കഅബക്കരികില്‍ ഹവ്വാ നസീമയെ കാണാതായപ്പോള്‍....
തിങ്കളാഴ്ച പാതിരാനേരത്ത്, ആയിരം മാസത്തെക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യം പ്രതീക്ഷിച്ച് തളങ്കരയിലെ മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയിലേക്ക് ഒഴുകിയവരുടെ കൂട്ടത്തില്‍ കര്‍ണ്ണാടക ആരോഗ്യമന്ത്രി യു.ടി ഖാദറുമുണ്ടായിരുന്നു. രാത്രി മുഴുവന്‍ കാസര്‍കോട്ട് ചെലവഴിച്ച അദ്ദേഹം പുലര്‍ച്ചെ നാലു മണി നേരത്ത് ബദരിയ ഹോട്ടലില്‍ നിന്ന് അത്താഴത്തിനുള്ള ഭക്ഷണപ്പൊതി വാങ്ങി പുലിക്കുന്നിലെ ഗവ. ഗസ്റ്റ്ഹൗസിലെത്തുമ്പോള്‍ സുഹൃത്ത് റഹിം ചൂരിയേയും ഒപ്പം കൂട്ടിയിരുന്നു. മന്ത്രിയില്‍ നിന്ന് ഒരു കഥ എന്നെ കേള്‍പ്പിക്കാനായി മാസങ്ങളായി റഹിം അദ്ദേഹത്തെ പിന്തുടരുന്നുണ്ടായിരുന്നു.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, മക്കയിലെ വിശുദ്ധ കഅ്ബാലയത്തിന് സമീപം കാണാതായ മകളെ കണ്ടെത്താനായി യു.ടി ഖാദറും ഭാര്യ ലമീസ ഖാദറും (കാസര്‍കോട് മുണ്ടോള്‍ സ്വദേശി എം.സി മുഹമ്മദ് കുഞ്ഞിയുടെ മകള്‍) നിലവിളിച്ചോടിയ കഥയാണിത്. മന്ത്രിയുടെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരേട്. ആറ്റുനോറ്റുണ്ടായ ഏക മകളെ കാണാതായ വേദനയില്‍ ഒരു വാപ്പയുടെ ഉള്ളുരുകിപ്പോയ മണിക്കൂറുകള്‍.
***
2012 മെയ് മാസം.
യു.ടി ഖാദര്‍ അന്ന് മന്ത്രിയല്ല: കര്‍ണാടക നിയമസഭാംഗമാണ്.
കുഞ്ഞുനാളുകളിലെ മതപ്രഭാഷണങ്ങളോട് വല്ലാത്ത താല്‍പര്യമായിരുന്നു ഖാദറിന്റെ ഒരേയൊരു മകളായ ഹവ്വാനസീമക്ക്. സമദാനി പ്രഭാഷണങ്ങളോടാണെങ്കില്‍ അതിരറ്റ കമ്പവും. സമദാനിയുടെ 'മദീനയിലേക്കുള്ള പാത' എന്ന പ്രഭാഷണ കാസറ്റ് കേട്ടാണ് ഹവ്വ ഉപ്പയോട് ഒരാഗ്രഹം പറഞ്ഞത്; എന്നെ മക്കയും മദീനയും കാണാന്‍ കൊണ്ടുപോകുമോ എന്ന്. മകളെന്തു പറഞ്ഞാലും സാധിച്ചുകൊടുക്കാറുള്ള വാപ്പ മകളെ വശുദ്ധ നഗരിയിലേക്ക് കൊണ്ടുപോകാമെന്നേറ്റു.
മക്കയിലേക്കുള്ള ഖാദറിന്റെയും കുടുംബത്തിന്റെയും ആദ്യ യാത്രയായിരുന്നു അത്. അന്ന് ഹവ്വക്ക് ഏഴുവയസ്സ് പ്രായം. കാസര്‍കോട്ടെ ഒരു ഉംറ ഗ്രൂപ്പിനൊപ്പമാണ് ഖാദറും കുടുംബവും യാത്രയായത്. അന്ന് ആ യാത്രയില്‍ കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ലയും ഭാര്യ സാറയും മകന്‍ ആഷിഖ് ഇബ്രാഹിമും മകള്‍ ഹസീനയും മരുമകന്‍ നൂറുദ്ദീനും ഭാര്യാ സഹോദരന്‍ യൂസഫ് ബദ്‌രിയയും പണ്ഡിതനായ വാഹിദ് മുസ്ലിയാരും ലാഹി ചെംനാടുമൊക്കെ ഉണ്ടായിരുന്നു.
ഒരു വ്യാഴാഴ്ച ദിവസം. അന്ന് യു.ടി ഖാദറും കുടുംബവും നോമ്പെടുത്താണ് മക്കയിലെ മസ്ജിദുല്‍ ഹറമില്‍ കഅ്ബാ പ്രദക്ഷിണത്തിന് ചെന്നത്. വിശുദ്ധിയുടെ നിറവുമായി കഅ്ബ ത്വവാഫിന്റെ പരിശുദ്ധിയിലലിഞ്ഞൊഴുകുന്ന വിശ്വാസികള്‍. അവര്‍ക്കിടയില്‍ നോമ്പിന്റെ നിര്‍വൃതിയുമായി പ്രാര്‍ത്ഥനയില്‍ മുഴുകി നില്‍ക്കുകയായിരുന്നു ഖാദറും കുടുംബവും.
മഗ്‌രിബ് ബാങ്ക് വിളിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി. നോമ്പ് തുറക്കാന്‍ വേണ്ടി സംസം എന്ന വിശുദ്ധിയുടെ ജലപാനം എടുക്കാനായി ഖാദര്‍ മകള്‍ ഹവ്വാ നസീമയെ അയച്ചു. വിശുദ്ധ ഹറമിന്റെ ഓരോ വഴികളിലും സംസം നിറച്ച വീപ്പകള്‍ നിരത്തി വെച്ചിട്ടുണ്ട്. സംസം പെട്ടന്ന് കൊണ്ടുവരാമെന്ന് പറഞ്ഞ് ഹവ്വാ നസീമ ഓടി. യു.ടി ഖാദറും ഭാര്യയും ഈത്തപ്പഴവും മറ്റും ഒരുക്കിവെക്കുന്ന തിരക്കിലായിരുന്നു.
വിശുദ്ധ ഹറമിന്റെ പള്ളിമിനാരത്തില്‍ നിന്ന് മഗ്‌രിബിന്റെ ബാങ്കൊലി മുഴങ്ങി. ബാങ്ക് വിളി കേള്‍ക്കേണ്ട താമസം, കഅ്ബക്ക് ചുറ്റും നിരന്നവര്‍ നിസ്‌കാരത്തിനായി എഴുന്നേറ്റു. വിശ്വാസികള്‍ ചുറ്റും കൈകെട്ടി നിന്നപ്പോള്‍ വഴി തെറ്റി ഹവ്വാനസീമ ഏതോ വഴിയില്‍ കുടുങ്ങി. താന്‍ വന്ന ദിശ ഏതാണെന്ന് ആ ആള്‍ക്കൂട്ടത്തിനിടയില്‍ അവള്‍ക്ക് മനസ്സിലാക്കാനായില്ല.
സംസം എടുക്കാനായി പോയ മകളെ കാണാഞ്ഞ് യു.ടി ഖാദര്‍ തിരഞ്ഞുനടന്നു. എവിടെയും കാണാനില്ല. സംസം സൂക്ഷിച്ച ഭാഗത്ത് ചെന്നു നോക്കി. അവിടെയും അവളില്ല. ഹറമില്‍ നിറഞ്ഞുകവിഞ്ഞ ആയിരങ്ങള്‍ക്കിടയില്‍ ഹവ്വാ നസീമ എവിടെയോ അപ്രത്യക്ഷയായിരിക്കുന്നു.
'എവിടെ ഞങ്ങളുടെ പുന്നാര മകള്‍...?'
ഖാദറിന്റെയും ഭാര്യയുടെയും ഉള്ളില്‍ ആധി നിറഞ്ഞു. ഭാര്യ നെഞ്ചത്തടിച്ചു. അതൊരു നിലവിളിയായി.
കഅ്ബാലയത്തിന് ചുറ്റും പ്രാര്‍ത്ഥനയില്‍ മുഴുകി, നിറഞ്ഞൊഴുകുന്ന ആയിരങ്ങള്‍ക്കിടയില്‍ തങ്ങളുടെ ഏക മകളെ തിരഞ്ഞ് അവര്‍ പരക്കം പാഞ്ഞു.
ടി.ഇ അബ്ദുല്ലയും ഭാര്യയും സുഹൃത്തുക്കളായ റഹിം ചൂരിയും എ.പി ബഷീറുമൊക്കെ പലയിടത്തും തിരഞ്ഞു. സമയം വൈകുന്തോറും എല്ലാവര്‍ക്കും ആധിയേറി. വിവരമറിഞ്ഞ് പലരും ഇവരോടൊപ്പം കുട്ടിയെ തിരയാന്‍ തുടങ്ങി. പക്ഷേ ഹവ്വയെക്കുറിച്ച് ഒരു വിവരവുമില്ല.
ഖാദര്‍ മക്കാ ടവറില്‍ ഓടിച്ചെന്ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. പൊലീസിന്റെ ആശ്വാസ വാക്കുകളൊന്നും അദ്ദേഹത്തിന്റെ ഉള്ളിലെ തീ കെടുത്തിയില്ല.
ഹവ്വ മോളില്ലാതെ ഇനി തങ്ങള്‍...ഖാദറിന്റെ കണ്ണുകള്‍ നിറഞ്ഞു.
എല്ലാവരും തിരച്ചില്‍ തുടരുകയാണ്. അവര്‍ പല വഴിക്ക് പാഞ്ഞു.
ഖാദറും ഭാര്യയും പുണ്യകഅ്ബാലയത്തെ കെട്ടിപ്പുണര്‍ന്ന് അല്ലാഹുവിനോടിരന്നു.
'റബ്ബേ...ഞങ്ങള്‍ക്ക് നീ തന്ന ഏക സന്തതി. അവളെ ഞങ്ങളില്‍ നിന്ന് അകറ്റിക്കളയല്ലേ നാഥാ...'
എല്ലാവരും നാലു വഴിക്ക് തിരയുകയാണ്. പക്ഷെ, എവിടെയും കുട്ടിയെ കണ്ടെത്താനായില്ല.
നെഞ്ചിനുള്ളില്‍ ആധിയുടെ തീക്കട്ടയുമായി കടന്നുപോയ മൂന്ന് മണിക്കൂറുകള്‍.
ഒടുവില്‍...
ഖാദറിന്റെ മൊബൈല്‍ ഫോണിലേക്ക് നാട്ടില്‍ നിന്ന് പതിവുപോലെ കോളുകള്‍ വന്നു കൊണ്ടിരിക്കുന്നുണ്ട്. മകളെ കാണാതായ വിവരം എങ്ങനെ വീട്ടുകാരെ അറിയിക്കുമെന്നറിയാത്തതിനാല്‍ ഖാദര്‍ ആ കോളുകളൊന്നും എടുത്തില്ല. പിന്നെയും പിന്നെയും കോളുകള്‍ വന്നു കൊണ്ടിരുന്നതിനാല്‍ ഒടുവില്‍ ലമീസ ഫോണെടുത്തു. അങ്ങേ തലക്കല്‍ ഖാദറിന്റെ സഹോദര ഭാര്യ.
'ഹവ്വാ മോള്‍ റൂമില്‍ നിങ്ങളെ കാത്തിരിക്കുകയാണ്. റൂമില്‍ നിന്ന് അവള്‍ വിളിച്ചിരുന്നു. നിങ്ങള്‍ പെട്ടന്ന് അവിടെ ചെല്ലാന്‍ പറഞ്ഞു...'
ഹൃദയത്തിലൊരു തണുപ്പ്; ഖാദറും ഭാര്യയും ഒപ്പമുണ്ടായിരുന്നവരും ഹോട്ടലിലേക്കോടി.
പക്ഷെ, റൂമില്‍ ഹവ്വ മോളില്ല.
വാതില്‍ പൂട്ടിയിരിക്കുന്നു. ഹോട്ടല്‍ റിസപ്ഷനില്‍ തിരക്കിയപ്പോള്‍ കുട്ടി ഇങ്ങോട്ട് വന്നിട്ടില്ലെന്ന് അവരും അറിയിച്ചു.
അപ്പോള്‍ ഹവ്വ എവിടെപ്പോയി? എവിടെ നിന്നായിരിക്കും അവള്‍ വീട്ടിലേക്ക് വിളിച്ചത്?
വീണ്ടും ഹൃദയം നുറുങ്ങിയ നിമിഷങ്ങള്‍.
ഖാദര്‍ വീട്ടിലേക്ക് വിളിച്ച് ഏത് നമ്പറില്‍ നിന്നാണ് ഹവ്വാമോള്‍ വിളിച്ചതെന്ന് തിരക്കി. അവര്‍ ഹവ്വ വിളിച്ച മൊബൈല്‍ നമ്പര്‍ കൈമാറി. അത് റൂമിലെ നമ്പറല്ല. ഏതോ ഒരപരിചിതന്റെ മൊബൈല്‍ നമ്പര്‍.
ആരായിരിക്കും അയാള്‍?- ഖാദറിന് ഒരു സമാധാനവുമില്ല.
ഒടുവില്‍ അദ്ദേഹം ആ മൊബൈല്‍ നമ്പറിലേക്ക് വിളിച്ചു. അങ്ങേ തലക്കല്‍ ഒരു പാക്കിസ്താനി.
ഖാദര്‍ തന്റെ മകളെ കുറിച്ച് തിരക്കി.
തങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് പാക്കിസ്താനിയുടെ മറുപടി.
'നിങ്ങളാരാണ്... എവിടെയാണുള്ളത്....?'- അക്ഷമനായി ഖാദര്‍ തിരക്കി.
പാക്കിസ്താനി സംഭവങ്ങള്‍ വിവരിച്ചു. കുട്ടി വഴിതെറ്റി പരിഭ്രമിച്ച് നില്‍ക്കുകയായിരുന്നുവെന്നും തങ്ങള്‍ അവളെയും കൊണ്ട് ഹറം മുഴുവനും തിരഞ്ഞുവെങ്കിലും നിങ്ങളെ ആരെയും കാണാത്തതിനാല്‍ കുട്ടിയേയും കൊണ്ട് തങ്ങളുടെ റൂമില്‍ വന്നിരിക്കുകയാണെന്നും അയാള്‍ അറിയിച്ചു.
വീണ്ടും ആശ്വാസത്തിന്റെ ഒരു തണുപ്പ്.
ഹവ്വ തങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണെന്നും അല്‍പം കഴിഞ്ഞ് അവളേയും കൂട്ടി തങ്ങള്‍ മാലിക് അബ്ദുല്‍ അസീസ് ഗെയ്റ്റിലെത്താമെന്നും നിങ്ങളവിടെ വന്നാല്‍ മതിയെന്നും നല്ലവനായ പാക്കിസ്താനി അറിയിച്ചു. അദ്ദേഹം ഹവ്വക്ക് ഫോണ്‍ കൊടുത്തു. ഹവ്വ വാപ്പയോട് സംസാരിച്ചു, ഹൃദയത്തിലെ ആഹ്ലാദം ഖാദറിന്റെ മുഖത്ത് വന്നുദിച്ചു. ഖാദര്‍ അല്ലാഹുവിനെ സ്തുതിച്ചു.
അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ഹവ്വയേയും കൂട്ടി ആ പാക്കിസ്താനി തീര്‍ത്ഥാടകനും ഭാര്യയും എത്തി. ഹവ്വ ഓടിച്ചെന്ന് വാപ്പയെ കെട്ടിപ്പിടിച്ചു. രണ്ടു പേരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. ഖാദര്‍ ആ പാക്കിസ്താനി കുടുംബത്തിന് വാക്കുകളിലൊതുങ്ങാത്ത നന്ദി മൊഴിഞ്ഞു.
കഅ്ബാലയത്തിലെ ആരവങ്ങള്‍ക്കിടയില്‍ മണിക്കൂറുകളോളം കാണാതായ മകളെ തിരികെ കിട്ടിയതിന്റെ അതിരറ്റ ആഹ്ലാദം ഖാദറിന്റെ കണ്ണുകളില്‍ ആനന്ദക്കണ്ണീരായി തുളുമ്പി. അവര്‍ വിശുദ്ധ കഅ്ബാലയത്തിന് മുന്നില്‍ ചെന്നിരുന്ന് അല്ലാഹുവിന് എണ്ണമറ്റ ശുക്‌റ് ചൊല്ലി.
പരിഭ്രമിച്ചുപോയ മണിക്കൂറുകള്‍ക്കൊടുവില്‍ പ്രിയ വാപ്പക്കും ഉമ്മക്കുമരികില്‍ തിരിച്ചെത്തിയെങ്കിലും ഹവ്വാനസീമയില്‍ എന്തോ ഒരു മാറ്റം ഖാദര്‍ കണ്ടിരുന്നു. മദീന മുനവ്വറയില്‍ വെച്ച് അവള്‍ വാപ്പയുടെ കാതില്‍ ഒരു സ്വകാര്യം പറഞ്ഞു.
'ഞാനൊരു കാര്യം പറഞ്ഞാല്‍ വാപ്പ സാധിച്ചു തരുമോ?
എന്റെ പുന്നാര മോളല്ലേ, മോള്‍ എന്ത് പറഞ്ഞിട്ടാണ് ഞാന്‍ കേള്‍ക്കാതുള്ളത്?- ഹവ്വയെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് ഖാദര്‍ പറഞ്ഞു.
'ഞാന്‍ വലുതായി ആരാവണമെന്നാണ് വാപ്പക്കാഗ്രഹം'.
'മോള് പഠിച്ച് വലിയ ആളാവണം.'
'എന്നാല്‍ ഞാനൊരു കാര്യം പറഞ്ഞോട്ടെ വാപ്പയോട്.'
'പറഞ്ഞോളൂ, മോള്‍ എന്തു വേണമെങ്കിലും പറഞ്ഞോളു, അല്ലാഹുവിന്റെ സഹായമുണ്ടെങ്കില്‍ ഈ വാപ്പ സാധിച്ച് തരും.'
'വാപ്പ എന്നെ വഴക്ക് പറയുമോ?'
'മോളെ വാപ്പ എപ്പോഴെങ്കിലും വഴക്കു പറഞ്ഞിട്ടുണ്ടോ?'
'എങ്കില്‍ ഞാന്‍ പറയാം. എനിക്ക് ഖുര്‍ആന്‍ മനഃപാഠം പഠിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. എന്നെ നല്ലൊരു ഹിസ്ബ് കോളേജില്‍ ചേര്‍ക്കുമോ...?'
ഹവ്വയുടെ ആഗ്രഹം കേട്ട് ഖാദറിന്റെ ഉള്ളുനിറഞ്ഞു. അദ്ദേഹം മകളെ കെട്ടിപ്പുണര്‍ന്നു. നെറ്റിയില്‍ തുരുതുരാ ഉമ്മ വെച്ചു.
ഖാദര്‍ വിവരം ഭാര്യയോടും പറഞ്ഞു. മകളുടെ ആഗ്രഹമല്ലേ സാധിച്ചുകൊടുക്കണമെന്ന് ലമീസയും അറിയിച്ചു. ഖാദര്‍ ഹവ്വയേയും കൂട്ടി റൗളാശരീഫില്‍ കടന്നു. വഹീദ് മുസ്ലിയാര്‍ ഹവ്വക്ക് ഹിഫ്‌ളിന്റെ ആദ്യ പാഠം ചൊല്ലിക്കൊടുത്തു. സ്വര്‍ഗത്തിന്റെ തോപ്പ് എന്ന് അല്ലാഹു വിശേഷിപ്പിച്ച പരിശുദ്ധമായ സ്ഥലത്ത് വെച്ച് അനുഗ്രഹീത ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനില്‍ നിന്നുള്ള ആദ്യത്തെ ആയത്ത് അവള്‍ മനപാഠമാക്കി.
* * *
ജിദ്ദ കെ.എം.സി.സിയുടെ സ്വീകരണം ഏറ്റുവാങ്ങിയാണ് ഖാദറും സംഘവും നാട്ടിലേക്ക് മടങ്ങിയത്. അന്ന് ആ സ്വീകരണ പരിപാടിയില്‍ പാണക്കാട് ബഷീറലി ശിഹാബ് തങ്ങളും മന്ത്രി ഡോ. എം.കെ മുനീറും കെ.എം ഷാജി എം.എല്‍.എയും ടി.ഇ. അബ്ദുല്ലയുമൊക്കെ ഉണ്ടായിരുന്നു. കെ.എം.സി.സി നേതാവ് അന്‍വര്‍ചേരങ്കൈയുടെ നേതൃത്വത്തില്‍ ഒരുക്കിയ ആ ഊഷ്മള വരവേല്‍പ്പിന്റെ ചിത്രങ്ങള്‍ ഇപ്പോഴും ടി.ഇ അബ്ദുല്ലയുടെ ശേഖരത്തിലുണ്ട്.
കോഴിക്കോട് വിമാനം ഇറങ്ങിയ ഉടനെ നാട്ടിലേക്ക് പോലും തിരിക്കാതെ ഹവ്വയേയും കൊണ്ട് ഖാദറും ഭാര്യയും നേരെ തിരിച്ചത് കൊല്ലത്തെ പ്രശസ്തമായ ഒരു ഹിഫ്‌ള് കോളേജിലേക്കാണ്. മകള്‍ ഒരാഗ്രഹം പറഞ്ഞാല്‍ ആ വാപ്പക്കും ഉമ്മക്കും പിന്നെ ക്ഷമയില്ല. കൊല്ലത്തെ ഹിഫ്‌ള് കോളേജിലെത്തിയെങ്കിലും മംഗലാപുരത്ത് നിന്ന് അവിടേക്കുള്ള ദൂരം ഓര്‍ത്തപ്പോള്‍ മലബാര്‍ മേഖലയില്‍ തന്നെ ഏതെങ്കിലും നല്ല ഹിഫ്‌ള് കോളേജ് ഉണ്ടാകുമോ എന്ന ചിന്തയായി അവര്‍ക്ക്. ആ അന്വേഷണം ചെന്നെത്തിയത് അടുക്കത്ത് ബയലിലെ മജ്‌ലിസ് എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ കീഴിലുള്ള മദ്രസത്തുല്‍ബയാന്‍ ഹിഫ്‌ള് കോളേജിലായിരുന്നു. ഖാദര്‍ മകളെ അവിടെ ചേര്‍ത്തു.
ഇപ്പോള്‍ ഹവ്വ വിശുദ്ധ ഖുര്‍ആനില്‍ നിന്നുള്ള 17 അധ്യായങ്ങള്‍ ഹൃദിസ്ഥമാക്കിക്കഴിഞ്ഞു. അവള്‍ വീട്ടിലെത്തുമ്പോഴൊക്കെ വാപ്പയുടെ അരികിലിരുന്ന് മനഃപ്പാഠമാക്കിയ അധ്യായങ്ങള്‍ ഓതിക്കേള്‍പ്പിക്കും. മനോഹരമായ ആ പാരായണം ഖാദറിന്റെ കാതുകളില്‍ വിശുദ്ധിയുടെ സംഗീതം നിറയ്ക്കും.
മന്ത്രി പദത്തിന്റെ തിരക്കിനിടയിലും, കാതുകളില്‍ ദിവസവും വന്നു നിറയുന്ന പരാതി പ്രളയങ്ങള്‍ക്കിടയിലും ഖാദറിന് ആശ്വാസമാവുന്നത് മകളുടെ മനോഹരമായ ഖുര്‍ആന്‍ പാരായണമാണ്.
ആശ്വാസം കൊതിക്കുമ്പോഴൊക്കെ ആ വാപ്പ മകളെ വിളിച്ച് രണ്ടുവരി ഓതികേള്‍പ്പിക്കാന്‍ പറയും.
T.A.Shafi
The writer is the sub editor of Utharadesam DailyOther Articles

  എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിയാകുമോ?

  മഹല്ലുകള്‍ ഉണരട്ടെ; സമൂഹക്ഷേമത്തിനായി

  കണ്ണാടിപ്പള്ളി പറഞ്ഞുതന്ന നല്ല പാഠങ്ങള്‍...

  കാത്തിരിപ്പ് ഇനി രണ്ടാഴ്ച

  കൂടിയ പോളിംഗ് ആരെ തുണക്കും

  എങ്ങനെയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്?

  ആ അക്ഷരപ്പുഴ വറ്റി

  അബ്ദുല്‍ അസീസ്: കായിക മേഖലയെ ഉണര്‍ത്തിയ സംഘാടകന്‍

  കാസര്‍കോടിന്റെ മോഡറേറ്റര്‍

  ജസ്റ്റിസ് ഫാറൂഖ്; നീതിബോധത്തിന് തിളക്കം കൂട്ടിയ ന്യായാധിപന്‍

  കെ.ജി.റസാഖ് ഇപ്പോഴും എഴുതുകയാണ്...

  പി.ബി അബ്ദുല്‍ റസാഖ് ഓര്‍മ്മകളില്‍...

  ചരിത്രത്തോടൊപ്പം നടന്നൊരാള്‍...

  ചൂടപ്പം പോലെ സുഹ്‌റത്ത് സിതാരയുടെ നോവല്‍; പ്രമുഖരുടെ കയ്യടി

  പ്രളയാനന്തരം ഓണവും ബക്രീദും