ദജ്ജാല്‍ തമ്പടിക്കുന്ന ചതുപ്പ് നിലവും മസ്ജിദുല്‍ ഖിബ് ലത്തൈനിയും
നേരിയ തണുപ്പ് അനുഭവപ്പെടുന്നതിനാല്‍ ഉച്ചയോടെ വെയിലിന് കാഠിന്യം കുറവാണ്. നേരെ പോയത് നിരവധി മസ്ജിദുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കാണ് മസ്ജിദുല്‍ ഗമാമ. മേഘമെന്ന് അര്‍ത്ഥമുള്ള പള്ളി. നബി തങ്ങള്‍ മഴയെ തേടിയുള്ള നിസ്‌കാരം നിര്‍വഹിച്ച പള്ളി. മസ്ജിദുല്‍ മുസല്ലയെന്ന പേരുമുണ്ട്.
നബി തങ്ങളുടെ കാലഘട്ടത്തില്‍ പെരുന്നാള്‍ നിസ്‌കാരങ്ങള്‍ നിര്‍വഹിച്ചത് ഈ സ്ഥലത്തായിരുന്നു. രണ്ട് പെരുന്നാളുകള്‍ക്കും നബി തങ്ങള്‍ ഇവിടേക്ക് പുറപ്പെടും. നിസ്‌കാരം നിര്‍വഹിച്ച ശേഷം അഭിമുഖീകരിച്ച് പ്രസംഗിക്കും. തരിശ് ഭൂമിയായിരുന്നു ഇവിടെ. പിന്നീട് ഈ സ്ഥലത്ത് പ്രത്യേകം സ്ഥലം നിര്‍മ്മിക്കുകയും നബി തങ്ങള്‍ മരണം വരെ ഇവിടെ വെച്ച് നിസ്‌കരിക്കുകയും ചെയ്തു. ആറു വര്‍ഷത്തോളമുള്ള പെരുന്നാള്‍ നിസ്‌കാരങ്ങള്‍ നിര്‍വഹിച്ചത് ഇവിടെയായിരുന്നു. മഴയെ ആവശ്യപ്പെട്ട് നബി തങ്ങള്‍ പ്രാര്‍ത്ഥിച്ചതോടെ മഴ വര്‍ഷിക്കുകയായിരുന്നു. മസ്ജിദുല്‍ നബവിയില്‍ നിന്ന് വളരെ അകലെയല്ലാതെ വടക്ക് പടിഞ്ഞാര്‍ ഭാഗത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്. ഹിജ്‌റ ഒന്നാം നൂറ്റാണ്ടിനൊടുവില്‍ ഈ പള്ളി അന്നത്തെ ഭരണാധികാരി ഖലീഫ അബ്ദുല്‍ മാലിക് മനോഹരമായി നിര്‍മ്മിച്ചു.
സെന്‍ട്രല്‍ പോസ്റ്റോഫീസിന് അടുത്ത് സ്ഥിതി ചെയ്യുന്ന പള്ളികളാണ് മസ്ജിദ് ഉമര്‍, അബൂബക്കര്‍ ഉസ്മാന്‍ അലി, മസ്ജിദുല്‍ ഖുബ്ബയുടെ വടക്ക് കിഴക്കായി ഒരു കിലോമീറ്റര്‍ അകലെയുള്ള ഷാഹിസ്‌കൂളിന് സമീപമുള്ള കിണറിനരികിലെത്തി. 'ബിഅര്‍ഗര്‍സ്' നബി തങ്ങള്‍ ഈ കിണറില്‍ നിന്ന് വെള്ളം കുടിക്കുകയും വുളു ചെയ്യുകയും വുളു ചെയ്ത ബാക്കി വെള്ളം നബി തങ്ങള്‍ ഈ കിണറിലേക്ക് ഒഴിക്കുകയും ചെയ്തിരുന്നു. നബി തങ്ങള്‍ക്ക് സമ്മാനമായി ലഭിച്ച തേന്‍ ഈ കിണറിലാണ് ഒഴിച്ചത്. 'ഞാന്‍ ഒഫാത്തായാല്‍ ഈ കിണറിലെ വെള്ളമെടുത്ത് എന്നെ കുളിപ്പിക്കണമെന്ന് നബി തങ്ങള്‍ അലി (റ.അ.)യോട് വസിഅത്ത് ചെയ്തിരുന്നു.
നബി തങ്ങള്‍ ഒഫാത്തായ ശേഷം ഈ കിണറിലെ വെള്ളമെടുത്താണ് നബി തങ്ങളെ കുളിപ്പിച്ചത്. ഹിജ്‌റ 700ല്‍ ഈ കിണര്‍ വിശാലമാക്കി. ഈ കിണറിലെ വെള്ളത്തിന് പച്ച നിറമാണ് കാണുന്നത്. ഇപ്പോള്‍ കാണുന്നത് ബിഅ്ര്‍റൂമയാണ്.
നബി തങ്ങള്‍ക്കും സഹാബാക്കള്‍ക്കും അവരുടെ കൂട്ടത്തിലുണ്ടായിരുന്ന പാവപ്പെട്ട സഹാബാക്കള്‍ക്കും ശുദ്ധജലം ആവശ്യമായി വന്നു. ഈ കിണര്‍ അന്ന് ഒരു ജൂതന്റെ കൈവശമായിരുന്നു. വെള്ളം വില കൊടുത്തായിരുന്നു വാങ്ങിയിരുന്നത്. ഒരു പാട്ട വെള്ളത്തിന് ഒരു മുദ്ദ് കാരക്ക എന്ന തോതിലായിരുന്നു മുസ്ലീങ്ങള്‍ക്ക് കുടിക്കുന്നതിന് വേണ്ടി ജൂതന്‍ വെള്ളം നല്‍കിയിരുന്നത്. വിശ്വാസികളുടെ കഷ്ടപ്പാട് മനസ്സിലാക്കിയ നബി തങ്ങള്‍ പറഞ്ഞു.
'ആരെങ്കിലും ഈ കിണര്‍ വാങ്ങി മുസ്ലീംങ്ങള്‍ക്ക് ദാനം ചെയ്താല്‍ പകരം സ്വര്‍ഗത്തിലെ ഒരു അരുവി അവന് സമ്മാനമായി നല്‍കും,' ഇത് കേട്ടതോടെ ഉസ്മാന്‍(റ.അ) ജൂതനുമായി സംസാരിച്ചു. പക്ഷെ, ജൂതന്‍ വില്‍ക്കാന്‍ സമ്മതിച്ചില്ല. ജൂതന്റെ ആവശ്യം ഈ കിണറുമായി ബന്ധപ്പെട്ട് തോട്ടം നനക്കുന്നതിന് ആവശ്യമായിരുന്നു. തോട്ടം നനച്ച ശേഷം ബാക്കി ദിവസങ്ങളില്‍ വെള്ളം നല്‍കാമെന്ന് സമ്മതിച്ചു. ഉസ്മാന്‍ (റ.അ) ആണ് വില കൊടുത്തത്. ഇങ്ങനെ കിണറിലെ വെള്ളം ഉപയോഗിക്കുന്ന സമയത്ത് അവസാനം തോട്ടവും കിണറും വിലകൊടുത്ത് വാങ്ങുകയായിരുന്നു. ഈ കിണറും തോട്ടവും ഇന്നും കാണാം. തോട്ടത്തില്‍ നിന്ന് വിളയിച്ചെടുക്കുന്ന കാര്‍ഷിക വിളകള്‍ നമ്മുടെ നാട്ടില്‍ ഉല്‍പാദിക്കപ്പെടുന്നത് പോലെയാണ്. ഈ കിണറിലെ വെള്ളം ഇപ്പോള്‍ പരിസരവാസികള്‍ക്ക് സുലഭമായി വിതരണം ചെയ്യുന്നു.
മദീനയില്‍ നിന്ന് ഏകദേശം 35 കി.മി സഞ്ചരിച്ച് ജര്‍ഫിന്റ ഭാഗത്ത് എത്തി. അത്ഭുതകരമായ കാഴ്ചയാണ് ഇവിടെ കാണാനാകുന്നത്. വാഹനങ്ങള്‍ ന്യൂട്രലാക്കി നിര്‍ത്തിയാല്‍ വാഹനം സ്വയം ചലിക്കുകയായി. പിന്നീട് സ്പീഡ്കൂടി പ്രത്യേക ഒരാകര്‍ഷണ വസ്തുപോലെ ചലിക്കുന്ന അത്ഭുതകരമായ കാഴ്ച കാണാം.
മദീനയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള അല്‍ജറഫിലേക്കെത്തി. ഉഹ്ദ് യുദ്ധത്തിന് പുറപ്പെടുന്നതിന് മുമ്പ് മുസ്ലിം സൈന്യം ഒരുമിച്ച് കൂടിയത് ഇവിടെയായിരുന്നു. അവസാനകാലത്ത് ദജ്ജാലും അവന്റെ സൈന്യവും മദീനക്ക് വേണ്ടി മദീനക്കാരുമായി യുദ്ധം ചെയ്യണമെന്ന ഉദ്ദേശത്തോട് കൂടി ഇറങ്ങി വരുന്നത് അല്‍ജറഫിലെ ചതുപ്പ് ഭൂമിയിലേക്കാണെന്ന് ചരിത്ര രേഖകളിലുണ്ട്. അല്‍ജറഫിന്റെ വടക്കേ അറ്റത്തുള്ള വാതില്‍ കടക്കാന്‍ ദജ്ജാലിന് കഴിയില്ല. അവന്റെ മുഖം സിറിയയുടെ ഭാഗത്തേക്ക് തിരിക്കും. അങ്ങനെ അവിടെവെച്ച് ദജ്ജാല്‍ നശിക്കുമെന്നാണ് നബി തങ്ങളുടെ പ്രവചനം.
നബി തങ്ങള്‍ ഒരു ദിവസം ഇവിടെ വെച്ച് ജനങ്ങളോട് പ്രസംഗിക്കുകയായിരുന്നു. പ്രസംഗത്തിനിടയില്‍ രക്ഷയുടെ ദിവസമെന്ന് നബി തങ്ങള്‍ മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. സദസില്‍ നിന്ന് എന്താണ് രക്ഷയുടെ ദിവസമെന്ന് ചോദിച്ചപ്പോള്‍ 'ദജ്ജാല്‍ വന്ന് ഉഹ്ദ് പര്‍വ്വതത്തിന് മുകളില്‍ നില്‍ക്കും. അപ്പോള്‍ അവന്‍ മദീന നഗരം കാണും. കൂട്ടാളികളോട് പറയും. നിങ്ങള്‍ അതാ അങ്ങോട്ട് നോക്കു. അവിടെയൊരു വെള്ള കൊട്ടാരം കാണുന്നില്ലേ? അതാണ് അഹമ്മദിന്റെ പള്ളി. പിന്നീട് ദജ്ജാല്‍ മദീനയിലേക്ക് വരും. അപ്പോള്‍ ഓരോ ഗേറ്റിനടുത്തും മലക്കുകളുണ്ടാകും. ആ മലക്കുകളെ കാണുന്ന ദജ്ജാല്‍ ഏറ്റുമുട്ടാന്‍ കഴിയാതെ പിന്തിരിയും. പിന്നീട് തിരിച്ച് അല്‍ജറഫയിലെ ചതുപ്പ് ഭൂമിയില്‍ തമ്പടിക്കും. അന്നേരം മദീന നഗരം മൂന്ന് തവണ വിറക്കും. ഇങ്ങനെ മദീന വിറക്കുന്ന സമയത്ത് മദീനയിലുണ്ടാകുന്ന കപട വിശ്വാസികള്‍ ദജ്ജാലിന്റെ അടുത്തേക്ക് പുറപ്പെടും. അതോടെ മദീന സംശുദ്ധമാകും.' അതാണ് രക്ഷയുടെ ദിവസമെന്നാണ് നബി തങ്ങള്‍ നല്‍കിയ മറുപടി.
മസ്ജിദുല്‍ ഇബ്രാഹിമിന്റെ അടുത്തെത്തി. നബി തങ്ങള്‍ക്ക് നാരിയത്തുല്‍ ഖിബ്ത്തിയ എന്ന ഭാര്യയിലുണ്ടായ മകന്‍ ഇബ്രാഹിം(റ.അ) ജനിച്ച സ്ഥലം. നാരിയത്തുല്‍ ഖിബ്തിയയുടെ തോട്ടമുണ്ടായ സ്ഥലം. ഇപ്പോള്‍ ഇവിടെ തോട്ടമില്ല. നബി തങ്ങള്‍ ഭാര്യമാരെ വിട്ട് ഒരു മാസത്തോളം നിസ്‌കാരത്തിലും പ്രാര്‍ത്ഥനയിലും കഴിഞ്ഞിരുന്ന സ്ഥലം. മസ്ജിദുനബവിയില്‍ നിന്ന് മൂന്ന് കി.മിയാണ് ദൂരം. ഇവിടെയൊരു കിണറുമുണ്ട്.
മസ്ജിദുറായ ഖുബ്ബാവ് മല എന്നറിയപ്പെടുന്ന റായത്തുല്‍ മദീനയാണിത്. യുദ്ധത്തിനുള്ള അനുമതിയായി മുസ്ലീങ്ങള്‍ക്ക് നബി തങ്ങളുടെ റായ അഥവ പതാക കാണിച്ചുകൊടുക്കാറുള്ളത് ഈ മലയില്‍ വെച്ചായിരുന്നു. അതാണ് പതാക എന്ന പേരില്‍ പള്ളി അറിയപ്പെടുന്നത്. ഖംദ്ദക്ക് യുദ്ധം നടക്കുന്ന സമയം നബി തങ്ങള്‍ നിസ്‌കരിച്ചിരുന്നത് ഇവിടെയാണ്.
മസ്ജിദുല്‍ ഖുത്ബാനുബ്‌നു മാലിക് ചെറിയ പള്ളി. പഴയകാലത്ത് അന്‍സാരി സഹാബിയുടെ വീടായിരുന്നു ഇത്. അവര്‍ക്ക് കാഴ്ചക്കുറവ് അനുഭവപ്പെട്ടപ്പോള്‍ പള്ളിയിലേക്ക് പോകാന്‍ വിഷമം നേരിട്ടു. ഇവിടെ വെച്ച് അദ്ദേഹത്തിന് നിസ്‌കരിക്കാന്‍ താല്‍പര്യമുണ്ടായി, നബി തങ്ങളോട് പറഞ്ഞപ്പോള്‍ വീട്ടിലേക്ക് അബൂബക്കര്‍ സിദ്ദിഖിന്റെ(റ.അ) കൂടെ നബി തങ്ങള്‍ കയറിവന്നു. രണ്ട് റക്കഅത്ത് സുന്നത്ത് നിസ്‌കരിച്ചു, പിന്നീട് പള്ളി നിര്‍മ്മിക്കുകയായിരുന്നു. ബറാത്തുല്‍ നജ്ജാം എന്നും അറിയപ്പെടുന്നു. നബി തങ്ങളുടെ ഉമ്മയുടെ കുടുംബത്തിലുള്ള കുട്ടികളായിരുന്നു ബറാത്തുല്‍ നജാം. നബി തങ്ങള്‍ മദീനയിലേക്ക് ഹിജ്‌റ വന്ന സമയത്ത് ഇവരായിരുന്നു നബി തങ്ങളെ ബൈത്തുകള്‍ ചൊല്ലി സ്വീകരിച്ചത്.
കുറച്ചുകൂടി നടന്നു. മസ്ജിദുല്‍ ഖിബ്‌ലത്തൈനി.
വിശുദ്ധ ഇസ്ലാമിന്റെ ചരിത്രത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന സ്ഥലം. ഇസ്ലാമിന്റെ ആരാധനകളിലൊന്നായ അതിപ്രധാനമായ അഞ്ചുനേരത്തെ നിസ്‌കാരം. ആ നിസ്‌കാരത്തിനുള്ള ഖിബ്‌ലയുടെ ദിശ മാറ്റിയ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച പള്ളി.
നബി തങ്ങള്‍ മക്കയില്‍ നിന്ന് ഹിജ്‌റ പോയി മദീനയിലെത്തി പതിനേഴ് മാസക്കാലം ജറുസലേമിലെ ബൈത്തുല്‍ മുഖദ്ദസിലേക്ക് തിരിച്ചായിരുന്നു നിസ്‌കരിച്ചിരുന്നത്. നബി തങ്ങള്‍ക്ക് കഅ്ബ ഷരീഫിനോടുള്ള ആത്മബന്ധം വളരെ വലുതായിരുന്നു.
ഖിബ്‌ലയായി കഅ്ബ ഷരീഫ് ലഭിച്ചിരുന്നെങ്കില്‍ എന്ന് അതിയായി ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം മനസ്സിലാക്കിയ അല്ലാഹു ഖിബ്‌ല ബൈത്തുല്‍ മുഖദ്ദസില്‍ നിന്ന് കഅ്ബയിലേക്ക് തിരിക്കാന്‍ നബി തങ്ങളോട് ആവശ്യപ്പെടുകയായിരുന്നു. (വിശുദ്ധ ഖുര്‍ആനിലെ അല്‍-ബഖറ സൂറത്തില്‍ കാണാം)
ളുഹര്‍ നിസ്‌കാരത്തിന് സമയമായപ്പോള്‍ നബി തങ്ങള്‍ എത്തി നിസ്‌കാരം നിര്‍വഹിച്ചു കൊണ്ടിരുന്നു. രണ്ട് റക്കഅത്ത് പിന്നിട്ടപ്പോള്‍ മലക്ക് ജിബ്‌രില്‍(റ.അ) വന്ന് കൊണ്ട് ഓതിക്കൊടുത്തു.
വളരെ സന്തോഷത്തോടെ ബാക്കിയുള്ള രണ്ട് റക്കഅത്ത് നിസ്‌കാരം റൗളാഷരീഫിലേക്ക് തിരിഞ്ഞ് കൊണ്ട് നിസ്‌കരിക്കുകയായിരുന്നു. പിന്നിലുണ്ടായിരുന്ന സഹാബാക്കള്‍ അതുപോലെ നിസ്‌കരിച്ചു. ഒരേ നിസ്‌കാരത്തില്‍ രണ്ട് ഖിബ്‌ല, രണ്ട് റക്കഅത്ത് തിരിഞ്ഞ് കൊണ്ട് നിസ്‌കരിച്ചു. അങ്ങനെ രണ്ട് ഖിബ്‌ലയിലേക്കും ഒരേ നിസ്‌കാരം തിരിഞ്ഞ് നിസ്‌കരിച്ച മഹത്തായ സംഭവം അരങ്ങേറിയ പള്ളി.
അസര്‍ നിസ്‌കാരത്തിനിടയിലാണെന്നും അഭിപ്രായമുണ്ട്. ഫഹദ് രാജാവിന്റെ കാലഘട്ടത്തിലാണ് ഈ പള്ളിയുടെ പുനര്‍ നിര്‍മ്മാണവും വികസനവും നടന്നത്.
ഓരോ പള്ളികളിലും എത്തി ചരിത്രങ്ങള്‍ അയവിറക്കിയപ്പോള്‍ സമയം പിടിവിടുകയാണ്.
മസ്ജിദ് ജുമുഅ, മസ്ജിദ് മുസ്തറാഫ്, മസ്ജിദ് ഫത്ഹ്, മസ്ജിദ് ഇജാബ... അങ്ങനെ നിരവധി പള്ളികള്‍ അതൊക്കെ കാണണമെന്ന് ആഗ്രമുണ്ടായിരുന്നെങ്കിലും സമയക്കുറവ് അനുവദിച്ചില്ല.
(തുടരും)
Shafi Theruvath
writerOther Articles

  പാട്ട് നിര്‍ത്തി പറന്നകന്നു 'മിഹ്‌റാജ് രാവിലെ കാറ്റ്....'

  പതിവു തെറ്റിച്ച് മത്സരിച്ച് വോട്ട് ചെയ്ത് താരങ്ങള്‍

  പെരുവഴിയിലേക്ക് തള്ളിവിട്ട ഒരമ്മയുടെ കഥയുമായി 'നോവ്'

  5 ദിവസം കൊണ്ട് 10 കോടി; ബാലന്‍ വക്കീല്‍ ഹിറ്റിലേക്ക്...

  ഈ പുരസ്‌ക്കാരം എന്നെ സ്‌നേഹിച്ചവര്‍ക്ക്: പത്മഭൂഷണെക്കുറിച്ച് മോഹന്‍ലാല്‍

  നഷ്ടം നിര്‍മ്മാതാക്കള്‍ക്ക്: ബോക്‌സോഫീസില്‍ വീണത് 114 ചിത്രങ്ങള്‍

  ക്രിസ്തുമസ് നവവത്സരത്തിന് യുവതാര ചിത്രങ്ങള്‍

  ഒടിയന്‍ തീയേറ്ററുകളില്‍ പ്രതീക്ഷയോടെ പ്രേക്ഷകര്‍

  രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം

  കട്ടപ്പനയില്‍ നായകന്‍ ആകേണ്ടിയിരുന്നത് മറ്റൊരു നടന്‍ വെള്ളിപ്പെടുത്തലുമായി വിഷ്ണു

  ഓട്ടര്‍ഷ വിശേഷവുമായി സുജിത് വാസുദേവ്...

  ഗോവ ചലച്ചിത്രമേളയില്‍ ആറ് മലയാളസിനിമകള്‍

  ജയന്‍ മറഞ്ഞു പോയിട്ട് 38 വര്‍ഷങ്ങള്‍...

  ഇന്ദ്രന്‍സിനെ അപമാനിച്ചു; പത്രിഷേധവുമായി ആളൊരുക്കം സംവിധായകന്‍

  ഉണ്ടയുമായി മമ്മുട്ടി കാസര്‍കോട്ട്