടുംബം പ്രാരാബ്ധങ്ങളില്‍ നിന്ന് കരകയറാന്‍ തന്റെ ജീവിതം മണലാരണ്യത്തിലെ ചൂടിലും തണുപ്പിലും ഹോമിക്കപ്പെടുമ്പോഴും പ്രവാസി തന്റെ ദുരിതകഥ ആരെയും അറിയിക്കാറില്ല. നെയ്തു കൂട്ടുന്ന സ്വപ്നങ്ങള്‍ പകുതിയെങ്കിലും പൂവണിഞ്ഞു കാണാനാണ് പ്രവായി സ്വയം ചൂടില്‍ കരിഞ്ഞുണങ്ങുകയും തണുപ്പില്‍ വിറങ്ങലിക്കുകയും ചെയ്യുന്നത്. തന്റെ ബാല്യകാലത്തെ പ്രാരാബ്ധങ്ങളൊന്നും മക്കള്‍ അനുഭവിക്കാന്‍ ഇടവരരുതേയെന്ന കണക്കുകൂട്ടലില്‍ സ്വയം ജീവിക്കാന്‍ മറന്നുപോകുന്നവര്‍. എവിടേയും തന്റെ കുടുംബം ആത്മാഭിമാനം പണയംവെക്കരുതെന്ന നിര്‍ബന്ധബുദ്ധിയോടെ സ്വയം ഉരുകിതീരാന്‍ വിധിക്കപ്പെട്ടവര്‍. സ്വയം ജീവിക്കാന്‍ കൊതിക്കുന്നതിലുപരി തന്റെ ആശ്രിതരെ ജീവിപ്പിക്കാന്‍ കൊതിക്കുന്നവര്‍. സ്വന്തം ചോര നീരാക്കിയാലും വേണ്ടില്ല; തന്റെ കുടുംബത്തില്‍ സന്തോഷത്തിന്റെ തിരിനാളം കൊളുത്താന്‍ വെമ്പല്‍ കൊള്ളുന്നവര്‍-എത്ര കൂട്ടിയാലും കിഴിച്ചാലും 'ശേഷിപ്പ്' സീറോയില്‍ ഒതുങ്ങാന്‍ വിധിക്കപ്പെട്ടവര്‍. ഇതാണ് പ്രവാസി.
കുടുംബ നാഥന്‍ സ്വരുക്കൂട്ടി വെച്ച് അയക്കുന്ന പച്ച നോട്ടിന്റെ നെഗളിപ്പില്‍ മതിമറക്കുന്ന മക്കള്‍ ഒരല്‍പ്പം ആലോചിക്കുന്നത് നല്ലതായിരിക്കും.
പ്രവാസി കുടുംബങ്ങളെല്ലാം ഇങ്ങനെയാണെന്ന് ഈയുള്ളവന്‍ അടച്ചാക്ഷേപിക്കുന്നില്ല. ചില കുടുംബങ്ങളെങ്കിലും പ്രവാസിയായ ഗൃഹനാഥന്റെ കഷ്ടതകളെ കണ്ടില്ലെന്ന് നടിക്കുന്ന കാര്യം ഇവിടെ പറയാതിരിക്കാന്‍ വയ്യ. ഈയൊരു പ്രവണതയില്‍ നിന്നും ചില കുടുംബങ്ങള്‍ പിന്നോട്ട് വരുന്നുണ്ടെന്ന സന്തോഷകരമായ കാര്യത്തെ ശുഭസൂചനയായി കാണുകയും ചെയ്യുന്നു. എങ്കിലും ഒരു പാട് വര്‍ഷം പ്രവാസിയായി, കുടുംബത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് 'പ്രവാസിയായി' മടങ്ങിവരുന്ന ഗൃഹനാഥന്മാരെ പുറംകാലുകൊണ്ട് തൊഴിക്കുന്ന വാര്‍ത്തകള്‍ക്ക് ഇപ്പോഴും വിരാമമായിട്ടില്ല എന്ന ദുഃഖസത്യം ഈയുള്ളവന്റെ മനസ്സിനെ തെല്ലൊന്നുമല്ല മുറിപ്പെടുത്തുന്നത്.
ഏവര്‍ക്കും വിശിഷ്യാ പ്രവാസികള്‍ക്ക് സന്തോഷ പൂരിതമായ ചെറിയ പെരുന്നാള്‍ ആശംസകള്‍.
Rashid Manikoth
writterOther Articles