ആരാധനകളില്‍ ആത്മീയത ചോരാതെ
വിശ്വസിച്ചും പ്രതിഫലേച്ഛയോടെയും റമദാനില്‍ നോമ്പനുഷ്ഠിക്കുന്നവന് മുന്‍കഴിഞ്ഞ സര്‍വ്വപാപങ്ങളും പൊറുക്കപ്പെടും. (ഹദീസ് ശരീഫ്)
ഭൗതികമായുണ്ടാവുന്ന സുഖസൗകര്യങ്ങളും ഐഹിക വികാര വിചാരങ്ങളും ആരാധനകളുടെ ആത്മീയതയും പരിശുദ്ധിയും നഷ്ടപ്പെടുത്തികൊണ്ടിരിക്കുകയാണ്. അഭിനവ ലോകത്ത് വിശ്വാസികള്‍ക്കിടയിലുണ്ടാവുന്ന ആപല്‍കരമായ സ്ഥിതി വിശേഷമാണിത്. ആത്മീയ പ്രഭാവമാണ് ആരാധനകളെ ജീവസുറ്റമാക്കുന്നത്. അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യപരവും പരലോകത്ത് പ്രതിഫലാര്‍ഹമാവുന്നതും ഇത്തരം ആരാധനനകള്‍ തന്നെയാണ്. ഭൗതിക താല്‍പര്യവും പ്രകടനപരതയും കലരുന്ന ഇബാദത്തുകള്‍ വിഫലമാവുന്നു.
വിശ്വാസവും ആത്മാര്‍ത്ഥതയും ഭക്തിയും സൂക്ഷ്മതയും ഇലാഹീചിന്തയും പ്രതിഫലേച്ഛയും നിറഞ്ഞതായിരിക്കണം ഇബാദത്തുകള്‍. അത്തരം കര്‍മ്മ നിഷ്ഠകള്‍ക്ക് പത്തരമാറ്റാണ്. തിളക്കവും മികവും ചേതനയും വേറെ തന്നെയാണ്.
മറ്റെല്ലാമെന്നപോലെ വിശുദ്ധ റമദാന്‍ കാലത്തിലെ നോമ്പനുഷ്ഠാനത്തിലും ആരാധനാനിഷ്ഠയിലുമെല്ലാം ആത്മീയതയുടെ നിറമാറ്റങ്ങളും ഭാവഭേദങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നുവോ എന്ന് സംശയിച്ചുപോവുകയാണ്. പൂര്‍വ്വ സൂരികളുടെയും പുണ്യാത്മാക്കളുടേയും വ്രതാനുഷ്ഠാനവും നോമ്പുകാലവും തുലനം ചെയ്യുമ്പോഴാണ് ഇത്തരം ചിന്തകള്‍ കടന്നുവരുന്നത്. നിസ്‌കാരം, നോമ്പ്, സക്കാത്ത്, ഹജ്ജ് തുടങ്ങിയ നിര്‍ബന്ധകര്‍മ്മങ്ങളും മറ്റും ആത്മീയ പരിശുദ്ധിയും ഭക്തിനിര്‍ഭരമായ സൂക്ഷ്മതയും പുലര്‍ത്തിപോന്നതായിരുന്നു പൂര്‍വ്വികരുടെ വിജയം. അല്ലാഹുവിന്റെ തൃപ്തിയും പരലോക വിജയവും മാത്രമായിരുന്നു അവര്‍ക്ക് മുമ്പിലുണ്ടായിരുന്നത്. ഇതിനപ്പുറം ചിന്തകള്‍ ചാടാതിരിക്കാന്‍ തഖ്‌വയുടെ വേലികള്‍ വളച്ചുകെട്ടിയിരുന്നു. പരലോകത്ത് സമ്പത്തും സന്താനങ്ങളും പ്രയോജനപ്പെടുന്നത് സുരക്ഷിതമായ മനസ്സിന്റെ ഉടമകളാവുമ്പോള്‍ മാത്രമാണെന്നാണ് വിശുദ്ധ ഖുര്‍ആന്‍ തെര്യപ്പെടുത്തുന്നത്.
ഇന്നും പുരാതനകാലത്തെ റമദാനും വളരെ അന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്. അനുഗ്രഹങ്ങളുടെ കേദാരമായ വിശുദ്ധ റജബ് മാസം കടന്നുവരുന്നതോടെ റമദാനിന്റെ പ്രതീതിയായിരുന്നു. റജബിലും ശഅബാനിലും റമദാനിന് സ്വാഗതമോതി ഇബാദത്തില്‍ കഴിഞ്ഞുകൂടുന്നു. നോമ്പനുഷ്ഠിക്കാനും ഖുര്‍ആന്‍ പാരായണം ചെയ്യാനും സര്‍വ്വ വികാരവിചാരങ്ങള്‍ നിയന്ത്രിച്ച് അതിസൂക്ഷ്മമായ ജീവിതം പുലര്‍ത്താനും വിശ്വാസികള്‍ തയ്യാറാവുന്നു. അങ്ങനെ റമദാനിന്റെ ആഗമനത്തോടെ ബാഹ്യ-ആന്തരിക ഇന്ദ്രിയങ്ങളെല്ലാം നിയന്ത്രണവിധേയമാക്കി വിമലീകരിച്ചുകാണ്ടുള്ള ജീവിതം.
മറ്റൊരര്‍ത്ഥത്തില്‍ പൂര്‍വ്വകാലത്തെ നോമ്പിനെ മൂന്ന് അവസ്ഥാന്തരങ്ങളായി വേര്‍തിരിക്കാം. 1. സമയ ദൈര്‍ഘ്യത്തിന്റെ നോമ്പ്. 2. പട്ടിണികള്‍ക്കിടയിലെ നോമ്പ്. 3. പ്രതിസന്ധികള്‍ക്കിടയിലെ നോമ്പ്. ഇന്ന് ഒന്ന് കണ്ണടച്ച് തുറക്കുമ്പോള്‍ തന്നെ സമയം സന്ധ്യയായി. നോമ്പ് തുറക്കാന്‍ കാത്തിരിക്കാനും വിശപ്പും ദാഹവും ക്ഷീണവുമൊന്നും സഹിക്കാനും അവസരമില്ല. ഇനി മണിക്കൂറുകള്‍ നീണ്ടാല്‍ തന്നെ കാലക്കറക്കം അതിശീഘ്രമാണ്. ശീതീകരിച്ച റൂമില്‍ നിന്ന് ശീതീകരിച്ച വാഹനത്തില്‍ കയറി ശീതീകരിച്ച ഇടങ്ങളില്‍ തന്റെ ജീവിത വിഷയങ്ങളുമായി ബന്ധപ്പെടുമ്പോള്‍ തന്നെ സമയം എവിടെയോ പോയിമറഞ്ഞിരിക്കും.
പൂര്‍വ്വികരായ വിശ്വാസികള്‍ സമയത്തേയും ആരോഗ്യത്തേയും എങ്ങനെയെല്ലാം ഉപയോഗപ്പെടുത്തണമെന്ന് നന്നായി മനസ്സിലാക്കിയവരായിരുന്നു. ഉറങ്ങുന്നതും ഉണരുന്നതും ജീവിതമാര്‍ഗ്ഗം തേടിയുള്ള യാത്രയുമെല്ലാം ഇബാദത്തായിരുന്നു. വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും ചിന്തകളിലും ഇസ്ലാം മികച്ച് കാണുമായിരുന്നു. നല്ലചിന്തയും നിയ്യത്തും ഒരു വിശ്വാസിയുടെ കര്‍മ്മത്തേക്കാള്‍ പ്രതിഫലാര്‍ഹമെന്നാണ് നബി (സ) പറഞ്ഞത്. ഇത് പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് ജീവിതത്തില്‍ പകര്‍ത്തിയവരായിരുന്നു പൂര്‍വ്വികര്‍.
പൂര്‍വ്വസൂരികളായ മഹത്തുകളുടെ വിശുദ്ധ റമദാനിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പും റമദാനിലെ നിസ്‌കാരവും ഖുര്‍ആന്‍ പാരായണവും ഇഅ്തികാഫും ധാനധര്‍മ്മവും വിജ്ഞാനപ്രദവും ഭക്തിസാന്ദ്രവുമായ സദസ്സുകളും നമ്മെ പലപ്പോഴും കോള്‍മയിര്‍ കൊള്ളിക്കുകയും രോമാഞ്ചജനകമാക്കുന്നതുമല്ലാതെ പ്രവര്‍ത്തനപദത്തില്‍ പകര്‍ത്തിയെടുക്കുന്നതില്‍ വളരെ പിറകോട്ടാവുകയാണ്.
റമദാന്‍ വിഭസമൃദ്ധിയുടെയും കാലമാണ് ഇന്ന്. എന്തെല്ലാം ഭക്ഷണവിഭവമാണ് മുമ്പിലെത്തുന്നത്. വറുത്തതും പൊരിച്ചതും ആറ്റിയതും കുറുക്കിയതുമെല്ലാം തീന്‍മേശയില്‍ യഥേഷ്ടം. പഴവര്‍ഗ്ഗങ്ങളില്‍ പലതും തയ്യാര്‍ചെയ്യുന്നു. ആഹാര വിഭവങ്ങള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതാവുന്നു.
ഇന്ന് പട്ടിണിയുടെ വിശപ്പിന്റെ നോമ്പല്ല. ആമാശയത്തിന് യാതൊരു നിയന്ത്രണവുമില്ല. 'നോമ്പനുഷ്ഠിക്കൂ ആരോഗ്യവാന്മാരാകൂ' എന്ന പ്രവാചക പ്രഖ്യാപനം എവിടെയോ മറന്നുപോവുകയാണ്.
നീണ്ട പതിനൊന്ന് മാസക്കാലം സുഭിക്ഷമായും അനിയന്ത്രിതമായും ആഹരിച്ച് രോഗാതുരവും മലിനപ്പെട്ടതുമായ ആമാശയത്തിന് വിശ്രമം നല്‍കുകയാണ് റമദാനിലെ വ്രതാനുഷ്ഠാനം.
പഴയകാലങ്ങളില്‍ വെറും കാരക്കയും വെള്ളവും കൊണ്ടായിരുന്നു നോമ്പ് തുറന്നിരുന്നത്. കൂടിയാല്‍ ജീരക കഞ്ഞിയുമുണ്ടാകും. തറാവീഹ് നിസ്‌കാര ശേഷമുള്ള മുത്താഴവും അത്താഴവും വയറ് വീര്‍പ്പിക്കാതെയുള്ള ലഘു ഭക്ഷണം. സമ്പന്ന വിഭാഗക്കാരിലും നോമ്പുതുറയോടൊപ്പം സല്‍ക്കാരമാക്കുന്നവരിലും മാത്രമായിരുന്നു വിഭവസമൃദ്ധമായ ആഹാരങ്ങള്‍ പാചകം ചെയ്തിരുന്നത്.
നോമ്പനുഷ്ഠിക്കുന്നത് പോലെ നോമ്പ് തുറപ്പിക്കുന്നതും പുണ്യവും വളരെ പ്രതിഫലാര്‍ഹവുമാണ്. പക്ഷെ, നോമ്പിന്റെ വിശുദ്ധയേയും ആത്മീയതയേയും കളഞ്ഞുകുളിച്ചാവരുതെന്ന് മാത്രം. ഭൗതിക പ്രീതിയും സ്റ്റാറ്റസും മാത്രമായി കാണുന്നവര്‍ക്ക് നോമ്പുതുറയുടെ പ്രതിഫലമെല്ലാം നഷ്ടപ്പെട്ടുപോവുകയാണ്. റമദാന്‍ കാലങ്ങളില്‍ വ്രതാനുഷ്ഠാനത്തിന്റെ പവിത്രത നഷ്ടപ്പെടുത്തുന്ന വിധം ആമാശയം വീര്‍പ്പിക്കുന്നവരും വൈവിധ്യ പാചകങ്ങള്‍ കൊണ്ട് തീന്‍മേശ നിറക്കുന്നവരും ഒരു നിമിഷം ചിന്തിക്കേണ്ടത് ഒരു കീറ് കാരക്കകഴിച്ച് നോമ്പുനോറ്റവരായി ധര്‍മ്മസമരത്തിനിറങ്ങിയ ധീരാത്മാക്കളായ സ്വഹാബികളുടെ വീരചരിത്രങ്ങളാണ്.
Aboobaker saathi nekraje
writerOther Articles