യുദ്ധസ്മരണകളുണര്‍ത്തിയ ഉഹുദ് താഴ് വരയിലൂടെ.....
ദിനരാത്രങ്ങള്‍ കൊഴിയുന്നു. മദീനയുടെ വടക്ക് ഭാഗത്തെത്തി. പരിശുദ്ധ ഇസ്ലാമിന്റെ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ ആലേഖനം ചെയ്ത മഹത്തായ ചരിത്ര സംഭവമാണ് ഖന്ദക്(കിടങ്ങ്) യുദ്ധം. വിശുദ്ധ ഇസ്ലാമിനെ നശിപ്പിച്ച് മുസ്ലീങ്ങളെ നാമാവശേഷമാക്കുന്നതിന് ആര്‍ത്തിരമ്പി വന്ന ശത്രുക്കള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടി സഹാബത്തുകളുമായി നബി തങ്ങള്‍ നടത്തിയ ചര്‍ച്ചയില്‍ ശത്രുക്കളെ നേരിടുന്നതിന് വേണ്ടി വിവിധ രൂപങ്ങള്‍ ചര്‍ച്ചക്ക് വരികയും സല്‍മാന്‍ ഫാരിസി(റ.അ)ന്റെ പേര്‍ഷ്യന്‍ യുദ്ധതന്ത്രം നബി തങ്ങളോട് പറയുകയും അതനുസരിച്ച് മദീനയിലേക്ക് വരുന്ന ശത്രുക്കള്‍ക്ക് പ്രവേശനം ലഭ്യമല്ലാത്ത വിധം വലിയ കിടങ്ങുകളൊരുക്കാന്‍ തീരുമാനിച്ചു. അങ്ങനെ മദീനക്ക് ചുറ്റും നബി തങ്ങളും സഹാബാക്കളും കിടങ്ങ് കുഴിച്ചു. മൂന്ന് മീറ്റര്‍ നീളത്തിലും പത്ത് മീറ്റര്‍ വീതിയിലും ഏഴ് മീറ്റര്‍ ആഴത്തിലുമായിരുന്നു കിടങ്ങ് കുഴിച്ചത്. ഒരു കുതിര ചാടിയാല്‍ എത്താന്‍ പറ്റാത്ത വിധത്തിലും താഴേക്ക് വീണാല്‍ മുകളില്‍ കയറാന്‍ പറ്റാത്ത ആഴത്തിലുമായിരുന്നു കിടങ്ങ് കുഴിച്ചത്.
നബി തങ്ങളും സഹാബാക്കളും കഠിനാധ്വാനം ചെയ്ത് ചുരുങ്ങിയ രീതിയില്‍ കിടങ്ങിന്റെ പണി നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അതിനിടയില്‍ ശക്തമായ പാറ പ്രത്യക്ഷപ്പെട്ടു. ആ പാറ സഹാബാക്കളിലൊരാള്‍ കയ്യിലുള്ള ആയുധം ഉപയോഗിച്ച് പരമാവധി വെട്ടിപ്പൊളിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, നബി തങ്ങളോട് ഈ പ്രതിസന്ധി ബോധ്യപ്പെടുത്തിയപ്പോള്‍ നബി തങ്ങള്‍ തന്നെ ആയുധമുപയോഗിച്ച് പാറ വെട്ടുകയായിരുന്നു. അത്ഭുതകരമായ സംഭവം നടന്നത് ഇവിടെയാണ്. ഇവിടെ പ്രതിസന്ധി ഘട്ടത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ ഉത്തരം കിട്ടും. ഇപ്പോള്‍ ഇവിടെ കിടങ്ങുകളുടെ സ്ഥാനത്ത് റോഡ് മാത്രമെ കാണാന്‍ കഴിയുകയുള്ളു. വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇവിടെയുണ്ടായിരുന്ന കിടങ്ങുകളും ചില പള്ളികളും പൊളിച്ചുനീക്കുകയായിരുന്നു. ഖന്ദക് യുദ്ധം നടന്ന സ്ഥാനത്ത് ചെറിയ മലയുടെ മുകളിലായി ഇരുവശവും ചവിട്ട് പടികളോട് കൂടിയുള്ള ചെറിയ ഒരു മനോഹരമായ പള്ളി കണ്ടു. മസ്ജിദുല്‍ ഫതഹ്. ഖന്ദക് യുദ്ധവേളയില്‍ നബി തങ്ങളും സഹാബാക്കളും ദിവസങ്ങളോളം ശത്രുക്കളെ പ്രതിരോധിച്ച് കൊണ്ട് വളരെ ദുസ്സഹമായ അവസ്ഥയില്‍ ഇവിടെ കഴിച്ചുകൂട്ടുകയായിരുന്നു.
തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങളില്‍ നബി തങ്ങള്‍ സുജൂദില്‍ കിടന്ന് ദീര്‍ഘനേരം ശത്രുക്കള്‍ക്കെതിരെ നിറഞ്ഞ കണ്ണുകളോടെ പ്രാര്‍ത്ഥിച്ചു. ബുധനാഴ്ച ളുഹറിന്റെയും അസറിന്റെയും ഇടയില്‍ ആ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിച്ചതായും ചരിത്രരേഖകളിലുണ്ട്.
ശത്രുസൈന്യത്തെ ശക്തമായ കൊടുങ്കാറ്റടിപ്പിച്ച് അല്ലാഹു തുരത്തിയോടിക്കുകയായിരുന്നു. ഇവിടെയായിരുന്നു ആ മഹത്തായ സംഭവം നടന്നത്. നന്ദി സൂചകമായി നബി തങ്ങള്‍ അല്ലാഹുവിനോട് സുജൂദില്‍ കിടന്ന് ദീര്‍ഘനേരം പ്രാര്‍ത്ഥിക്കുകയായിരുന്നു. പ്രതിസന്ധിഘട്ടത്തില്‍ പലരും ഇവിടെ വന്ന് പ്രാര്‍ത്ഥിക്കുന്നുണ്ട്. നബി തങ്ങള്‍ പ്രാര്‍ത്ഥിച്ച ഇവിടെ പ്രാര്‍ത്ഥിക്കുന്നത് ഏറ്റവും വലിയ ഭാഗ്യമാണ്.
മസ്ജിദുല്‍ ബനുഇഹ്‌റാമിനടുത്തെത്തി. ബനു ഗോത്രത്തില്‍ പെട്ടവര്‍ താമസിച്ചിരുന്ന സ്ഥലത്തുള്ള പള്ളി.
ഖന്ദക് യുദ്ധം കഴിഞ്ഞ് ഭക്ഷണം കഴിക്കാന്‍ ഇല്ലാത്തതിനാല്‍ നബി തങ്ങളും സഹാബാക്കളും കല്ല് തുണിയില്‍ പൊതിഞ്ഞ് അത് വയറ്റത്ത് കെട്ടിക്കൊണ്ടായിരുന്നു കഴിഞ്ഞത്. സഹബത്ത് വിശപ്പിനെപ്പറ്റി നബി തങ്ങളോട് പറഞ്ഞപ്പോള്‍ നബി തങ്ങള്‍ കുപ്പായം ഉയര്‍ത്തിക്കാണിക്കുകയായിരുന്നു. നബി തങ്ങളുടെ വയറ്റത്ത് രണ്ട് കല്ല് വെച്ച് കെട്ടിയത് സഹാബാത്ത് കണ്ടു. ഈ വിവരം അറിഞ്ഞ ജാബിര്‍ (റ.അ.) വിഷമിച്ചു. പെട്ടെന്ന് വീട്ടില്‍ പോയി രണ്ട് മാസം പ്രായമുള്ള ചെറിയ ആട്ടിന്‍കുട്ടിയെ അറുക്കുകയും വീട്ടിലുണ്ടായിരുന്ന രണ്ട് സാഅ് ഗോതമ്പ് കൊണ്ട് പത്തിരിയുണ്ടാക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പിന്നീട് ജാബിര്‍(റ.അ) നബി തങ്ങളുടെ അടുക്കലെത്തി.
'നബിയെ... താങ്കള്‍ക്കും കുറച്ചാളുകള്‍ക്കും ലഘു ഭക്ഷണം വീട്ടില്‍ തയ്യാറാക്കിയിട്ടുണ്ട്'. ജാബിര്‍(റ.അ)യുടെ ആത്മാര്‍ത്ഥമായ സല്‍ക്കാരം അറിഞ്ഞപ്പോള്‍ ഉടന്‍ തന്നെ നബി തങ്ങള്‍ എല്ലാവരും കേള്‍ക്കെ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ' ജാബിര്‍ നമ്മെ സല്‍ക്കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്, എല്ലാവരും ജാബിറിന്റെ വീട്ടില്‍ പോകണം'
ഇത് കേള്‍ക്കേണ്ട താമസം വിശന്നൊട്ടിയ വയറുമായി സഹാബാത്തുകളെല്ലാം നബി തങ്ങള്‍ക്കൊപ്പം ജാബിറിന്റെ വീട്ടിലേക്ക് പോവുകയാണ്. നബി തങ്ങള്‍ക്കൊപ്പം കുറേ ആളുകള്‍ വീട്ടിലേക്ക് വരുന്നത് കണ്ടതോടെ ജാബിറും ഭാര്യയും വിഷമിച്ചു. 'ഈ വീട്ടില്‍ നബിക്കും കുറച്ച് പേര്‍ക്കും കഴിക്കാനുള്ള ഭക്ഷണമാണ് ഒരുക്കിയിട്ടുള്ളത് നബിയെ'. ഇത് കേട്ട നബി തങ്ങള്‍ അടുക്കളയിലേക്ക് പോയി. അവിടെ ആട്ടിന്‍ ഇറച്ചി കറിയുടെ പാത്രം നോക്കി നബി പറഞ്ഞു. ജാബിറെ ഇത് അടുപ്പില്‍ നിന്ന് മാറ്റിവെക്കരുത്. ഗോതമ്പ് മാവും അവിടെതന്നെ വെക്കണം. ഇറച്ചിയുടെയും മാവിന്റെയും പാത്രത്തില്‍ നബി തങ്ങള്‍ മുഖമമര്‍ത്തി അത്ഭുതകരമെന്ന് പറയട്ടെ. ആ പാത്രത്തില്‍ നിന്ന് പിന്നീട് ഓരോ സഹാബാക്കള്‍ക്കും ഭക്ഷണം വിളമ്പി. ആയിരത്തോളം വരുന്ന സഹാബാക്കള്‍ ഭക്ഷണം കഴിച്ചെന്നും എന്നിട്ടും ഭക്ഷണം ഒട്ടും കുറവായില്ലെന്നും ചരിത്രത്തില്‍ ജാബിര്‍(റ.അ) അനുസ്മരിച്ചിട്ടുണ്ട്. ഈ ചരിത്ര യാഥാര്‍ത്ഥ്യം സാക്ഷ്യം വഹിച്ച ജാബിറിന്റെ വീട് ഉണ്ടായ സ്ഥലത്താണ് ഈ പള്ളി.
അടുത്ത ലക്ഷ്യം ഉഹൂദ് മലയിലേക്കായിരുന്നു.
മദീനയില്‍ നിന്ന് നാല് കി.മി അകലെയാണ് ഉഹ്ദ് മല.
ഹിജ്‌റ മൂന്നാം വര്‍ഷം ഇസ്ലാമിക ചരിത്രത്തില്‍ പ്രധാനമായ പോരാട്ടം നടന്നത് ഈ മലയുടെ താഴ്‌വരയിലാണ്.
ഹംസ(റ.അ) അടക്കം പല മഹാന്മാരേയും അടക്കം ചെയ്യപ്പെട്ട സ്ഥലം. ജിഹാദ് ഭൂമി, രണഭൂമി എന്ന നിലക്ക് സ്ഥാനമുള്ളതിന് പുറമെ ഉഹ്ദ് മലക്ക് ചരിത്രത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. നബിയുടെ പ്രിയപ്പെട്ട ഹംസ(റ.അ) വീര രക്തസാക്ഷിത്വം അല്ലാഹുവിനോട് ചോദിച്ച് വാങ്ങിയ സ്ഥലം. 70ല്‍പരം രക്തസാക്ഷികളുടെ മഖ്ബറ ഇവിടെ ചുറ്റുപാടുമുണ്ട്.
ഹംസ(റ.അ) ഉള്‍പ്പെടെ ഒന്നിലധികം പേരെയാണ് ഷഹീദായ സമയത്ത് ഖബറില്‍ വെച്ചതെന്ന് ചരിത്രമുണ്ട്. ഉഹ്ദ് യുദ്ധം കഴിഞ്ഞ് അരനൂറ്റാണ്ട് പിന്നിട്ടപ്പോള്‍ ശക്തമായ മഴവെള്ളപ്പാച്ചലുണ്ടായി. അങ്ങനെ ഖബറുകളുടെ അടിഭാഗം പ്രത്യക്ഷപ്പെട്ടു. ഹംസ(റ.അ) അടക്കമുള്ളവരുടെ മയ്യത്ത് ഭാവപ്പകര്‍ച്ചയില്ലാതെ കേടുപാടുകളില്ലാതെ കണ്ടുവെന്നും മറ്റൊരു ഖബര്‍ കുഴിച്ച് അടക്കം ചെയ്യുകയായിരുന്നുവെന്നും അഭിപ്രായമണ്ട്.
ഹംസ(റ.അ) അടക്കമുള്ളവരുടെ ശുഹാദാക്കളുടെ ഖബറിടത്തിന് ചുറ്റും ഗ്രില്‍സ് കൊണ്ട് വേര്‍തിരിക്കുകയും മതില്‍ കൊണ്ട് ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. അവിടെ നിന്ന് സലാം ചൊല്ലി, പ്രാര്‍ത്ഥിച്ചു. തൊട്ടപ്പുറത്ത് ചെറിയ കുന്നുകള്‍ കണ്ടു. ജബലുറുമാത്ത്.
നബി തങ്ങള്‍ അമ്പെയ്ത്തുകാരെ കാവല്‍ നിര്‍ത്തിയിരുന്ന സ്ഥലം. നബി തങ്ങള്‍ ഇവരോട് കാവല്‍ നില്‍ക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. സഹാബാക്കള്‍ യുദ്ധം അവസാനിച്ചെന്ന് മനസ്സിലാക്കി ഇറങ്ങി. ഇത് ശത്രുക്കള്‍ മനസ്സിലാക്കി മധ്യഭാഗത്തിലൂടെ വന്ന് അക്രമിച്ച സ്ഥലം. എട്ട് കി.മി നീളമാണ് ഉഹ്ദ് മലക്ക്. ചുവപ്പ് നിറമാണ്. സ്വര്‍ഗകവാടങ്ങളിലൊന്നായ മല. ഇവിടെയെത്തിയാല്‍ ഇവിടെയുള്ള മുള്ളുമരത്തില്‍ നിന്ന് അല്‍പം ഭക്ഷിക്കുക എന്ന നബി വചനം ഓര്‍മ്മവന്നു.
മുസ്ലീങ്ങള്‍ പരാജയപ്പെട്ട യുദ്ധം.
ബദറിലെ വിജയവും ഉഹ്ദിലെ പരാജയവും...
ശുഹദാക്കാള്‍ വിശ്രമസങ്കേത സ്ഥാനത്താണ് പ്രധാന പോരാട്ടം നടന്നത്.
നബി തങ്ങളും സഹാബാക്കളും ഇസ്ലാമിന് വേണ്ടി ഏറെ ത്യാഗം സഹിച്ച ഉഹ്ദ് യുദ്ധത്തിന്റെ ചരിത്ര സ്മരണകളിലേക്ക് ചിറകിട്ടടിച്ചുപോയി.
നാം ഇപ്പോള്‍ അനുഭവിക്കുന്ന ത്യാഗങ്ങള്‍ ഒന്നുമല്ലെന്ന് മനസ്സിലാകും. കണ്ണ് നിറഞ്ഞു.
നബി തങ്ങളും സിദ്ദിഖ്(റ.അ), ഉമര്‍(റ.അ), ഉസ്മാന്‍(റ.അ). കാര്യമായ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഉഹ്ദ് പര്‍വ്വതം വിറക്കാന്‍ തുടങ്ങി, ഭൂമി കുലുക്കം അനുഭവപ്പെട്ടപ്പോള്‍ നബി തങ്ങള്‍ ഉഹുദ് മലയെ അമര്‍ത്തിച്ചവിട്ടിക്കൊണ്ട് പറഞ്ഞു.
'ഏ.. ഉഹ്‌ദെ നീ വിറക്കുകയാണോ? നിന്റെ ഉപരിതലത്തില്‍ നില്‍ക്കുന്നത് ഒരു നബിയാണ്. മറ്റൊരു സ്വന്തം സഹചാരിയായ സിദ്ദിഖാണ്. മറ്റു രണ്ടുപേരും രക്തസാക്ഷികളാണ്'. ഉടന്‍ തന്നെ ഉഹ്ദ് പര്‍വ്വതത്തിന്റെ വിറക്കല്‍ നിന്നു. അന്ന് തൊട്ട് ഇന്ന് വരെ മദീന പരിസരങ്ങളില്‍ ഭൂമി കുലുക്കം അനുഭവപ്പെട്ടിട്ടില്ല.
നബിയുടെ പിതൃസഹോദരന്‍ ഹംസ(റ.അ) മറവ് ചെയ്ത സ്ഥലത്തുള്ള പള്ളിയാണ് മസ്ജിദുല്‍ സയ്യിദ് ശുഹദ. യുദ്ധത്തിന് ശേഷം ശഹീദായി വരെ അന്വേഷിക്കുന്ന കൂട്ടത്തില്‍ നബി തങ്ങള്‍ ഹംസ(റ.അ)യെ അന്വേഷിക്കാന്‍ തുടങ്ങി. എന്റെ എളയാപ്പക്ക് എന്തു പറ്റി? നാലുപാടും അന്വേഷിക്കുന്നതിനിടയില്‍ മലഞ്ചെരുവില്‍ നബി തങ്ങള്‍ ഹംസ(റ.അ)യെ കാണുകയാണ്. ഇസ്ലാമിന്റെ ഗര്‍ജ്ജിക്കുന്ന സിംഹം അതാ...വയറുകീറി കരള്‍ പറിച്ചെടുത്ത നിലയില്‍. ചെവികളും മൂക്കും വിച്ഛേദിക്കപ്പെട്ട നിലയില്‍ ഹംസ(റ.അ)യുടെ ജനാസ.
നബി തങ്ങള്‍ പൊട്ടിക്കരഞ്ഞു. 'ഇങ്ങനെയുള്ള ഒരു വിഷമം എനിക്കിന്നേവരെ ഉണ്ടായിട്ടില്ല. ഇതിനേക്കാള്‍ വിഷമം പിടിച്ച സ്ഥലത്ത് ഞാന്‍ നിന്നിട്ടുമില്ല.' അതാ ജിബ്‌രില്‍ പ്രത്യപ്പെട്ടു. 'നബിയെ വിഷമിക്കേണ്ട. ഹംസക്ക് ആകാശത്തില്‍ പ്രത്യേക സ്ഥലം അല്ലാഹു ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മസ്ജിദുല്‍ ഫസഹ്. ഉഹ്ദ് യുദ്ധം കഴിഞ്ഞ നബി തങ്ങള്‍ക്ക് സംഭവിച്ച മുറിവിന്റെ വേദന, സഹാബാക്കള്‍ക്ക് നഷ്ടപ്പെട്ട വേദന എല്ലാം സഹിച്ച് നബി ഉഹ്ദ് മലയുടെ ചെരിവിലെ ഒരു ഭാഗത്തേക്ക് നീങ്ങി. അവിടെയിരുന്ന് ക്ഷീണിതനായി ളുഹറും പിന്നീട് അസറും നിസ്‌കരിക്കുകയായിരുന്നു. കൂടെയുള്ളവരും നബി തങ്ങളെ പിന്തുടര്‍ന്ന് ഇരുന്നായിരുന്നു നിസ്‌കരിച്ചത്. നബി തങ്ങള്‍ ഇരുന്നപ്പോള്‍ സഹാബാക്കളും ചുറ്റുപാടില്‍ നിന്ന് വന്ന് നബി തങ്ങളുടെ സംസാരം കേള്‍ക്കാന്‍ തിരക്ക് കൂട്ടി. എല്ലാവര്‍ക്കും സ്ഥലം പരിമിതമാണ്. അതുകൊണ്ട് വിശാലമായി ഇരുന്നു കൊടുക്കണം. വിശാലത എന്ന് അര്‍ത്ഥമുള്ള പേരാണ് ഫസഹ്. ആ പള്ളിയുടെ ഇടിഞ്ഞ് പൊളിഞ്ഞ് നാമാവശേഷമായി അതിന്റെ ബാക്കി ഭാഗങ്ങള്‍ കാണാം. ഇവിടെ നിന്ന് അല്‍പം ഉയര്‍ന്ന് നില്‍ക്കുന്ന ഒരു ഗുഹ കണ്ടു. ഈ ഗുഹയിലേക്കായിരുന്നു നബി തങ്ങള്‍ ഉഹ്ദ് യുദ്ധത്തില്‍ മുറിവ് പറ്റി ക്ഷീണിതനായി പോയത്. നബി തങ്ങളുടെ മുറിവ് പറ്റിയ കൈകള്‍ ഗുഹയുടെ പുറത്ത് അമര്‍ത്തിയതിന്റെ പാടുകള്‍ സൂക്ഷമമായി നോക്കിയാല്‍ കാണാം. നബി തങ്ങള്‍ വിശ്രമിച്ച ഗുഹ. കുറേ നേരം ഇവിടെയിരുന്നു
(തുടരും)
Shafi Theruvath
writerOther Articles

  പാട്ട് നിര്‍ത്തി പറന്നകന്നു 'മിഹ്‌റാജ് രാവിലെ കാറ്റ്....'

  പതിവു തെറ്റിച്ച് മത്സരിച്ച് വോട്ട് ചെയ്ത് താരങ്ങള്‍

  പെരുവഴിയിലേക്ക് തള്ളിവിട്ട ഒരമ്മയുടെ കഥയുമായി 'നോവ്'

  5 ദിവസം കൊണ്ട് 10 കോടി; ബാലന്‍ വക്കീല്‍ ഹിറ്റിലേക്ക്...

  ഈ പുരസ്‌ക്കാരം എന്നെ സ്‌നേഹിച്ചവര്‍ക്ക്: പത്മഭൂഷണെക്കുറിച്ച് മോഹന്‍ലാല്‍

  നഷ്ടം നിര്‍മ്മാതാക്കള്‍ക്ക്: ബോക്‌സോഫീസില്‍ വീണത് 114 ചിത്രങ്ങള്‍

  ക്രിസ്തുമസ് നവവത്സരത്തിന് യുവതാര ചിത്രങ്ങള്‍

  ഒടിയന്‍ തീയേറ്ററുകളില്‍ പ്രതീക്ഷയോടെ പ്രേക്ഷകര്‍

  രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം

  കട്ടപ്പനയില്‍ നായകന്‍ ആകേണ്ടിയിരുന്നത് മറ്റൊരു നടന്‍ വെള്ളിപ്പെടുത്തലുമായി വിഷ്ണു

  ഓട്ടര്‍ഷ വിശേഷവുമായി സുജിത് വാസുദേവ്...

  ഗോവ ചലച്ചിത്രമേളയില്‍ ആറ് മലയാളസിനിമകള്‍

  ജയന്‍ മറഞ്ഞു പോയിട്ട് 38 വര്‍ഷങ്ങള്‍...

  ഇന്ദ്രന്‍സിനെ അപമാനിച്ചു; പത്രിഷേധവുമായി ആളൊരുക്കം സംവിധായകന്‍

  ഉണ്ടയുമായി മമ്മുട്ടി കാസര്‍കോട്ട്