കത്തിയെരിയുന്ന അറബ് ലോകം
പ്രത്യക്ഷമായ അധിനിവേശം ലോകത്ത് നിന്ന് ഇല്ലാതായി വന്നിട്ട് ആണ്ടുകള്‍ പിന്നിടുന്പോഴും അവര്‍ വിത്ത് പാകിയതിന്‍റെ വിളവെടുപ്പാണ് ഇന്ന് മിക്ക രാജ്യങ്ങളില്‍ നിന്നും അലയടിച്ചു കേള്‍ക്കുന്നത്. പശ്ചിമേഷ്യയും ആഫ്രിക്കയിലെ വടക്കന്‍ രാജ്യങ്ങളും ഉള്‍പ്പെടുന്ന അറബ് നാഗരികത ചരിത്രത്തില്‍ കാണാത്ത വിധം ദുരിതം പേറി നടക്കുന്ന ഒരു അവസ്ഥയാണ് ഇന്ന് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. അറബ് വസന്തം എന്ന് ഓമന പേരിട്ട് വിളിച്ച ഭരണമാറ്റ പ്രക്രിയയും അനാവശ്യമായുള്ള അന്താരാഷ്ട്ര ഇടപെടലുമാണ് അറബ് മേഖലയിലെ ഇസ്ലാമിക രാഷ്ട്രങ്ങളുടെ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കിതീര്‍ത്തത്. മതപരമായി നിലനില്‍ക്കുന്ന സുന്നീ-ശിയാ ഭിന്നതയും മറ്റു വംശ-ഗോത്ര തര്‍ക്കങ്ങളും ഈ മേഖലയിലെ അരക്ഷിതാവസ്ഥയ്ക്കുള്ള നിത്യ കാരണമാണ്.
കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി യമനില്‍ ഹൂത്തി വിമതര്‍ ശക്തിപ്രാപിച്ചു വരികയായിരുന്നു. വടക്ക് യമനിലെ സഅദ മേഖലയെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നും വലിയ അളവിലുള്ള തൊഴിലില്ലായ്മയും സാന്പത്തിക പിന്നോക്കാവസ്ഥയും ഭരണ കൂടത്തിന്‍റെ പരാജയമാണെന്നുമാരോപിച്ച് കലാപം തുടങ്ങിയ ഹൂത്തികള്‍ പ്രസിഡണ്ടിന്‍റെ കൊട്ടാരം വളയുകയും ഒടുവില്‍ ഗവണ്‍മെന്‍റിന് പാര്‍ലമെന്‍റ് പിരിച്ചുവിടേണ്ടിവരികയും ചെയ്തു. നേരത്തെ അറബ് വസന്ത കാലത്ത് യമന്‍ വിപ്ലവത്തിലൂടെ പ്രസിഡണ്ടായിരുന്ന അലി അബ്ദുല്ല സലേഹ് അധികാരം നഷ്ടപ്പെട്ടപ്പോള്‍ ആ സ്ഥാനത്തേക്ക് പ്രതിപക്ഷ വിപ്ലവകാരികളുടെ സമ്മതത്തോടെ അമേരിക്ക ഉപവിഷ്ടനാക്കിയ അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയാണ് ഇന്ന് സൌദി അറേബ്യയില്‍ അഭയം തേടിയെത്തിയിരിക്കുന്നത്.
ഹൂത്തികളെ തുരത്താന്‍ സൌദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യം യുദ്ധം ആരംഭിച്ചു കഴിഞ്ഞു. വരും നാളുകളില്‍ ശക്തിയാര്‍ജിക്കുമെന്നതിന്‍റെ സൂചനയായിട്ടാണ് യമനില്‍ കഴിയുന്ന വിദേശികളോട് അവരുടെ രാജ്യത്തേക്ക് തിരിച്ച് പോകാന്‍ ആവശ്യപ്പെട്ടത്. പശ്ചിമേഷ്യയിലെ ഖത്തര്‍, യു.എ.ഇ, കുവൈത്ത്, ബഹ്റൈന്‍, ജോര്‍ദ്ദാന്‍, മൊറോക്കോ, സുദാന്‍ എന്നീ രാജ്യങ്ങള്‍ കൂടാതെ അമേരിക്കയും യുദ്ധ മുഖത്ത് സഖ്യസേനക്ക് സഹായവുമായി നിലകൊള്ളുന്നുണ്ട്. എന്നാല്‍ മറുപക്ഷത്ത് ശിയാരാഷ്ട്രമായ ഇറാനും ഹിസ്ബുല്ലയും ഹൂത്തി പോരാളികള്‍ക്ക് ആയുധവും സാന്പത്തിക സഹായവും നല്‍കിവരുന്നു. കൂടാതെ അറബ് വസന്ത കാലത്ത് അധികാരം നഷ്ടപ്പെട്ട പ്രസിഡണ്ട് അലി അബ്ദുല്ല സലേഹും മകന്‍ അഹ്മദ് അലി സലേഹും സൈനിക കമാന്‍ഡറായി ഹൂത്തികളോടൊപ്പമുണ്ട് എന്നത് ഏറെ പ്രതീക്ഷകള്‍ വെച്ചുനീട്ടിയ അറബ് വസന്തത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ്.
അറബ് ലോകത്ത് ആഞ്ഞടിക്കുന്ന മറ്റൊരു കൊടുങ്കാറ്റാണ് ഇസില്‍ അഥവാ ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര പ്രസ്ഥാനം. ഈ ഭീകര പ്രസ്ഥാനത്തിന്‍റെ ഉത്ഭവം (ഒറിജിന്‍) ആഗോള ഭീകരപ്രസ്ഥാനമായ അല്‍ഖായിദയില്‍ നിന്നായിരുന്നു. ഇറാഖില്‍ അമേരിക്ക അധിനിവേശം നടത്തിയ കാലത്ത് സര്‍വ്വോന്മുഖമായ വളര്‍ച്ച പ്രാപിക്കുകയും ശേഷം അമേരിക്ക തന്നെ സ്ഥാപിച്ച നൂറി അല്‍മാലിക്കിയുടെ പാവ ഭരണകൂടത്തെ നിലം പതിപ്പിക്കുകയും ചെയ്യുന്നതില്‍ ഇവര്‍ നടത്തിയ ഇടപെടല്‍ നിര്‍ണ്ണായകമായിരുന്നു. അറബ് വസന്തം സിറിയയില്‍ ശക്തിയാര്‍ജ്ജിച്ച് വന്നിട്ടും ബാഷര്‍ അല്‍ അസദ് എന്ന ശിയാ വിശ്വാസി അധികാരം ഒഴിഞ്ഞ് കൊടുക്കാത്തതും ഇവിടങ്ങളിലെ പോരാളികള്‍ക്ക് ഊര്‍ജ്ജം നല്‍കി. വൈകാതെ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍റ് ലാവന്‍റ് എന്ന പേരില്‍ ഇറാഖും സിറിയയും അടങ്ങുന്ന വിശാലമായ ഒരു പ്രദേശം ഉള്‍പ്പെടുത്തി ഒരു ഇസ്ലാമിക് സ്റ്റേറ്റ് രൂപപ്പെടുത്തുന്നതിലെത്തിനിന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍. സ്വയം പ്രഖ്യാപിത ഖലീഫയും ദേശീയ മുദ്രകളുമായി ഒരു ഭൂ പ്രദേശം നിശ്ചിയിച്ച് പ്രവര്‍ത്തനം ആരംഭിച്ച പ്രസ്ഥാനം ഭീകരതയിലൂടെ ഒരു രാഷ്ട്രം നിര്‍മ്മിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ അല്‍ഖായിദയുടെ ശൃംഖലയെ ബാധിക്കുമെന്ന ഭയത്താല്‍ കഴിഞ്ഞ ജൂലായ് തൊട്ട് ഇസ്ലാമിക് സ്റ്റേറ്റുമായുള്ള എല്ലാ ബന്ധങ്ങളും അല്‍ഖായിദ അവസാനിപ്പിച്ചിരിക്കുകയാണ്. തുടര്‍ന്ന് ഇസിള്‍ എന്നത് ഐ.എസ് എന്ന ചുരുക്കപ്പേരില്‍ അറിയാന്‍ തുടങ്ങി. ലോകത്തിലെ എണ്‍പതിലധികം രാഷ്ട്രങ്ങളില്‍ നിന്നും പ്രാതിനിധ്യമുള്ള പ്രസ്ഥാനമാണ് ഐ.എസ് എന്ന വസ്തുത തിരിച്ചറിയുന്പോള്‍ അറബ് ലോകത്തിന്‍റെ ഭീകര വിരുദ്ധ പോരാട്ടങ്ങള്‍ ഫലം കാണാന്‍ പോകുന്നില്ല എന്ന സൂചനയാണ് നല്‍കുന്നത്.
ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഇന്ന് കൈവരിച്ചിട്ടുള്ള സാന്പത്തികവും മാനുഷികവുമായ ബലം ചെറുതല്ല. മൊസൂളിലേയും തിക്രിത്തിലേയും പ്രധാന ബാങ്കുകളെല്ലാം കൊള്ളയടിച്ച് ഭീമമായ സാന്പത്തിക അടിത്തറ ഐ.എസ് ഉണ്ടാക്കിക്കഴിഞ്ഞു. ഇവരുടെ അധീനതയിലുള്ള പ്രദേശങ്ങളിലെ എണ്ണക്കിണറുകളുടെ എണ്ണം മൂന്നുറിലധികമാണ്. യമനിലേക്കും പരിസര നാടുകളിലേക്കും അന്യായമായ പ്രത്യേക സംവിധാനം വഴി ഇവര്‍ എണ്ണ വില്‍പ്പന നടത്തുന്നു. തട്ടിക്കൊണ്ടുപോയവരെ അധോലോക അവയവ കച്ചവടത്തിനും ലൈംഗീക തൊഴിലിനും ഉപയോഗിക്കുന്നു. ചെറിയ കുട്ടികളെ ആയുധ പരിശീലനം നല്‍കി പോരാളികളാക്കിയെടുക്കുന്നു. ഐ.എസ് സംഘത്തില്‍ തോക്കെടുക്കുന്നവര്‍ക്ക് ഏകദേശം 450 ഡോളര്‍ പ്രതിമാസം നല്‍കുന്നു. ഇവരുടെ പക്കലുള്ള ആയുധ ശേഖരം വളരെ ശക്തിയുള്ളതാണ്. പോരാളികളുടെ മക്കളെ വളര്‍ത്താനും ഗര്‍ഭം ധരിക്കാനും പടിഞ്ഞാറന്‍ നാടുകളില്‍ നിന്ന് അമുസ്ലിം സ്ത്രീകളടക്കം ഐ.എസിനൊപ്പം ഉണ്ട് എന്നത് അത്ഭുതകരമാണ്.
വഹാബി ഇസ്ലാം അല്ലാത്ത വേറെ ഒരാശയത്തോടും സഹിഷ്ണുത കാണിക്കാന്‍ ഐ.എസ് തയ്യാറല്ല. ഇസ്ലാമിക പൈതൃകത്തിന്‍റെ ഈറ്റില്ലമായിരുന്ന ഇറാഖിലേയും സിറിയയിലേയും സ്മാരകങ്ങള്‍ ഇന്ന് കാണാനില്ല. ആലു സൌദിന്‍റെ അധികാരത്തില്‍ അന്ന് സൌദിയില്‍ നടമാടിയ സാംസ്കാരിക ധ്വംസനം തന്നെയാണ് ഇന്ന് ഐ.എസ് ഭീകരര്‍ നടത്തുന്നത് എന്നത് ചരിത്രപരമായ യാഥാര്‍ത്ഥ്യമാണ്. വഹാബിസമാണ് ഇവരുടെ ആശയം എന്നതിന് തെളിവാണ് ഐ.എസ് പിടിച്ചടക്കിയ സ്കൂളുകളില്‍ നിന്ന് സിലബസ് മാറ്റം. അവിടങ്ങളില്‍ അബ്ദുല്‍ വഹാബ് രചിച്ച കിതാബുത്തൌഹീദ് പഠിപ്പിച്ച് വരുന്നു.
ആഫ്രിക്കയിലെ പ്രധാന രാഷ്ട്രങ്ങളില്‍ ഒന്നാണ് നൈജീരിയ. അന്പത് ശതമാനം മുസ്ലിംജനവാസമുള്ള നൈജീരിയയില്‍ വന്‍ തോതിലുള്ള ആക്രമണ പരന്പരകളാണ് ബോക്കോഹറാം അഴിച്ചുവിടുന്നത്. ഒരേ തരത്തിലുള്ള നശീകരണാശയവും പ്രവര്‍ത്ത രീതിയുമുള്ള ബോക്കോഹറാമും ഐ.എസും തമ്മില്‍ കോര്‍ക്കുന്നത് ഈ മേഖലയില്‍ ഉയര്‍ത്തുന്ന ഭീഷണി വര്‍ധിപ്പിക്കുന്നു. നൈജീരിയയില്‍ മുഹമ്മദ് ബുഹാരി പ്രസിഡണ്ടായി തിരഞ്ഞെടുത്തതും ഭീകരവാദത്തെ തകര്‍ക്കുകയാണ് തന്‍റെ പ്രഥമ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചതും പ്രതീക്ഷക്ക് വക നല്‍കുന്നു.
ഇസ്ലാമിക രാഷ്ട്രങ്ങള്‍ യുദ്ധത്തിലും ഏറ്റുമുട്ടലിലും കഴിയട്ടെ എന്ന പാശ്ചാത്യ തന്ത്രത്തിനാണ് ഓട്ടോമന്‍ തകര്‍ച്ചയോടെ ലോകം സാക്ഷ്യം വഹിക്കുന്നത്. ഐ.എസ് ഭീകരരില്‍ നിന്നും പിടിച്ചെടുത്ത ചില ആയുധങ്ങള്‍ അമേരിക്കന്‍ നിര്‍മ്മിതമാണ് എന്ന വസ്തുത പാശ്ചാത്യ മാധ്യമങ്ങള്‍ തന്നെ സമ്മതിക്കുന്പോള്‍ 'മേഖലിലെ സമാധാനം' ആഗ്രഹിച്ച് അമേരിക്ക നടത്തുന്ന മിസൈലാക്രമണം സംശയിക്കേണ്ടിയിരിക്കുന്നു. ഉദാരവല്‍ക്കരണത്തിന് പ്രാധാന്യമുള്ള പുതിയ ലോകക്രമത്തില്‍ സ്ഥിരതയുള്ള ഒരു അറബ് സഹകരണം കാലം ആവശ്യപ്പെടുന്നു. ചുട്ടുപൊള്ളുന്ന മണലാണ് ഭൂപ്രകൃതിയെങ്കില്‍ അതിനകത്തുള്ള എണ്ണ ഖനിയാണ് ലോകത്തിന് മുന്പില്‍ അറബിക്ക് വില ഇടുന്നത്. അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന ഇറാന്‍ ആണവ കരാര്‍ യാഥാര്‍ത്ഥ്യമായതോടെ കാലങ്ങളായി സമാധാന ചര്‍ച്ചകളില്‍ നിന്നും വിട്ടുനിന്ന ശിയാ വിഭാഗത്തിന്‍റെ പ്രാതിനിധ്യം അന്താരാഷ്ട്ര വേദികളിലുണ്ടാവുമെന്നും അതിനനുസരിച്ചുള്ള അന്താരാഷ്ട്ര നീക്കങ്ങള്‍ പുതിയ വസന്തത്തിന് വഴിതെളിക്കും എന്നതും അറബ് മേഖലയില്‍ നിന്നും പ്രതീക്ഷ നല്‍കുന്ന പുതിയ വര്‍ത്തമാനമാണ്.
muhammed noorudheen
writterOther Articles