ബദര്‍ ഇന്നും തിളങ്ങുന്നു
മുംബശ്ശിറുബ്‌നു അബ്ദുല്‍ മുന്‍ദിര്‍, മുഅവ്വദ്, റാഫി ഇബ്‌നു മുഅല്ല, മിഹ്ജഹ്, ഉബൈദത്തുബ്‌നു ഫാരിസ്, ദുശുശിമാലൈനി, ഉമൈറ്ബ്‌നു അബീ വഖാസ്,യാസീദ്ബ്‌നു ഹാരിസ്, സഫ്‌വാനുബ്‌നു ബൈളാഅ്, ഔഫ്, ഹാരിസത്തുബ്‌നു സുറഖാത്ത്, ഉമൈറബ്‌നു ഹിമാം, സഅദു ഖൈസമ, ആഖില്ബ്‌നു സുഖൈര്‍ (റളിയല്ലാഹു അനുഹും)...
എന്തൊരു രോമാഞ്ചമാണ് ബദറില്‍ രക്തസാക്ഷികളായ ഈ പതിനാല് വീരസേനാനികളുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ.
വിശുദ്ധ മതത്തെ വിജയതീരമണിയിക്കുന്നതിനിടയില്‍ വീരമരണം പ്രാപിച്ച യോദ്ധാക്കള്‍. ബദറിലെ ശുഹദാക്കള്‍. ആ വീരസേനാനികളുടെ ഓര്‍മ്മകളുമായി വീണ്ടുമൊരു ബദര്‍ ദിനം. നാളെയാണ് റമദാന്‍ 17.
മദീന വിശുദ്ധ നഗരിയില്‍ നിന്ന് അല്‍പം മാറി ബദര്‍ എന്ന ദേശത്ത് സത്യം, അസത്യത്തിന് മേല്‍ നേടിയ വലിയ വിജയത്തിന്റെ മധുരതരമായ ഓര്‍മ്മകള്‍ നിറയുന്ന പുണ്യദിനം.
ബദറിലെ വിജയം ഇസ്ലാമിക ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ്. ധര്‍മ്മസമരത്തില്‍ വിജയം സത്യത്തിനൊപ്പം നിന്ന ബദ്ര്‍.
ഒന്നര മണിക്കൂര്‍ യാത്രയുണ്ട് മദീനയില്‍ നിന്ന് ബദറിലേക്ക്. ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ 17ന് കേട്ട ബദറിലെ ആ വിജയഭേരി മറക്കാനാവില്ല ഒരു വിശ്വാസിക്കും; ഒരിക്കലും. ആ ഓര്‍മ്മക്ക് ഏതാണ്ടിപ്പോള്‍ 1434 വര്‍ഷം പിന്നിട്ടു.
നോമ്പുനോറ്റ് വിശന്നൊട്ടിയ വയറുമായി 313 വീര സേനാനികള്‍ പ്രവാചകന്‍ മുഹമ്മദി(സ)നൊപ്പം സത്യമതത്തിന്റെ വിജയത്തിന് വേണ്ടി പോരാട്ടത്തിനിറങ്ങിയത് അന്നാണ്.
അബൂജഹലിന്റെ നായകത്വത്തില്‍ കുതിരപ്പടയാളികളടക്കം ശക്തരാണ് ശത്രുപക്ഷം. ആയിരത്തോളം സേനാംഗങ്ങള്‍. സര്‍വ്വസന്നാഹം.
മക്കയില്‍ നിന്ന് പ്രവാചകന്‍ മുഹമ്മദ് നബി(സ)യേയും കൂട്ടരേയും അടിച്ചോടിച്ചത് പോരാഞ്ഞ് മദീനയിലേക്കും കൈവെക്കാന്‍ തുടങ്ങിയിരുന്നു അബൂജഹലും കൂട്ടരും. ഓരോ കാരണങ്ങളുണ്ടാക്കി മുസ്ലീങ്ങളെ അവര്‍ പ്രകോപിപ്പിക്കാന്‍ തുടങ്ങി. സമാധാനം പാലിക്കാന്‍ തന്നെയായിരുന്നു മുഹമ്മദിന്റെ(സ) തീരുമാനം. ഒടുവില്‍ പ്രവാചകനെ അപഹസിച്ച് അബുജഹല്‍ ഒരു കത്ത് എഴുതി വിട്ടു. എന്നിട്ടും മുഹമ്മദും (സ) കൂട്ടരും ഇളകിയില്ല. ഒടുവില്‍ മക്കയില്‍ നിന്ന് അബൂജഹലിന്റെ നേതൃത്വത്തിലുള്ള ശത്രു സൈന്യം ബദര്‍ ലക്ഷ്യമാക്കി നീങ്ങിയതോടെ നേരിടുകയല്ലാതെ മറ്റൊരു വഴിയുമില്ലാതായി പ്രവാചകന്.
പ്രവാചകന്‍ മുഹമ്മദ് നബി(സ) അബൂബക്കര്‍ സിദ്ദിഖി(റ)നെയും ഉമറി(റ)നെയും വിളിച്ച് അഭിപ്രായമാരാഞ്ഞു. അള്ളാഹുവിന്റെ റസൂല്‍ എന്തു പറഞ്ഞാലും അനുസരിക്കാന്‍ തയ്യാറാണെന്ന് ഇസ്ലാമിന്റെ ആ നെടുംതൂണുകള്‍ മുത്തുറസൂലിന് ഉറപ്പുനല്‍കി.
റസൂല്‍(സ) മദീന നിവാസികളായ അന്‍സാറുകളെ വിളിച്ചു. അക്രമിക്കാനൊരുങ്ങി അബൂജഹലും കൂട്ടരും ഇറങ്ങിയിരിക്കുന്നു. പിടിച്ചുനില്‍ക്കാതെ വഴിയില്ല. ഒരു യുദ്ധം മദീനക്കാര്‍ക്ക് കൂടി സ്വീകാര്യമാണോ എന്ന് പ്രവാചകന് ഉറപ്പ് വരുത്തേണ്ടിയിരിക്കുന്നു.
അന്‍സാറുകളുടെ തലവനായ സഅദ്ബ്‌നു മുഅദ് മുന്നോട്ട് വന്ന് പറഞ്ഞു: 'റസൂല്‍(സ) കടലിലേക്ക് ഇറങ്ങാന്‍ പറഞ്ഞാലും ഞങ്ങള്‍ തയ്യാറാണ്. നബി തങ്ങള്‍ എന്തു പറഞ്ഞാലും അനുസരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ് റസൂലേ...'
അത്രക്കേറെ ഇഷ്ടമായിരുന്നു മദീനക്കാര്‍ക്ക് പൊന്നുറസൂലിനെ. റസൂല്‍ എന്തു പറഞ്ഞാലും അവര്‍ കേള്‍ക്കും, കടലെടുത്ത് കൊണ്ടുവരാന്‍ പറഞ്ഞാല്‍ അതുപോലും.
ഒടുവില്‍ യുദ്ധദിനമെത്തി.
റമദാന്‍ വ്രതമെടുത്ത് വിശന്നൊട്ടിയ വയറുമായി പ്രവാചകനൊപ്പം ഇസ്ലാമിക ആവേശം ഒട്ടും ചോരാത്ത 313 പടയാളികള്‍. അവരെ മൂക്കില്‍ വലിച്ചു കയറ്റാനുള്ള ശക്തിയും ആള്‍ബലവും ആയുധങ്ങളുമുണ്ടായിരുന്നു ശത്രുപക്ഷത്തിന്. ഇരുപക്ഷവും മുഖാമുഖം നിന്നു.
ഈന്തപ്പനയുടെ ഒരു മടല്‍ കൊണ്ട് മുന്നോട്ട് ഉന്തിനില്‍ക്കുന്നവരെ വരിവരിയായി നിര്‍ത്തുകയായിരുന്നു പ്രവാചകന്‍. ഇതിനിടയില്‍ മടല്‍ ചെറുതായൊന്ന് പടയാളികളിലൊരാളായ സവാദി(റ)ന്റെ വയറ്റത്ത് കൊണ്ടു.
സവാദ്(റ) മുന്നോട്ട് വന്ന് പ്രവാചകനോട് ചോദിച്ചു.
'അള്ളാഹുവിന്റെ റസൂലെ, അങ്ങ് നീതിക്ക് വേണ്ടി നിലകൊള്ളുന്നവനല്ലേ...'
'അതെ പൂര്‍ണ്ണമായും ധര്‍മ്മത്തിനും നീതിക്കും വേണ്ടിയാണ് ഞാന്‍ നിലകൊള്ളുന്നത്.'- നബി തങ്ങള്‍ അറിയിച്ചു.
'എങ്കില്‍ എന്നോട് എന്തേ നീതി കാണിച്ചില്ല'?
സവാദി(റ)ന്റെ വാക്കുകള്‍ കേട്ട് എല്ലാവരും ഞെട്ടി.
'ഞാനെന്തു അനീതി കാണിച്ചുവെന്നാണ് സവാദ് പറയുന്നത്.'-പ്രവാചകന്‍ തിരക്കി.
'അങ്ങ് ഈന്തപ്പന മടല്‍ കൊണ്ട് എന്റെ വയറ്റിന് കുത്തി. എനിക്ക് ശരിക്കും വേദനിച്ചു.'
'കുത്തിയതല്ല സവാദേ, കൊണ്ടുപോയതാണ്. അതിന് സവാദ് എനിക്ക് മാപ്പുതരണം.'- പ്രവാചകന്‍ ക്ഷമ ചോദിച്ചു.
'മാപ്പു തരണമെങ്കില്‍ എനിക്ക് ആ വയറ്റത്തൊന്ന് ഇടിക്കണം.' എന്നായി സവാദ്.
സവാദിന്റെ ഈ വാക്കുകള്‍ കേട്ട് സ്വഹാബികള്‍ക്ക് എന്തെന്നില്ലാത്ത കലികയറി. അവര്‍ സവാദിനെ തുറിച്ചുനോക്കി.
പ്രവാചകന്‍ പുഞ്ചിരിച്ചുകൊണ്ട് ഉദരത്തെ മറച്ച ഉടുപ്പ് ഉയര്‍ത്തി. ഇടിക്കാനെന്ന ഭാവേന സവാദ് മുന്നോട്ടാഞ്ഞു. ഒരു നിമിഷം സവാദിന്റെ ഇടി പ്രതീക്ഷിച്ച് പ്രവാചകനും നിന്നു. കുനിഞ്ഞു നിന്ന് സവാദ് കൈകള്‍ കൊണ്ട് ആ ഉദരത്തില്‍ പിടിച്ചു. എല്ലാവരും ആകാംക്ഷയറ്റ് നോക്കി നില്‍ക്കുകയാണ്. പെട്ടന്നായിരുന്നു അത്. കുനിഞ്ഞുനിന്ന സവാദ് ആ വയറ്റില്‍ മുഖം ചേര്‍ത്ത് വെച്ച് തുരുതുരാ ചുംബിക്കുന്നു!
ഇതുകണ്ട് പ്രവാചകന്‍ പോലും ചിരിച്ചുപോയി.
വല്ലാത്തൊരു ഭാഗ്യം സിദ്ധിച്ച തിളക്കത്തോടെ സവാദ്(റ) മുഖമുയര്‍ത്തുമ്പോള്‍ തങ്ങള്‍ക്കാര്‍ക്കും ലഭിക്കാത്ത ഭാഗ്യത്തെ ഓര്‍ത്ത് സ്വഹാബികളെല്ലാം ആശ്ചര്യപ്പെട്ട് നില്‍ക്കുകയായിരുന്നു.
സവാദ്(റ) പറഞ്ഞു. അള്ളാഹുവിന്റെ റസൂലെ, ഈ യുദ്ധത്തോടെ ഞാനുണ്ടാവുമോ എന്നറിയില്ല. എന്റെ ഏറ്റവും വലിയൊരാഗ്രഹമായിരുന്നു അങ്ങയെ ചുംബിക്കണമെന്നത്. വയറ്റത്തു തന്നെ ചുംബിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി ഞാന്‍ കരുതുന്നു.
ഏത് നിമിഷവും മരിച്ചു വീണേക്കാവുന്ന യുദ്ധമുഖത്ത് പോലും പ്രവാചകനെ ഒന്ന് ചുംബിക്കാന്‍ കൊതിച്ച സ്വഹാബിമാര്‍. അവര്‍ക്ക് റസൂല്‍ ജീവനായിരുന്നു. ജീവനില്‍ ജീവന്‍...
മുസ്ലീംകള്‍ ഒരുക്കിവെച്ച ഹൗള്(ചെറു തടാകം) പൊളിക്കാന്‍ ഒട്ടകപ്പുറത്തേറി വാളും ചുഴറ്റി ശത്രുപക്ഷത്ത് നിന്ന് അസ്‌വദ് കുതിച്ചുവന്നു.
നബി(സ) തങ്ങള്‍ തന്റെ പിതൃസഹോദരനായ ഹംസ(റ)യെ നോക്കി നേരിട്ടോ എന്ന് ആംഗ്യം കാട്ടി. ആജ്ഞ കിട്ടേണ്ട താമസം വല്ലാത്തൊരിടിമുഴക്കത്തോടെ ഹംസ(റ) കുതിച്ചു.
ഹംസയെ നോക്കി അസ്‌വദ് വീരവാദങ്ങള്‍ മുഴക്കി. എന്നെ നേരിടാന്‍ നിയോ എന്ന മട്ടില്‍.
ഹംസ ചിരിച്ചു. അസ്‌വദിന് നേരെ ചാടി. വെട്ടേറ്റ് അസ്‌വദ് താഴെ. നിമിഷങ്ങള്‍ക്കകം അസ്‌വദ് മരിച്ചുവീണു. അബൂജഹലിന് കലി കയറി. രണാങ്കണത്തില്‍ ആദ്യത്തെ തിരിച്ചടി. ഖുറൈശികളുടെ രോഷാഗ്നി കത്തി. ഉത്ത്ബത്ത്, ശൈബത്ത്, വലീദ് എന്നീ മൂന്ന് രണവീരന്മാരെ അബുജഹല്‍ പടക്കളത്തിലേക്കയച്ചു. നേരിടാനായി ഹംസ(റ)യും അലിയ്യുബ്‌നു അബിതാലിബും(റ) ഉബൈദത്തും(റ) യുദ്ധക്കളത്തിലേക്ക്.
ശൈബത്തിനെ ഹംസ(റ)യും വലീദിനെ അലി(റ)യും ഉത്ത്ബത്തിനെ ഉബൈദത്തും(റ) നേരിട്ടു.
ഹംസ(റ) ശൈബത്തിനെ കീഴ്‌പ്പെടുത്തി. അലി(റ)യുടെ ഇടിമുഴക്കം പോലുള്ള മുന്നേറ്റത്തില്‍ വലീദ് പിടഞ്ഞുവീണ് മരിച്ചു. ഉത്തുബത്തിനെ കീഴടക്കാനുള്ള ഉബൈദത്തി(റ)ന്റെ മുന്നേറ്റങ്ങള്‍ പക്ഷെ, ഏറെ നേരം കഴിഞ്ഞിട്ടും ഫലം കണ്ടില്ല. ശക്തമായൊരു വെട്ട് ഉബൈദത്തി(റ)ന്റെ തുടയിലേറ്റു. നിമിഷങ്ങള്‍ക്കകം ഉത്ത്ബത്തിനെ തിരിച്ചുവെട്ടി.
ഉബൈതത്ത്(റ) അവശനാവുന്നത് കണ്ട് ഹംസ(റ)യും അലി(റ)യും സഹായത്തിനെത്തി. അവര്‍ ഉത്ത്ബത്തിനെ കീഴ്‌പ്പെടുത്തി ഉബൈദത്തി(റ) നെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. വീണ്ടും വെട്ടും മുന്നേറ്റവും. പലരും മരിച്ചുവീണു. മുസ്ലിം സൈന്യം യുദ്ധത്തില്‍ വിജയം നേടി. അല്ലാഹുവിന്റെ ഒരു കൈ സഹായം! മലക്കുകള്‍ ഇറങ്ങി വന്ന് യുദ്ധത്തില്‍ പങ്കാളികളായതിന്റെ വിജയം!
അബു ജഹലും പിടഞ്ഞുവീണു. ബദറില്‍ വിജയപതാക പാറി.
ബദറില്‍ ഇസ്ലാമിക സേനക്ക് വിജയം സമ്മാനിക്കുന്നതില്‍ ഹംസ(റ), അലിയ്യുബ്‌നു അബീത്വാലിബ്(റ) ഉമ്‌റ്ബ്‌നു ഖത്താബ്(റ), മുആദ്(റ), ഉമൈര്‍(റ), ഉക്കാശ(റ), അബൂഉബൈദ് (റ), ഇബ്‌നു മസ്ഊദ് (റ) തുടങ്ങിയവര്‍ നടത്തിയ വീരപോരാട്ടം ബദറിന്റെ തുടിപ്പുകളില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നുണ്ട്. ആ വിജയമധുരിമയുടെ ഓര്‍മ്മയില്‍ കൊച്ചുകുട്ടികള്‍ പോലും റമദാന്‍ 17ന് നോമ്പെടുക്കുന്നു.
T.A.Shafi
The writer is the sub editor of Utharadesam DailyOther Articles

  എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിയാകുമോ?

  മഹല്ലുകള്‍ ഉണരട്ടെ; സമൂഹക്ഷേമത്തിനായി

  കണ്ണാടിപ്പള്ളി പറഞ്ഞുതന്ന നല്ല പാഠങ്ങള്‍...

  കാത്തിരിപ്പ് ഇനി രണ്ടാഴ്ച

  കൂടിയ പോളിംഗ് ആരെ തുണക്കും

  എങ്ങനെയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്?

  ആ അക്ഷരപ്പുഴ വറ്റി

  അബ്ദുല്‍ അസീസ്: കായിക മേഖലയെ ഉണര്‍ത്തിയ സംഘാടകന്‍

  കാസര്‍കോടിന്റെ മോഡറേറ്റര്‍

  ജസ്റ്റിസ് ഫാറൂഖ്; നീതിബോധത്തിന് തിളക്കം കൂട്ടിയ ന്യായാധിപന്‍

  കെ.ജി.റസാഖ് ഇപ്പോഴും എഴുതുകയാണ്...

  പി.ബി അബ്ദുല്‍ റസാഖ് ഓര്‍മ്മകളില്‍...

  ചരിത്രത്തോടൊപ്പം നടന്നൊരാള്‍...

  ചൂടപ്പം പോലെ സുഹ്‌റത്ത് സിതാരയുടെ നോവല്‍; പ്രമുഖരുടെ കയ്യടി

  പ്രളയാനന്തരം ഓണവും ബക്രീദും