കഥ പറയുന്പോള്‍
ഏഴ് പതിറ്റാണ്ടിന്‍റെ പഴക്കമല്ല, തിളക്കമാണ് തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്. ഒരു ദേശത്തിന് തന്നെ അറിവിന്‍റെയും സംസ്കാരത്തിന്‍റെയും അച്ചടക്കത്തിന്‍റെയും ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കി അഭിമാനകരമായ പ്രയാണവഴിയില്‍ ഏഴ് പതിറ്റാണ്ടുകള്‍ പിന്നിടുന്പോഴും കിതപ്പല്ല, കുതിപ്പിന്‍റെ തിളക്കമാണ് മുസ്ലിംഹൈസ്കൂളിന്.
തളങ്കര ഗവ. മുസ്ലിം ഹൈസ്കൂള്‍ 70-ാം വാര്‍ഷികം ആഘോഷിക്കുന്പോള്‍ പിന്നിട്ട വഴിയില്‍ ആരുടെയൊക്കെയോ കഠിനാധ്വാനത്തിന്‍റെ വിയര്‍പ്പുതുള്ളികള്‍ കാണാം. പാട്ടുപാടി പാട്ടപ്പിരിവ് നടത്തിയും കുട്ടികള്‍ക്ക് സൌജന്യ ഉച്ചക്കഞ്ഞിയും യൂണിഫോമും നല്‍കിയും തളങ്കരയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വേണ്ടി നടത്തിയ ത്യാഗങ്ങള്‍ ആ വഴികളില്‍ കാണാം.
1944ലാണ് മുസ്ലിം ഹൈസ്കൂള്‍ സ്ഥാപിതമാകുന്നത്. അക്ഷരജ്ഞാനത്തോട് മുഖം തിരിച്ചിരുന്ന ഒരു സമൂഹത്തിനിടയിലാണ് സ്കൂള്‍ സ്ഥാപിതമായത്. ആരൊക്കെയോ ചേര്‍ന്ന് നട്ട ഈ വിദ്യാമാവിന് വെള്ളം കോരിയൊഴിക്കാനല്ല കരിച്ചുകളയാനായിരുന്നു ആദ്യകാലങ്ങളില്‍ ചിലരെങ്കിലും ശ്രമിച്ചിരുന്നുവെന്നതും മറച്ചുവെക്കാനാവില്ല.
1942ല്‍ മുഇസ്സുല്‍ ഇസ്ലാം സംഘത്തിന്‍റെ സില്‍വര്‍ ജൂബിലി ആഘോഷ വേളയില്‍ മുഇസ്സുല്‍ ഇസ്ലാം ഹയര്‍ എലിമെന്‍ററി സ്കൂളിനെ ഒരു ഹൈസ്കൂളായി ഉയര്‍ത്തിക്കൂടെ എന്ന അഭിപ്രായം ഉയരുന്നതോടെയായിരുന്നു മുസ്ലിം ഹൈസ്കൂളിന്‍റെ ആരംഭത്തിനുള്ള ആലോചന. അന്ന് കാസര്‍കോട്ട് കന്നഡ മീഡിയം സ്കൂളുകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. മലയാളം മീഡിയം സ്കൂളുകള്‍ ഇല്ലാത്തതിനാല്‍ കുട്ടികള്‍ അനുഭവിച്ചിരുന്ന ബുദ്ധിമുട്ട് ചെറുതായിരുന്നില്ല. ഹൈസ്കൂളാക്കാനുള്ള നിര്‍ദ്ദേശത്തെ ഏകകണ്ഠേനയാണ് മുഇസ്സുല്‍ ഇസ്ലാം സംഘം സില്‍വര്‍ ജൂബിലി ആഘോഷക്കമ്മിറ്റി ഏറ്റെടുത്തത്. ഇതേ തുടര്‍ന്ന് അബ്ദുല്‍ അസീസ് ഹാജി, ഇസഹാഖ് സേട്ട് എം.എല്‍.എ എന്നിവരുടെ മേല്‍നോട്ടത്തില്‍ സ്കൂള്‍ കമ്മിറ്റിക്ക് നേതൃത്വം നല്‍കുകയുണ്ടായി. മഹമൂദ് ശംനാടായിരുന്നു പ്രസിഡണ്ട്. തളങ്കര മമ്മുഞ്ഞി, പി.എം മുഹമ്മദ് കുഞ്ഞി ഹാജി, പി.എ ഹസ്സന്‍ കുട്ടി, പൊയക്കര അബ്ദുല്‍ റഹ്മാന്‍, ടി. ഉബൈദ് തുടങ്ങിയവരായിരുന്നു കമ്മിറ്റിയിലെ പ്രമുഖര്‍.
മദ്രാസ് ഗവണ്‍മെന്‍റിന്‍റെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന സ്റ്റാറ്റമിക്ക് ഈ കമ്മിറ്റി ഒരു നിവേദനം നല്‍കി. സ്റ്റാറ്റമിയാണ് ഹൈസ്കൂളിന് അനുമതി നല്‍കികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്. കാസര്‍കോട് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയുടെ 3.98 ഏക്കര്‍ സ്ഥലം സ്കൂള്‍ നിര്‍മ്മാണത്തിനും കളിസ്ഥലത്തിനും വേണ്ടി നല്‍കുകയും ചെയ്തു. സ്കൂളിന്‍റെ പേര് മാറ്റുകയാണെങ്കില്‍ സ്ഥലവും കെട്ടിടങ്ങളും പള്ളിക്ക് തിരികെ നല്‍കണമെന്ന നിബന്ധനയോടെയായിരുന്നു ഇത്. 1944ല്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
സി.ഒ ബപ്പന്‍കേയി ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. 1944 മുതല്‍ 59 വരെ അദ്ദേഹം ആ പദവിയിലിരുന്നു. ആദ്യ വര്‍ഷം തന്നെ 130 കുട്ടികളെ കിട്ടിയത് അതിരറ്റ ആഹ്ലാദം പകര്‍ന്നു. ഇതില്‍ 128ഉം ആണ്‍കുട്ടികളായിരുന്നു. രണ്ടേ രണ്ട് പെണ്‍കുട്ടികളും. മുസ്ലിം ഹൈസ്കൂളിന്‍റെ രജിസ്ട്രറിലെ ആദ്യ പേരുകാരന്‍ ഒരു സി. മൊയ്തീന്‍ ആണ്. രജിസ്റ്ററില്‍ ഇങ്ങനെയാണ് വിലാസമുള്ളത്; സി. മൊയ്തീന്‍ /ീ ഇസ്മയില്‍, ചിത്താരി, കള്‍ട്ടിവേറ്റര്‍. രണ്ടാമത്തെ വിദ്യാര്‍ത്ഥി പി. മുഹമ്മദ് കുഞ്ഞി ര/ീ ഇമാം, തളങ്കര. മറ്റൊരു വിദ്യാര്‍ത്ഥി എം. ഗോപാലന്‍ നന്പ്യാര്‍ /ീ കുമാരന്‍ നായര്‍. പ്രഥമ ബാച്ചിലെ വിദ്യാര്‍ത്ഥികളില്‍ പില്‍കാലത്ത് കാസര്‍കോട് നഗരസഭയുടെ ചെയര്‍മാനായിരുന്ന കെ. സുലൈമാന്‍ ഹാജി, തളങ്കര മുണ്ടപ്പതി റോഡിലെ എം.കെ അബ്ദുല്ലയുടെ മകന്‍ എം.കെ മുഹമ്മദ് കുഞ്ഞി, തളങ്കരയിലെ എന്‍. മൂസാന്‍ കുഞ്ഞിയുടെ മകള്‍ എ. ആയിഷാബി എന്നിവര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. ടി.چഉബൈദിന്‍റെ മകള്‍ സുഹ്റാ ബീവിയായിരുന്നു ആദ്യ ബാച്ചിലെ മറ്റൊരു പെണ്‍കുട്ടി.
പി.ടി.എ പ്രസിഡണ്ടായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ച, കാസര്‍കോടിന്‍റെ വിദ്യാഭ്യാസ-മത-സാംസ്കാരിക-സാമൂഹിക രംഗങ്ങളിലെല്ലാം നിറഞ്ഞുനിന്നിരുന്ന കെ.എസ് അബ്ദുല്ലയടക്കം 73 പേരാണ് തൊട്ടടുത്ത വര്‍ഷം (1945ല്‍) മുസ്ലിം ഹൈസ്കൂളില്‍ വിദ്യാര്‍ത്ഥികളായി എത്തിയത്. ആ വര്‍ഷം ഒരു പെണ്‍കുട്ടി മാത്രമെ ഉണ്ടായിരുന്നുള്ളു. 1946ല്‍ 76 വിദ്യാര്‍ത്ഥികള്‍ പുതുതായി ചേര്‍ന്നുവെങ്കിലും 1947ല്‍ എല്ലാം തകിടം മറഞ്ഞു. അക്കൊല്ലം ആകെ പ്രവേശനത്തിന് എത്തിയത് 28 വിദ്യാര്‍ത്ഥികള്‍ മാത്രമായിരുന്നു. എല്ലാവരും ആണ്‍കുട്ടികളും.
പിന്നെപ്പിന്നെ നിരന്തരമായ ശ്രമഫലമായി വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടിവന്നു. ലക്ഷദ്വീപില്‍ നിന്നടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ മുസ്ലിം ഹൈസ്കൂളില്‍ പഠിതാക്കളായി എത്തി. മുസ്ലിം ഹൈസ്കൂള്‍ ഗ്രൌണ്ടിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ഹോസ്റ്റലില്‍ താമസിച്ചാണ് അവര്‍ പഠനം നടത്തിയിരുന്നത്. 60കളുടെ അവസാനത്തോടെ വിദ്യാര്‍ത്ഥികളുടെ എണ്ണം പൊടുന്നനെ കുറഞ്ഞു. 1969ല്‍ സ്കൂളിന്‍റെ സില്‍വര്‍ ജൂബിലി ആഘോഷിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയായിരുന്നു മുഖ്യാതിഥി. കുട്ടികളുടെ എണ്ണം ഇങ്ങനെ കുറഞ്ഞാല്‍ സ്കൂള്‍ പൂട്ടേണ്ടിവരുമെന്നും കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തിയേ തീരു എന്നും സി.എച്ച് പറഞ്ഞതോടെ അതിനുള്ള ശ്രമമായി പിന്നെ. കെ.എസ് അബ്ദുല്ലയുടെ നേതൃത്വത്തില്‍ മുസ്ലിം സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യമായി ഉച്ചക്കഞ്ഞി ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ ഉച്ചക്കഞ്ഞി എന്ന ആശയം ചിന്തിക്കുന്നതിനും എത്രയോ മുന്പായിരുന്നു അത്. കുട്ടികള്‍ക്ക് സൌജന്യമായി യൂണിഫോമും നല്‍കി. കാലക്രമേണ വിദ്യാര്‍ത്ഥികളുടെ അംഗബലം ഉയരുകയും 1800 ഓളം കുട്ടികള്‍ പഠിക്കുന്ന വലിയൊരു സ്ഥാപനമായി മുസ്ലിം ഹൈസ്കൂള്‍ വളരുകയും ചെയ്തു.
പഠന നിലവാരത്തില്‍ പലപ്പോഴും ഏറ്റക്കുറച്ചലുകള്‍ ഉണ്ടായെങ്കിലും എസ്.എസ്.എല്‍.സി വിജയശതമാനം 2.6ലേക്ക് മൂക്കുകുത്തി വീണുപോയ അവസരവും ഉണ്ടായിരുന്നു. 1995ലാണത്. മുസ്ലിം ഹൈസ്കൂളിന്‍റെ എറ്റവും മോശപ്പെട്ട ചരിത്രം എഴുതിചേര്‍ക്കപ്പെട്ട വര്‍ഷമായിരുന്നു അത്. മുടന്തിയാണ് പിന്നീട് ആ നാണക്കേടില്‍ നിന്ന് പതുക്കെ എണീറ്റ് വന്നത്. 1994ല്‍ 7.7ഉം 96ല്‍ 5.88ഉം 97ല്‍ 10.03ഉം 98ല്‍ 9.44ഉം ആയിരുന്നു മുസ്ലിം ഹൈസ്കൂളിലെ എസ്.എസ്.എല്‍.സി വിജശതമാനം.
ആ വീഴ്ചയില്‍ നിന്നാണ് അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പി.ടി.എ-ഒ.എസ്.എ കമ്മിറ്റികളുടെയും ആത്മാര്‍ത്ഥമായ ശ്രമഫലമായി ഒടുവിലിപ്പോള്‍ വിജയശതമാനം 100 മേനിയിലെത്തിയത്. തുടര്‍ച്ചയായി മൂന്ന് തവണ ആ വിജയം ചൂടി ഹാട്രികിന്‍റെ മധുരം നുകരാനും മുസ്ലിം ഹൈസ്കൂളിന് ഭാഗ്യമുണ്ടായി. സ്കൂളിലെ പച്ചക്കറിത്തോട്ടങ്ങളുടെ ഹരിതഭംഗി കണ്ണിനും ഹൃദയത്തിനും പകരുന്ന കുളിര്‍മ്മ ചെറുതല്ല. കെ.എ.എം ബഷീര്‍ വോളിബോളിന്‍റെ നേതൃത്വത്തില്‍ പി.ടി.എ കമ്മിറ്റി നടത്തിയ വിപ്ലവാത്മകമായ മുന്നേറ്റം കുട്ടികളും സമൂഹവും ഒരു പോലെ അനുഭവിക്കുകയാണിപ്പോള്‍. ആ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി സംസ്ഥാനത്ത് മികച്ച പി.ടി.എക്കുള്ള രണ്ടാം സ്ഥാനം മാറോടണക്കാനും മുസ്ലിം ഹൈസ്കൂള്‍ പി.ടി.എ കമ്മിറ്റിക്ക് ഭാഗ്യമുണ്ടായി.
പഠന നിലവാരം ഉയര്‍ത്തുക മാത്രമല്ല, സ്കൂളിന്‍റെ ഭൌതിക സാഹചര്യങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ വളര്‍ത്തിക്കൊണ്ടുവരാനും കഴിഞ്ഞു. നഗരസഭ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ലയുടേയും വാര്‍ഡ് കൌണ്‍സിലര്‍ എ. അബ്ദുല്‍ റഹ്മാന്‍റെയും നേതൃത്വത്തില്‍ സ്കൂളിന് യഥേഷ്ടം കെട്ടിടങ്ങള്‍ അനുവദിച്ച് കിട്ടിയത് സ്കൂളിന്‍റെ പ്രയാണവഴിയില്‍ വലിയ തോതിലുള്ള ഗുണം ചെയ്തിട്ടുണ്ട്.


Comments
Good article
- Hassan Kutty ,Muscat


article is remebering thier efforts build education for kasaragod and other area students.pls check name of founders .p.a.hassan kutty i think T.Hasasn Kutty he was general secretary muisul islam.(Thalangara Majeed father)
- ahammed mujeeb ,thalangara
T.A.Shafi
The writer is the sub editor of Utharadesam DailyOther Articles

  എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിയാകുമോ?

  മഹല്ലുകള്‍ ഉണരട്ടെ; സമൂഹക്ഷേമത്തിനായി

  കണ്ണാടിപ്പള്ളി പറഞ്ഞുതന്ന നല്ല പാഠങ്ങള്‍...

  കാത്തിരിപ്പ് ഇനി രണ്ടാഴ്ച

  കൂടിയ പോളിംഗ് ആരെ തുണക്കും

  എങ്ങനെയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്?

  ആ അക്ഷരപ്പുഴ വറ്റി

  അബ്ദുല്‍ അസീസ്: കായിക മേഖലയെ ഉണര്‍ത്തിയ സംഘാടകന്‍

  കാസര്‍കോടിന്റെ മോഡറേറ്റര്‍

  ജസ്റ്റിസ് ഫാറൂഖ്; നീതിബോധത്തിന് തിളക്കം കൂട്ടിയ ന്യായാധിപന്‍

  കെ.ജി.റസാഖ് ഇപ്പോഴും എഴുതുകയാണ്...

  പി.ബി അബ്ദുല്‍ റസാഖ് ഓര്‍മ്മകളില്‍...

  ചരിത്രത്തോടൊപ്പം നടന്നൊരാള്‍...

  ചൂടപ്പം പോലെ സുഹ്‌റത്ത് സിതാരയുടെ നോവല്‍; പ്രമുഖരുടെ കയ്യടി

  പ്രളയാനന്തരം ഓണവും ബക്രീദും